ഖത്തറില്‍ ശൈത്യത്തിന് പിന്നാലെ ഇന്നുമുതല്‍ ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

ദോഹ: തുടരുന്ന ശൈത്യത്തിന് പിന്നാലെ രാജ്യത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്‍െറ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതല്‍ ഇടിമിന്നലും കൊടുങ്കാറ്റും ഉണ്ടാകുമെന്നാണ് പ്രവചനം. ഇത് കുറച്ച് ദിവസത്തേക്ക് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ മാസം 14 വരെയാണ് കൊടുങ്കാറ്റിനുള്ള സാധ്യതയുള്ളത്. 
അന്തരീക്ഷപാളിയുടെ രണ്ട് തലങ്ങളിലുണ്ടാകുന്ന കുറഞ്ഞ മര്‍ദ്ദം മൂലമാണ് ഇന്നുമുതല്‍ ചൊവ്വാഴ്ച വരെയുള്ള കാലാവസ്ഥയെ അസ്ഥിരമാക്കുക. അന്തരീക്ഷപാളിയുടെ രണ്ട് തലങ്ങളിലുണ്ടാകുന്ന കുറഞ്ഞ മര്‍ദ്ദത്തിന് കാരണം, സൗദി അറേബ്യയുടെ വടക്കന്‍ മേഖലയിലെ കുറഞ്ഞ മര്‍ദ്ദത്തിന്‍െറ  കാഠിന്യമാണന്നും  അറബ്യന്‍ കടല്‍തീരത്തിന് മീതെയുള്ള  സുഡാന്‍ കുറഞ്ഞ മര്‍ദത്തിന്‍െറയും പരിണിതഫലമാണന്നും കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നു. ഇന്നുമുതലുള്ള ആറ് ദിവസങ്ങളില്‍ ചാറ്റല്‍ മഴക്കും സാദ്ധ്യതയുണ്ട്.  ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കാറ്റ് കൂടുതല്‍ ശക്തമാകുമെന്നും വേഗം മണിക്കൂറില്‍ 18നും 25 നോട്ടിക്കല്‍ മൈലിനുമിടയിലാകുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
കാറ്റിന്  35 നോട്ടിക്കല്‍ മൈല്‍  വേഗം കൂടാനുള്ള സാദ്ധ്യതയുമുണ്ട്.
ശക്തമായ കാറ്റ് വീശുന്ന നേരം കടല്‍ത്തിരമാല  15 അടി ഉയരാനും സാദ്ധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. 
ഈ ദിവസങ്ങളില്‍ പൊതുവെ  തിരമാല എട്ട്-12 അടി ഉയരത്തിലേക്ക് എത്തിയേക്കും. 
ദോഹയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പരമാവധി താപനില 24-26 ഡിഗ്രിയും കുറഞ്ഞ താപനില 14-16 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.
 കാലാവസ്ഥ  വകുപ്പിന്‍െറ മുന്നറിയിപ്പുകളെ കുറിച്ച് ജനങ്ങള്‍ കരുതിയിരിക്കണമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി രണ്ട് മുതലാണ് രാജ്യത്ത് അതീവ ശൈത്യത്തിന് തുടക്കം കുറിച്ചത്. ആദ്യനാല് ദിവസങ്ങളില്‍ കടുത്ത തണുപ്പാണ് ഉണ്ടായത്. രാജ്യത്തിന്‍െറ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ തണുപ്പാണ് അനുഭവപ്പെട്ടത്. 
ഇതിനിടയില്‍ ഖത്തറിന്‍െറ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനില രാജ്യത്തിന്‍െറ സൗദി അതിര്‍ത്തിയായ അബൂസംറയില്‍ ഫെബ്രുവരി അഞ്ചിന് രേഖപ്പെടുത്തുകയുണ്ടായി. 
1.5 ഡിഗ്രി സെല്‍ഷ്യസ് ആണ് അന്ന് രേഖപ്പെടുത്തപ്പെട്ടത്. ഇതിന് മുമ്പ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 1964 ല്‍ മിസൈദിലായിരുന്നു. അന്ന്  3.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയത്. സെബിരിയയിലെ അതിമര്‍ദത്തിനെ തുടര്‍ന്നാണ് ഗള്‍ഫ് മേഖലയില്‍ ശൈത്യം കൂടാന്‍ കാരണമായത്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.