ദോഹ: രാജ്യത്തെ തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ലഘൂകരിച്ചുകൊണ്ടുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. യോഗത്തില്‍ ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ അധ്യക്ഷത വഹിച്ചു. കരട് നിയമം തയ്യറാക്കാനായി തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട 1990ലെ സിവില്‍, വാണിജ്യ ചട്ടങ്ങളിലെ പതിമൂന്നാം നമ്പര്‍ നിയമത്തിലേയും 2004ലെ പതിനാലാം നമ്പര്‍ നിയമത്തിലേയും വകുപ്പുകള്‍ ഭേദഗതി ചെയ്തിട്ടുണ്ട്. മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ കരട് നിയമം ഉപദേശക സമിതിയുടെ അംഗീകാരത്തിനായി കൈമാറുകയും ചെയ്തു. കരട് നിയമ പ്രകാരം തൊഴില്‍ തര്‍ക്കങ്ങള്‍ ഊര്‍ജിതമായി പരിഹരിക്കാനും വേഗത്തിലാക്കാനും തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ തൊഴില്‍ തര്‍ക്ക പരിഹാര സമിതികള്‍ രൂപവത്കരിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
ഒരു ന്യായാധിപന്‍ അധ്യക്ഷനായുള്ള ഒന്നോ അതിലധികമോ സമിതി രൂപവല്‍ക്കരിക്കാം എന്നും കരട് നിയമം ചൂണ്ടിക്കാട്ടുന്നു. മൂന്ന് അംഗങ്ങളായിരിക്കും ഇതില്‍ അംഗങ്ങള്‍. ഇതില്‍ രണ്ട് അംഗങ്ങളെ തൊഴില്‍ മന്ത്രിക്ക് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ജൂഡീഷ്യല്‍ അംഗത്തെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന് നിയമിക്കാം. എന്നാല്‍ സമിതിയിലെ രണ്ട് അംഗങ്ങളില്‍ ഒരാള്‍ കമ്പനികളുടെ കണക്കുകളില്‍ വൈദഗ്ധ്യമുള്ളയാളായിരിക്കണമെന്ന് കരട് നിയമം അടിവരയിടുന്നു. സമിതിയുടെ ആസ്ഥാനം, സെക്രട്ടറിയേറ്റ് ജീവനക്കാര്‍ എന്നിവയില്‍ തൊഴില്‍മന്ത്രിക്കാണ് തീരുമാനമെടുക്കാനുള്ള അധികാരമുള്ളത്. എന്നാല്‍ മന്ത്രിസഭയായിരിക്കും സമിതിക്ക് അംഗീകാരം നല്‍കുക. തൊഴില്‍ ഉടമക്കെതിരായുളള്ള പരാതികളായിരിക്കും സമിതി പരിശോധിക്കുക. മൂന്നാഴ്ച്ച കൊണ്ട് പരാതിയില്‍ പരിഹാരം ഉണ്ടാകണം. സമിതിയുടെ തീരുമാനം റദ്ദാക്കാനുള്ള അധികാരം അപ്പീല്‍ കോടതികള്‍ക്ക് മാത്രമാണ്. സമിതി പരാതികള്‍ കൃത്യമായും സുതാര്യമായും പരിശോധിക്കണമെന്നും നിയമത്തില്‍ പറയുന്നു. തൊഴില്‍ കരാറിന്‍െറ അടിസ്ഥാനത്തില്‍ ഇരുകക്ഷികളുടേയും അവകാശം സംരക്ഷിച്ചുകൊണ്ടുളള രമ്യമായ പരിഹാരമാണ് വേണ്ടത്. ബാഹ്യശക്തികളുടെ സ്വാധീനം സമിതിയുടെ തീരുമാനത്തില്‍ ഉണ്ടാകാന്‍ പാടില്ളെന്നും നിയമം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.