ദോഹ: താനൂരിൽ നടന്ന അനിഷ്ട സംഭവങ്ങൾ പ്രവാസ ലോകത്തും പ്രതിഷേധം ശക്തമാവുകയാണ്. പ്രദേശത്തു രാഷ്ട്രീയ സംഘർഷങ്ങൾ പതിവാണ്. എന്നാൽ ഇത് പ്രവർത്തകർ തന്നെ പറഞ്ഞു തീർക്കലാണ് പതിവ്. എന്നാൽ പോലീസ് വിഷയത്തിൽ ഇടപെടുമ്പോഴാണ് പ്രശ്നം വഷളാകുന്നതെന്നാണ് ദോഹ കോർണീഷിൽ മൽസ്യ വ്യാപാരം നടത്തുന്ന താനൂർ സ്വദേശികളുടെ അഭിപ്രായം. ഇവരുടെ സഹപ്രവർത്തകനായ ഫിറോസ് പ്രദേശത്തെ ഫാറൂഖ് പള്ളി നിവാസിയാണ്. നാട്ടിലെ പ്രശ്നങ്ങൾ വാർത്തകളിലൂടെ അറിഞ്ഞപ്പോൾ തന്നെ നെഞ്ചിടിപ്പ് തുടങ്ങിയതായി അദ്ദേഹം പറയുന്നു. ഉടൻ തന്നെ വീട്ടിലേക്കു ഫോൺ ചെയ്‌തെങ്കിലും ആരും തന്നെ എടുക്കുന്നുണ്ടായില്ല.
എല്ലാവരും പോലീസ് ഭീകരതയെ തുടർന്ന് ജീവന് വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു. പിന്നീട് അകലെയുള്ള ബന്ധു വീടുകളിൽ അഭയം ലഭിച്ചതിനു ശേഷമാണു ഫോണിലൂടെ കാര്യങ്ങൾ തങ്ങൾക്ക് വ്യക്തമായി അറിയാൻ കഴിഞ്ഞത്. തന്റെ സഹോദരിയുടെ വീട്ടിലും പോലീസ് താണ്ഡവ നൃത്തമാടിയ വിവരം ഫിറോസ് അറിയുന്നത്. വീടിെൻറ പ്രധാന വാതിൽ ചവിട്ടിപ്പൊളിക്കുകയും ജനൽ ചില്ലുകൾ അടിച്ചു പൊട്ടിക്കുകയും ചെയ്തു. കൂടാതെ ഉപജീവന മാർഗ്ഗമായി ഓട്ടോറിക്ഷയും പോലീസുകാർ തകർത്തു. ഫാറൂഖ്പള്ളി പ്രശ്നബാധിത പ്രദേശത്തു നിന്നും അകലെയായിട്ടും
പോലീസുകാർ ഇവരുടെ വീട് തകർത്തതെന്തിനാണെന്നു ഫിറോസ് ചോദിക്കുന്നു. വിവരങ്ങൾ അറിഞ്ഞതിനു ശേഷം തെൻറ കുടുംബം അകെ ആധിയിലാണ്. ഇനിയെങ്കിലും ഇത്തരം അനിഷ്ട സംഭവങ്ങളിൽ നിന്നും തങ്ങളുടെ നാടിനെ രക്ഷിക്കണമെന്നാണ് ഇവരുടെ പ്രാർത്ഥന. പോലീസ് അക്രമം അഴിച്ചു വിട്ടത് പാർട്ടി നോക്കിയായിരുന്നില്ല. കണ്ടതെല്ലാം തച്ചു തകർക്കുകയായിരുന്നു അവർ.
നാടും വീടും വിട്ടു അന്യ ദേശത്തു അധ്വാനിക്കുന്ന തങ്ങളെ പോലുള്ളവർക്കു മനസ്സമാധാനത്തോടെ ജോലിയെടുക്കുവാനുള്ള അവസരം രാഷ്ട്രീയ നേതൃത്വം സൃഷ്ടിക്കണമെന്നു ഇവർ ഒരേ സ്വരത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.