ദോഹ: ഇറാൻ മിസൈൽ ആക്രമണത്തെ തുടർന്ന് അഞ്ചര മണിക്കൂർ നേരം ഖത്തറിന്റ അന്താരാഷ്ട്ര വ്യോമപാത അടച്ചതുകാരണം പെരുവഴിയിലായത് നിരവധി യാത്രക്കാർ. തിങ്കളാഴ്ച വൈകീട്ട് 6.45ന് അടച്ച വ്യോമപത അർധരാത്രി 12 മണിയോടെ തുറന്നുവെങ്കിലും അഞ്ചര മണിക്കൂർ സമയത്തിനുള്ളിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിൽ പലതും റദ്ദാക്കിയതിനെ തുടർന്ന് നൂറുകണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്. ദോഹ ഹമദ് വിമാനത്താവളം വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാരും, ദോഹയിൽനിന്ന് കേരളം ഉൾപ്പെടെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരും ചൊവ്വാഴ്ച വൈകീട്ടും യാത്ര തുടരാനാവാതെ ഹമദ് വിമാനത്താവളത്തിൽ കുടുങ്ങി. ഖത്തർ എയർവേസ്, എയർ ഇന്ത്യ, ഇൻഡിഗോ, എയർഇന്ത്യ എക്സ്പ്രസ്, യൂറോപ്പ്, അമേരിക്ക ഉൾപ്പെടെ രാജ്യങ്ങളിലേക്കുള്ള വിവിധ എയർലൈൻസ് സർവിസുകളും മുടങ്ങി. വ്യോമപാത അടച്ചത് കാരണം മറ്റു രാജ്യങ്ങളിലേക്ക് തിരിച്ചുവിട്ട വിമാനങ്ങൾ ചൊവ്വാഴ്ച പുലർച്ചെ മുതൽ ദോഹയിലെത്തിത്തുടങ്ങിയിരുന്നു. നേരത്തേ ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ പുലർച്ചെയോടെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പറന്നുതുടങ്ങി. എന്നാൽ, വ്യോമപാത അടച്ച സമയത്ത് റദ്ദായ വിമാനങ്ങളിൽ ചിലതാണ് ചൊവ്വാഴ്ച വൈകീട്ടും ലക്ഷ്യങ്ങളിലേക്ക് പുറപ്പെടാൻ കഴിയാതെ കുടുങ്ങിയത്.
തിങ്കളാഴ്ച രാത്രി 7.45ന് ദോഹയിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഖത്തർ എയർവേസ് ക്യു.ആർ 516 വിമാനം റദ്ദാക്കിയത് കാരണം 300ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. പുലർച്ചയോടെ ഷെഡ്യൂൾ ചെയ്ത് യാത്രക്കാരെ ബോർഡ് ചെയ്തെങ്കിലും, കൊച്ചി വിമാനത്താവള റൺവേ അറ്റകുറ്റപ്പണികാരണം വിമാനം പുറപ്പെടാൻ കാലതാമസമുണ്ടെന്ന് അറിയിച്ച് എല്ലാവരെയും പുറത്തിറക്കിയതായി യാത്രക്കാരിൽ ഒരാളായ അലൻ ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു. വൈകീട്ടും എപ്പോൾ യാത്രപുറപ്പെടാൻ കഴിയുമെന്നറിയാതെ കാത്തിരിപ്പിലാണെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിൽനിന്നുള്ളവരും, വിവിധ യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് പുറപ്പെട്ട മലയാളികളായ ട്രാൻസിറ്റ് യാത്രികരും ഈ വിമാനത്തിൽ പുറപ്പെടാനുള്ള കാത്തിരിപ്പിലാണ്.
ദോഹ-കൊച്ചി എയർഇന്ത്യ എ.ഐ 9090, 954, എയർഇന്ത്യ എക്സ്പ്രസ് ഐ.എക് 476, ദോഹ-കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ്, കണ്ണൂർ എയർഇന്ത്യ എക്സ്പ്രസ്, കൊച്ചി എയർഇന്ത്യ എക്സ്പ്രസ്, തിരുവനന്തപുരം തുടങ്ങിയവയും ചൊവ്വാഴ്ചത്തെ സർവിസുകൾ പൂർണമായി റദ്ദാക്കി. നേരത്തേതന്നെ യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചതിനാൽ വിമാനത്താവളത്തിലെത്തി പ്രയാസപ്പെടേണ്ടിവന്നില്ല എന്നത് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.