ദോഹ: ഖത്തറിലെ ജയിലിൽ 411 ഇന്ത്യൻ തടവുകാരാണ് ഉള്ളതെന്നും ഈയടുത്ത് 251 തടവുകാരെ എംബസി അധികൃതർ സന്ദർശിച്ചതായും ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മാപ്പ് നൽകിയതിനെ തുടർന്ന് 69 ഇന്ത്യക്കാരാണ് 2020ൽ ജയിൽമോചിതരായത്. എംബസിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്ന് കഴിഞ്ഞ വർഷം രണ്ടു കോടി രൂപ െചലവഴിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കൽ, വിമാനടിക്കറ്റ്, മൃതദേഹം കൊണ്ടുപോകൽ തുടങ്ങിയവക്കായാണ് ഇൗ തുക വിനിയോഗിച്ചത്.
ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാവുകയാണെന്നും ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ഇന്ത്യയിൽ ഓഫിസ് തുറക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദോഹയിൽ നീറ്റ് പരീക്ഷകേന്ദ്രം തുടങ്ങുന്നത് സംബന്ധിച്ച് നാഷനൽ ടെസ്റ്റിങ് ഏജൻസിയുമായി ആശയവിനിമയം നടത്തുകയാണ്. ഖത്തറിലെ ആദ്യത്തെ ഇന്ത്യൻ യൂനിവേഴ്സിറ്റി ശാഖ സെപ്റ്റംബറിലോ ഒക്ടോബറിലോ പ്രവർത്തനം തുടങ്ങും.
കോവിഡ് കാലത്തും ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവുരത്താനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. എംബസി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി നൽകാനായുള്ള പ്രത്യേക മൊൈബൽ ആപ്ലിക്കേഷൻ അടക്കമുള്ള സംവിധാനങ്ങൾ ഉടൻ നിലവിൽ വരും. വിവിധ ഭാഷകളിൽ സേവനം നൽകുന്ന കാൾ സെൻറർ തുടങ്ങാനും പദ്ധതിയുണ്ട്.
2021 ജനുവരി മുതൽ 12,000ത്തിലധികം പുതിയ പാസ്പോർട്ടുകൾ നൽകാനായി. രണ്ടായിരത്തോളം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, 7400 അറ്റസ്റ്റേഷൻ എന്നിവയും ഇക്കാലയളവിൽ നൽകി.
ഓൺലൈനിൽ അപ്പോയൻറ്മെൻറുകൾ നൽകിയാണ് കോൺസുലാർ സേവനങ്ങൾ നൽകുന്നത്. എന്നാൽ, അടിയന്തര ആവശ്യങ്ങളിൽ പെട്ടെന്നുള്ള അപ്പോയൻറ്മെൻറുകളും നൽകുന്നുണ്ട്. ഏഷ്യൻ ടൗണിൽ സംഘടിപ്പിച്ച കോൺസുലാർ ക്യാമ്പിൽ നിരവധി ഇന്ത്യക്കാർക്ക് സേവനം നൽകി. എല്ലാമാസവും ഇത്തരം ക്യാമ്പുകൾ നടത്താനാണ് പദ്ധതി.
അൽഖോറിലെ മത്സ്യബന്ധനമേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാർക്കുവേണ്ടി പ്രത്യേകം കോൺസുലാർ ക്യാമ്പ് നടത്തും. 2020ൽ എംബസിക്ക് ലഭിച്ച 2437 പരാതികളിൽ 2196 എണ്ണവും പരിഹരിച്ചിട്ടുണ്ടെന്നും അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.