ദോഹ: ചരക്ക് കൈമാറ്റ പ്രവർത്തനങ്ങളിൽ മികച്ച മുന്നേറ്റവുമായി ഖത്തറിലെ തുറമുഖങ്ങൾ. 2025 ജൂണിനെ അപേക്ഷിച്ച് കഴിഞ്ഞമാസം ജനറൽ കാർഗോ ചരക്കുനീക്കത്തിൽ 64 ശതമാനം വർധനയുണ്ടായതായി എംവാനി ഖത്തർ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ജനറൽ കാർഗോ, കെട്ടിട നിർമാണ സാധനങ്ങൾ തുടങ്ങി എല്ലാവിധ ചരക്കുനീക്കത്തിന്റെ അളവിലും വലിയ വർധനയാണ് രേഖപ്പെടുത്തിയത്. രാജ്യം സമുദ്രഗതാഗത മേഖല വളര്‍ച്ചയുടെ പാതയിലാണ്. 2025 ജൂലൈയിൽ രാജ്യത്തെ വിവിധ തുറമുഖങ്ങളിൽനിന്നായി 2,34,000 ടണിലധികം ജനറൽ, കാർഗോ ചരക്കുകളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. മേഖലയിലെ ലോജിസ്റ്റിക്സ് ഹബ് എന്ന നിലയിൽ ഖത്തർ വളർച്ചയെ ഇത് കാണിക്കുന്നു.
നിർമാണ സാമഗ്രികൾ 105 ശതമാനം വർധനയും വാഹന കൈമാറ്റം 30 ശതമാനവും കന്നുകാലി ഇറക്കുമതി 86 ശതമാനവുമാണ് വളർച്ച നിരക്ക് രേഖപ്പെടുത്തിയത്. കപ്പലുകളുടെ വരവുകൾ 16 ശതമാനം വർധിച്ചു. ഖത്തറിലെ പ്രധാന തുറമുഖമായ ഹമദ് പോർട്ടിൽ ജൂലൈയിൽ 1,16,379 ടി.ഇ യൂനിറ്റ് (ട്വന്റിഫൂട്ട് ഇക്വിവലന്റ് യൂനിറ്റ്) ആണ് കൈമാറ്റം ചെയ്യപ്പെട്ടത്. ആകെ 151 കപ്പലുകൾ ഹമദ് പോർട്ടിൽ നങ്കൂരമിട്ടതായും ടെർമിനൽ ഓപറേറ്ററായ ക്യു ടെർമിനൽസ് പറയുന്നു.
മേഖലയിലെ ഏറ്റവും വലിയതും പരിസ്ഥിതി സൗഹൃദവുമായ ഹമദ് പോർട്ടിൽ കാര്യക്ഷമവും ഉയർന്ന അളവിലുള്ള ചരക്ക് കൈമാറ്റം സാധ്യമാക്കുന്നതിലൂടെയും അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിനും അതുവഴി ഖത്തറിന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനും സഹായിക്കുന്നു. 2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഖത്തറിലെ തുറമുഖങ്ങൾ ട്രാൻസ്ഷിപ്മെന്റ് അളവിൽ 11 ശതമാനം തുടർച്ചയായി വർധന രേഖപ്പെടുത്തി. 7,42,000ത്തിലധികം ടി.ഇ യൂനിറ്റ് പോർട്ടുകളിൽ കൈമാറ്റംചെയ്യപ്പെട്ടു. ഇതിൽ ഏകദേശം 3,68,000 ടി.ഇ യൂനിറ്റുകളാണ് ഹമദ് പോർട്ട് വഴി ട്രാൻസ്ഷിപ് ചെയ്യപ്പെട്ടത്. ഈ കാലയളവിൽ കപ്പലുകളുടെ വരവ് 12 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
ഖത്തർ നാഷനൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഹമദ് പോർട്ട്, ദോഹ, അൽ റുവൈസ് പോർട്ട് എന്നിവ ഉൾക്കൊള്ളുന്ന ഖത്തറിന്റെ തുറമുഖങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. തുറമുഖ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിലൂടെ ലോജിസ്റ്റിക്സ്, വിതരണ ശൃംഖല മേഖലകളെ ശക്തിപ്പെടുത്തി രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വൈവിധ്യവത്കരണത്തിന് സഹായിക്കുന്നു. തുറമുഖങ്ങളിൽ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ട പ്രവർത്തനശേഷിയും ഒരുക്കി രാജ്യത്തെ ഒരു പ്രമുഖ ആഗോള വ്യാപാര ഹബാക്കി മാറ്റാനാണ് എംവാനി ഖത്തർ ലക്ഷ്യമിടുന്നത്. ഹമദ് പോർട്ടിൽനിന്ന് ഗൾഫിലുടനീളവും വടക്കുഭാഗത്ത് കുവൈത്ത്, ഇറാഖും തെക്ക് ഭാഗത്തെ ഒമാൻ എന്നിവിടങ്ങളിലേക്കും ചരക്കുനീക്കങ്ങൾ സുഗമമാക്കുന്നു. അതോടൊപ്പം സമുദ്ര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.