ദോഹ: രാജ്യത്തെ മുനിസിപ്പൽ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് അത്യാധുനികമായ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ സജ്ജമാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം.
പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ബൃഹത്തായ പദ്ധതിയുടെ തുടർച്ചയായാണ് വാഹനങ്ങൾ പുറത്തിറക്കിയത്. അന്താരാഷ്ട്ര പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്ന എൻജിനുകളാണ് വാഹനങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് വാഹനങ്ങളുടെ പുക പുറന്തള്ളുന്നത് കുറക്കുകയും ഇന്ധനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു. കുറഞ്ഞ ശബ്ദത്തിൽ പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾ നഗരങ്ങളിലെ ശബ്ദമലിനീകരണം കുറക്കാൻ സഹായിക്കും. ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിനായി അത്യാധുനിക വാണിങ് ലൈറ്റുകളും റിഫ്ലക്ടീവ് ഘടകങ്ങളും വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.
പൊതുശുചിത്വ പ്രവർത്തനങ്ങൾക്കും മറ്റു സേവനങ്ങൾക്കുമായി ആംബുലൻസുകൾ, സ്ട്രീറ്റ് വാഷിങ് -ഗാർബേജ് കലക്ഷൻ വാഹനങ്ങൾ, കണ്ടെയ്നറുകൾ, ബീച്ച് ക്ലീനിങ് ട്രാക്ടറുകൾ തുടങ്ങി വിപുലമായ വാഹനങ്ങളുടെ നിരതന്നെ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ ഈ നീക്കം ഫീൽഡ് വർക്കുകളുടെ കാര്യക്ഷമത വർധിപ്പിക്കുമെന്നും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നും പബ്ലിക് സർവിസസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജിനീയർ അബ്ദുല്ല അഹമ്മദ് അൽ കറാനി പറഞ്ഞു. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയ ഈ വാഹനങ്ങൾ രാജ്യത്തെ മുനിസിപ്പൽ സേവന -പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിനും, സുസ്ഥിര നഗരങ്ങൾ എന്ന ലക്ഷ്യത്തിലേക്കുള്ള ഖത്തറിന്റെ യാത്രയിലും വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.