ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍  വിദേശികള്‍ക്കുള്ള  സൗജന്യ ഇ-ഗേറ്റ് സംവിധാനം നിലവില്‍ വന്നു

ദോഹ: രാജ്യത്തെ വിദേശികള്‍ക്കായുള്ള ഇ-ഗേറ്റ് സംവിധാനം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലവില്‍ വന്നു. സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ സേവനം, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന സമയത്തും വിമാനത്താവളത്തിലേക്കത്തെുന്ന സമയത്തുമാണ് ഉപയോഗിക്കാന്‍ സാധിക്കുക. വിമാനത്താവളത്തിലത്തെുന്ന വിദേശികള്‍ക്കും 18 വയസ്സിന് മുകളിലുള്ള അവരുടെ മക്കള്‍ക്കും ഈ സംവിധാനം രെജിസ്ട്രേഷന്‍ കൂടാതെ തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. പൂര്‍ണമായും സൗജന്യമായാണ് മന്ത്രാലയം ഈ സേവനം നല്‍കുന്നത്. 
ഐഡി കാര്‍ഡോ പാസ്പോര്‍ട്ടോ ഉപയോഗിച്ച് സേവനം ഉപയോഗപ്പെടുത്താമെന്നും ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ 19 ഗേറ്റുകളും അരൈവല്‍ ലോഞ്ചില്‍  16 ഗേറ്റുകളുമാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നതെന്നും എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്റൂഇ പറഞ്ഞു. സ്മാര്‍ട്ട് പാസഞ്ചര്‍ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഇ-ഗേറ്റ് സംവിധാനമെന്നും പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയാണ് ഇത് രാജ്യത്തിന് സമര്‍പ്പിച്ചതെന്നും വ്യക്തമാക്കിയ അദ്ദേഹം, കൗണ്ടറുകളിലുള്ള ഉദ്യോഗസ്ഥരെ സമീപിക്കാതെ തന്നെ പൂര്‍ണമായും സ്മാര്‍ട്ട് ടെക്നോളജി ഉപയോഗിച്ച് സ്വയം തങ്ങളുടെ പോക്ക് വരവ് നടപടിക്രമങ്ങള്‍ ഇതിലൂടെ ചെയ്യാമെന്നും ചൂണ്ടിക്കാട്ടി. ഇതോടെ തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പരിശോധിക്കുന്നതിനും പാസ്പോര്‍ട്ടില്‍ സീല്‍ ചെയ്യുന്നതിനുമായി ദീര്‍ഘനേരം കാത്ത് നില്‍ക്കുന്ന അവസ്ഥക്കും പരിഹാരമാകും. വ്യക്തികളുടെ സ്വകാര്യതയും സുരക്ഷയും പൂര്‍ണമായും സംരക്ഷിച്ചു കൊണ്ടായിരിക്കും സംവിധാനം പ്രവര്‍ത്തിക്കുകയെന്ന് അദ്ദേഹം പ്രത്യേകം വ്യക്തമാക്കി. പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ പാസ്പോര്‍ട്ടില്‍ സീല്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും അതിനാല്‍ തന്നെ തങ്ങളുടെ പാസ്പോര്‍ട്ടിലെ പേജുകള്‍ കൂടുതല്‍ കാലം ഉപയോഗിക്കാന്‍ സാധിക്കുമെന്നും കേണല്‍ അല്‍ മസ്റൂഇ പറഞ്ഞു. യാത്രക്കാരുടെ കൈവശമുള്ള ഐഡി കാര്‍ഡ് അല്ളെങ്കില്‍ പാസ്പോര്‍ട്ട് എന്നിവ ഇ ഗേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ഇ-റീഡറില്‍ ഉപയോഗിച്ച് കഴിഞ്ഞാലുടന്‍ രേഖയിലുള്ള വിവരങ്ങള്‍ കമ്പ്യൂട്ടര്‍ രേഖപ്പെടുത്തുകയും പരിശോധിക്കുകയും ചെയ്യും. തുടര്‍ന്ന് യാത്രക്കാരന് മുന്നോട്ട് നീങ്ങുന്നതിനുള്ള പ്രത്യേക നിര്‍ദേശം മെഷീനില്‍നിന്നും ലഭിക്കുകയും ഈ ഗേറ്റിന്‍െറ മധ്യത്തില്‍ എത്താനും സാധിക്കും. അവിടെ യാത്രക്കാരന്‍െറ  വിരലടയാളവും കണ്ണും പരിശോധിച്ചതിന് ശേഷം രേഖയിലേതുമായി താരതമ്യം ചെയ്യുകയും   ചെയ്യും. ഒരുപോലെയാണെങ്കില്‍ നേരെ മുന്നോട്ട് ബോര്‍ഡിംഗ് ഗേറ്റിലേക്ക് നീങ്ങാനുള്ള നിര്‍ദേശം യാത്രക്കാരന് ലഭിക്കും. കേവലം രണ്ട് മിനുട്ട് മാത്രമെടുക്കുന്ന ഈ പ്രക്രിയ യാത്രക്കാരന് വലിയ സമയലാഭമാണ് ഉണ്ടാക്കുന്നത്. എന്നാല്‍ എല്ലാ താമസക്കാര്‍ക്കും ഇതിനായി ഐഡി കാര്‍ഡ് നിര്‍ബന്ധമാണെന്നും വിമാനത്താവളത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ അത് ഹാജരാക്കണമെന്നും മേജര്‍ ഖാലിദ് മുഹമ്മദ് അല്‍ മുല്ല പറഞ്ഞു. ഇത് സംബന്ധിച്ച് മുഴുവന്‍ രാജ്യങ്ങളിലെയും ബന്ധപ്പെട്ട അതോറിറ്റികള്‍ക്കും വിമാനക്കമ്പനികള്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.