ഖത്തര്‍ ഫൗണ്ടേഷന്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലന ക്ളാസ് നടത്തി

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ വിദ്യാഭ്യാസ-ശാസ്ത്ര-സാമൂഹിക വിഭാഗത്തിന്‍െറ ഭാഗമായ ‘അക്കാദമിക് ബ്രിഡ്ജ് പ്രോഗ്രാം -എ.ബി.പി’,  250-ഓളം പുതിയ വിദ്യാര്‍ഥികള്‍ക്ക് പരിശീലന ക്ളാസ് നടത്തി.
ഖത്തറില്‍നിന്നും മറ്റു സ്കൂളുകളില്‍നിന്നും ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക്, തുടര്‍ന്നുള്ള ഉന്നത പഠനത്തിനായി ഇംഗ്ളീഷ് ഭാഷയിലും മറ്റു വ്യക്തിവികാസത്തിലും പ്രാവീണ്യം നല്‍കാനാണ് എ.ബി.പി പരിശീലനം നടത്തിവരുന്നത്. എജുക്കേഷന്‍ സിറ്റിയിലെയും  ഇംഗ്ളീഷ് ഭാഷക്ക് പ്രധാന്യം നല്‍കുന്ന മറ്റു അമേരിക്കന്‍ സര്‍വകലാശാലകളിലും വിവിധ കോഴ്സുകള്‍ക്ക് തുടര്‍ പഠനത്തിന് തയാറെടുക്കുന്നവര്‍ക്കും ഇവിടെനിന്നുള്ള പഠനം ഗുണകരമാകും. അമേരിക്കയിലെ ‘കമ്മീഷന്‍ ഓണ്‍ ഇംഗ്ളീഷ് ലാംഗ്വേജ് അക്രഡിറ്റേഷന്‍’ എ.ബി.പി കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതുമൂലം യു.എസില്‍ പഠന തുടരാനാഗ്രഹിക്കുന്നവര്‍ക്ക് അമേരിക്കന്‍ യൂനിവേഴ്സിറ്റികളിലെ ഫൗണ്ടേഷന്‍ കോഴ്സിന് ചേരണമെന്നില്ല. 2001 മുതല്‍ ഇംഗ്ളീഷ്, ഗണിതം, ശാസ്ത്രം, കമ്പ്യൂട്ടര്‍ പഠനം എന്നിവക്കായി വിദഗ്ധ പരിശീലനമാണ് എ.ബി.പി നല്‍കിവരുന്നത്. ഇതോടൊപ്പം തന്നെ ഡിബേറ്റുകളും, മോഡല്‍ യുനൈറ്റഡ് നാഷന്‍ പ്രോഗ്രാം, സ്കൂള്‍ ക്ളബ്, പത്രപ്രവര്‍ത്തനം, സ്പോര്‍ട്സ് എന്നിവയിലും പരിശീലനം നല്‍കിവരുന്നു. 2016-17 വര്‍ഷത്തെ എ.ബി.പി കോഴ്സിനായി പേരുചേര്‍ത്തവര്‍ക്കാണ് പരിശീലന ക്ളാസ് സംഘടിപ്പിച്ചത്. ഇവര്‍ക്കായി യൂനിവേഴ്സിറ്റികളിലെ സൗകര്യങ്ങള്‍, നിയമാവലി, പ്രവര്‍ത്തനങ്ങള്‍, പാഠ്യപദ്ധതികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരെക്കുറിച്ചുള്ള അവതരണവും എജുക്കേഷന്‍ സിറ്റിയില്‍ നിലവിലുള്ള ഏഴ് ക്യാമ്പസുകളിലേക്കുള്ള സന്ദര്‍ശനവും സംഘടിപ്പിച്ചു. എ.ബി.പി ഡയറക്ടര്‍ ഡോ. ബ്രയാന്‍ ലിവാലന്‍ കുട്ടികളെ സ്വാഗതം ചെയ്യുകയും എ.ബി.പി പാഠ്യപദ്ധതിയെ പരിചയപ്പെടുത്തുകയും ചെയ്തു.
2001 മുതല്‍ 2,650 വിദ്യാര്‍ഥികളാണ് ഇവിടെനിന്നും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.