ജനക്ഷേമം ലക്ഷ്യമിട്ടുള്ള കമ്പനികള്‍ തുടങ്ങാന്‍ വിദേശികള്‍ക്ക് അനുവാദം

ദോഹ: പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ജനക്ഷേമം ലക്ഷ്യമിട്ടുള്ള സ്വകാര്യകമ്പനികള്‍ തുടങ്ങാന്‍ വിദേശികള്‍ക്ക് അനുവാദം നല്‍കുന്ന കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. അതേസമയം, ഒറ്റക്കോ, കൂട്ടായോ പൊതുസേവനം ലക്ഷ്യമിട്ടുള്ള ഇത്തരം സ്വകാര്യ സംരംഭങ്ങള്‍ തുടങ്ങാന്‍ സ്വദേശി പൗരന്മാര്‍ക്ക് പ്രത്യേക അനുമതി ആവശ്യമില്ല. പുതുതായി ആരംഭിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് 20 ലക്ഷം റിയാല്‍ മൂലധനമുണ്ടായിരിക്കണമെന്നും പ്രവര്‍ത്തി നടത്താനായി കേന്ദ്ര ഓഫീസ് ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 
നിലവിലെ 21-2006 നമ്പര്‍ നിയമത്തിന് പകരമായാണ് പുതിയ കരടുനിയമം പ്രാബല്യത്തില്‍ വരുന്നതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സാമൂഹിക സേവനത്തിന് ഊന്നല്‍ നല്‍കുന്ന സന്നദ്ധ സംഘടനകളെയും, ഗവണ്‍മെന്‍േറതര സന്നദ്ധസംഘടനകളും (എന്‍.ജി.ഒ), ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍ പോലുള്ള സാമൂഹിക സംഘടനകളെയും ഈ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും യോഗത്തില്‍ തീരുമാനിച്ചു. 
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി അധ്യക്ഷത വഹിച്ചു. 
ലാഭേഛയില്ലാതെ സമൂഹനന്മക്കായി മാത്രമായിരിക്കണം ഇത്തരം സ്വകാര്യ കമ്പനികള്‍ നിലനില്‍ക്കേണ്ടത്. വ്യക്തികള്‍ക്കോ, കൂട്ടായോ കമ്പനി തുടങ്ങാമെന്നും ഇതിനായി മന്ത്രാലയത്തില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. 
അപേക്ഷകര്‍ അനുമതിക്കായി ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം. കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ തങ്ങളുടെ സാമ്പത്തിക കണക്കുകള്‍ വെളിപ്പെടുത്താനും തയാറാവണം. 
സമ്മേളനങ്ങളുടെയും വിവിധ പരിപാടികളുടെയും സംഘാടനത്തിനായി ഗവണ്‍മെന്‍റ് സമിതി രൂപവല്‍കരിക്കാനുള്ള നിയമഭേദഗതിക്കും (നമ്പര്‍ 34-2015) മന്ത്രിസഭ അംഗീകാരം നല്‍കി. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധി ഈ കമ്മിറ്റിയില്‍ വൈസ് ചെയര്‍മാനായിരിക്കും. 
രാഷ്ട്ര നിര്‍മിതിക്കായി ഇത്തരം സമ്മേളനങ്ങളും പരിപാടികള്‍ക്കും എന്തെല്ലാം സംഭാവനകള്‍ സാധ്യമാകുമെന്ന് ഈ സമിതി വിലയിരുത്തും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.