സ്ലോവേനിയയിലെത്തിയ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയെ ഗാർഡ്​ ഓഫ്​ ​ഓണർ നൽകി സ്വീകരിക്കുന്നു. പ്രസിഡന്‍റ്​ ബൊറൂട്ട് പഹോർ സമീപം

അമീറിന്‍റെ യൂറോപ്യൻ പര്യടനത്തിന്​ തുടക്കമായി

ദോഹ: അമീർ ശൈഖ് തമീം ബിൻ മുഹമ്മദ് ആൽഥാനിയുടെ യൂറോപ്യൻ പര്യടനത്തിന്​ തുടക്കമായി. വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ സന്ദർശനവും സ്വിറ്റ്​സർലൻഡിൽ നടക്കുന്ന ലോക ഇകണോമിക്​ ഫോറത്തിലെ പങ്കാളിത്തവും ഉൾപ്പെടുന്ന പര്യടനത്തിന്​ ഞായറാഴ്ച രാത്രിയാണ്​ തുടക്കമായത്​.

ദോഹയിൽ നിന്നും ​സ്ലോവേനിയയിലേക്കായിരുന്നു അമീറിന്‍റെ ആദ്യ യാത്ര. തിങ്കളാഴ്ച, തലസ്​ഥാനമായ ലുബ്​ലിയാനയിലെത്തിയ അമീർ പ്രസിഡൻറ് ബൊറൂട്ട് പഹോറുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡൻഷ്യൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തറും സ്ലോവേനിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, ഈർജ, വിനോദസഞ്ചാര മേഖലകളിലുൾപ്പെടെ വ്യത്യസ്​ത രംഗങ്ങളിൽ സഹകരണം ശക്തമാക്കുന്നത് സബന്ധിച്ചും ഇരു രാഷ്ട്ര നേതാക്കളും ചർച്ച ചെയ്തു.

യൂറോപ്പ്, മിഡിലീസ്​റ്റ് ഉൾപ്പെടെ മേഖലാ, അന്തർദേശീയ തലങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരു വിഭാഗവും വിശകലനം ചെയ്തു.സ്ലോവേനിയയിൽ ലഭിച്ച ഊഷ്മള വരവേൽപ്പിൽ നന്ദി അറിയിക്കുന്നതായും സ്ലോവേനിയയിലേക്കുള്ള ആദ്യ സന്ദർശനം സന്തോഷം പകരുന്നതായിരുന്നുവെന്നും അമീർ ചർച്ചക്കൊടുവിൽ വ്യക്തമാക്കി.

അമീറിന്‍റെ സന്ദർശനത്തെ സ്വാഗതം ചെയ്ത സ്ലോവേനിയൻ പ്രസിഡൻറ് ബൊറൂട്ട് പഹോർ, സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിശാലമായ സഹകരണമാണ് ഉറ്റുനോക്കുന്നതെന്നും പറഞ്ഞു.ഖത്തറും സ്ലോവേനിയയും തമ്മിലുള്ള സഹകരണവും ഉഭയകക്ഷി ബന്ധവും ഭാവിയിൽ കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിവിധ മേഖലകളിലെ മെച്ചപ്പെട്ട സഹകരണത്തിൽ പ്രശംസ അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈർജ മേഖലയിലും നിക്ഷേപ രംഗത്തും ഇരുരാജ്യങ്ങളും തമ്മിലുള്ള വർധിച്ച സഹകരണമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സ്​പെയിൻ, ജർമനി, ബ്രിട്ടൻ, ഫ്രാൻസ്​ എന്നീ രാജ്യങ്ങളും അമീർ സന്ദർശിക്കും. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെ ഉന്നത സംഘം യൂറോപ്യൻ പര്യടനത്തിൽ അമീറി​നെ അനുഗമിക്കുന്നുണ്ട്​.

ഇസ്​ലാമിക്​ സെന്‍റർ ഉദ്​ഘാടനം ചെയ്തു

ദോഹ: ​സ്ലോവേനിയൻ തലസ്​ഥാനമായ ലുബ്​ലിയാനയിൽ ഖത്തറിന്‍റെ സാമ്പത്തിക സഹായത്തോടെ നിർമിച്ച ഇസ്​ലാമിക്​ സെന്‍റർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയും പ്രസിഡൻറ് ബൊറൂട്ട് പഹോറും ഉദ്​ഘാടനം നിർവഹിച്ചു. ​ഇസ്​ലാമിക്​ ശൈഖ്​ഡോം പ്രസിഡന്‍റ്​ മുഫ്തി ​നെഫ്​സാത്​ ബോറിച്​ അമീറിനെ സ്വീകരിച്ചു. സെന്‍ററിലെ പൂന്തോട്ടത്തോടനുബന്ധിച്ച്​ സ്ഥാപിച്ച 'ഫ്രണ്ട്​ഷിപ്പ്​ സീറ്റ്​' ഇരു രാഷ്ട്ര നേതാക്കളും ചേർന്ന്​ ഉദ്​ഘാടനം നിർവഹിച്ചു. പള്ളി, സാംസ്കാരിക കേന്ദ്രം, ലൈബ്രറി, വിദ്യഭ്യാസ സ്ഥാപനങ്ങൾ എന്നിവ ചേർന്നതാണ്​ സെന്‍റർ. ഉദ്​ഘാടന ശേഷം, ഇസ്​ലാമിക്​ സെൻറർ അമീർ സന്ദർശിച്ചു.

Tags:    
News Summary - Ameer's European tour Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.