ദോഹ: രാജ്യത്തെ പ്രധാന എക്സ്പ്രസ് വേ പദ്ധതിയായ ലുസൈല്‍ എക്സ്പ്രസ്വേയുടെ നിര്‍മാണം പുരോഗമിക്കുന്നു. ദോഹയെ ലുസൈല്‍ സിറ്റിയുമായി ബന്ധിപ്പിക്കുന്ന ദേശീയ അതിവേഗ പാതക്ക് ഇരുവശത്തും നാലുവരി റോഡുകളാണുള്ളത്. 300.5 കോടി റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി, അടുത്തവര്‍ഷം മധ്യത്തോടെ പൂര്‍ത്തിയാകും.
പഴയ അല്‍ ഇസ്തിഖ്ലാല്‍ റോഡ് പൂര്‍ണമായി പുനനിര്‍മിച്ചാണ് ഇത് സാധ്യമാക്കുന്നത്. 5.3 കിലോമീറ്ററാണ് എക്സ്പ്രവേയുടെ ദൈര്‍ഘ്യം. പേള്‍, ഉനൈസ, അല്‍ വഹ്ദ തുടങ്ങി മൂന്നിടങ്ങളില്‍ വിവിധ തട്ടുകളിലുള്ള ഇന്‍റര്‍സെക്ഷനുകളും പദ്ധതിയോടനുബന്ധിച്ച് നിര്‍മിച്ചുവരികയാണ്. കൂടാതെ പേള്‍, കതാറ, ലുസൈല്‍ സിറ്റി എന്നിവിടങ്ങളിലേക്ക് നീളുന്ന റോഡുകളും പദ്ധതിയുടെ ഭാഗമായി പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതിയുടെ നിര്‍മാണം ഏതാണ്ട് പൂര്‍ണമായതായും നോര്‍ത്ത് കനാല്‍ ക്രോസിങ് പദ്ധതിയുടെ ജോലികള്‍ പൂര്‍ത്തീകരിച്ചതായും അശ്ഗാല്‍ പ്രസ്താവനയില്‍ പറഞ്ഞു. കാനാലിനായുള്ള ഡാമിന്‍െറ കുഴിയെടുപ്പും നികത്തലുകളും പുരോഗമിച്ചുവരുന്നതായും അവര്‍ പറഞ്ഞു. പാലത്തിനടിയിലൂടെയുള്ള കുടിവെള്ള വിതരണ ശൃംഖലകളും, ഡ്രെയിനേജ് സംവിധാനവും, വൈദ്യുതിവിതരണ ലൈനുകളുടെ ജോലികളും പുരോഗമിക്കുന്നുണ്ട്.
എക്സ്പ്രസ്വേയിലെ പ്രധാന ഇന്‍റര്‍സെക്ഷനായ വിവിധ തട്ടുകളിലുള്ള അല്‍ വഹ്ദയോടനുബന്ധിച്ചുള്ള (ദഫ്ന/വെസ്റ്റ് ബേ പാതകളിലേക്കുള്ള വഴികള്‍) തുരങ്കങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. ഇരുവശങ്ങളിലേക്കുമായി മൂന്ന് റോഡുകളാണ് ദഫ്ന-ലുസൈല്‍ പാതയിലെ തുരങ്കത്തിലുണ്ടാവുക. മൂന്നില്‍ ഒരു തുരങ്കത്തിന്‍െറ പണിയാണ് പുരോഗമിക്കുന്നത്. മറ്റുള്ളവക്ക് കുഴിയെടുപ്പ് നികത്തലും ഒരേസമയം നടക്കുന്നുണ്ട്.
അല്‍വഹ്ദ ഇന്‍റര്‍സെക്ഷനോടനുബന്ധിച്ച് നിര്‍മിക്കുന്ന കമാനങ്ങള്‍ക്ക് കരാര്‍ നല്‍കിയിരിക്കുന്നത് എവര്‍സെന്‍ഡായ് ഗ്രൂപ്പിനാണ്.
ഇതിനായി 263 ദശലക്ഷം റിയാലിന്‍െറ പദ്ധതിയാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. 40 മീറ്റര്‍ ഉയരത്തില്‍ നിന്ന് ഇരുമ്പ് വടങ്ങള്‍ തൂക്കിയിട്ടുള്ള ആര്‍ച്ചും കേബിള്‍ കാര്‍ സംവിധാനങ്ങളും ഇതോടനുബന്ധിച്ചുണ്ടാകും. ഈ മാസം ജൂണോടെ ഇതിന്‍െറ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
ഇതിനായി ഇവിടെയുണ്ടായിരുന്ന ലാന്‍റ്മാര്‍ക്ക് മഴവില്‍ കമാനം 2013ല്‍ പൊളിച്ചുമാറ്റിയിരുന്നു. പാതയിലെ വിവിധ പദ്ധതികള്‍ക്ക് പുറമെ മൂന്ന് കിലോമീറ്റര്‍ തുരങ്കം വൈദ്യുതി കേമ്പിളുകള്‍ വലിക്കാനും, ഒരു കിലോമീറ്റര്‍ തുരങ്കം ഉപരിതലത്തിലുള്ള വെള്ളം നീക്കാനും, അറ്റകുറ്റപണികള്‍ നടത്താനും ആളുകള്‍ക്ക് സഞ്ചരിക്കാനുമായും സജ്ജീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.