???????? ??????????????? ????????? ????? ?????????????????????

ദേശസ്നേഹ നിറവില്‍ ഇന്ത്യന്‍  സമൂഹം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ദോഹ: രാഷ്ട്രത്തിന് സ്വാതന്ത്ര്യം നേടിത്തരാന്‍ സര്‍വതും സമര്‍പ്പിച്ച ത്യാഗികളെ സ്മരിച്ചും രാജ്യത്തിന്‍െറ അഭിമാനം മുറുകെ പിടിക്കുമെന്ന് പ്രഖ്യാപിച്ചും ഇന്ത്യക്ക്  സ്വാതന്ത്ര്യം ലഭിച്ചതിന്‍െറ 70 ാം വാര്‍ഷികാഘോഷം ഖത്തറിലെ ഇന്ത്യന്‍ സമൂഹം അഭിമാനത്തോടെ കൊണ്ടാടി. 
ഇന്ത്യന്‍ എംബസിയുടെയും നിരവധി പ്രവാസി സംഘടകളുടെയും നേതൃത്വത്തില്‍ നടന്ന വിവിധ സ്ഥലങ്ങളില്‍ നടന്ന നൂറുകണക്കിന് ഇന്ത്യക്കാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. വിദ്യാര്‍ഥികളും രാജ്യത്തിന്‍െറ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ആവേശത്തോടെ പങ്കാളികളായി. 
ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ രാവിലെ ഏഴിന് ഇന്ത്യന്‍ അംബാസഡര്‍ സജീവ് അറോറ  ദേശീയ പതാക ഉയര്‍ത്തിയതോടുകൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ദേശസ്നേഹ മുദ്രാഗീതങ്ങളുയര്‍ത്തിയും ത്രിവര്‍ണ്ണ പതാകക്ക് അഭിവാദ്യം അര്‍പ്പിച്ചും ഇന്ത്യന്‍ പ്രവാസികള്‍ ചടങ്ങില്‍ അണിനിരന്നു. തുടര്‍ന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം അംബാസഡര്‍ ചടങ്ങില്‍ വായിച്ചു. 
തുടര്‍ന്ന് ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു. വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സ്വാതന്ത്ര്യദിനത്തിന്‍െറ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ സ്നേഹവിരുന്ന് ഒരുക്കിയിരുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിന്‍്റെ ഭാഗമായി ഹിന്ദുസ്ഥാന്‍ ഹമാരാ എന്ന ശീര്‍ഷകത്തില്‍ കലാലയം സാംസ്കാരിക വേദി അസീസിയ സോണ്‍ വിചാര സദസ്സ് സംഘടിപ്പിച്ചു. 
അസഹിഷ്ണുതയും ഭീകരപ്രവര്‍ത്തനവും വ്യാപിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും കാത്തു സൂക്ഷികുന്നതിന് ചരിത്ര പഠനവും തുറന്ന സംവാദങ്ങളും ഏറെ പ്രസക്തമാണെന്ന് സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. ജമാല്‍ അഭിപ്രായപ്പെട്ടു. ഡോ. അംബേദ്കര്‍, അല്ലാമ മുഹമ്മദ് ഇഖ്ബാല്‍, മാധ്യമങ്ങള്‍: പക്ഷം, സ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ സുഹൈല്‍ കുറ്റ്യാടി, ശഫീഖ് കണ്ണപുരം, നജീബ് റഹ്മാന്‍ തിരൂര്‍ അവതരണം നടത്തി. നവാസ് കെ പി, സുറൂര്‍ ഉമ്മര്‍ പ്രസംഗിച്ചു. ശംസുദ്ധീന്‍ സഖാഫി മോഡറേറ്ററായിരുന്നു.
 ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂര്‍ ജില്ലാ സൗഹൃദവേദി ഭാരതത്തിന്‍്റെ സ്വാതന്ത്ര്യ ദിനാഘോഷവും മെമ്പര്‍ഷിപ് കാമ്പയിന്‍  ഉദ്ഘാടനവും നടത്തി. വേദി ഓഫിസില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ വേദി പ്രസിഡന്‍്റ്  പി.മുഹ്സിന്‍  അധ്യക്ഷത വഹിച്ചു.  വേദി കള്‍ച്ചറല്‍ ഡെസ്ക് ചെയര്‍മാന്‍ എ.പി മണികണ്ഠന്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. സെക്രട്ടറി ഹമീദ് അക്കിക്കാവ് സ്വാഗതം പറഞ്ഞ ചടങ്ങില്‍  ട്രഷറര്‍ അബ്ദുല്‍  ജബ്ബാര്‍, കുടുബ സുരക്ഷാ പദ്ധതി ചെയര്‍മാന്‍ ലോഹിതാക്ഷന്‍, കാരുണ്യം പദ്ധതി ചെയര്‍മാന്‍ വി.ജി സുരേഷ്, ഹെല്‍പ് ഡെസ്ക് ചെയര്‍മാന്‍ കെ.എം.എസ്  ഹമീദ്, നാട്ടിക സെക്ടര്‍ ചെയര്‍മാന്‍ കെ.എം  ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.   മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഉദ്ഘാടനം പുതിയ മെമ്പര്‍ അബ്ഹല്‍  അഹമ്മദില്‍നിന്ന് അപേക്ഷ സ്വീകരിച്ചുകൊണ്ട് വേദി പ്രസിഡന്‍്റ് പി.  മുഹ്സിനും മെമ്പര്‍ഷിപ് കമ്മറ്റി ചെയര്‍മാന്‍  സജീഷും ചേര്‍ന്ന് നിര്‍വഹിച്ചു. തുടര്‍ന്ന് മിഠായി, പായസ വിതരണവും ഉണ്ടായി.
നിലവിലെ അംഗങ്ങളുടെ മെമ്പര്‍ഷിപ് പുതുക്കലും പുതിയ അംഗങ്ങളെ ചേര്‍ക്കലും ആഗസ്ത് 15 മുതല്‍ ഡിസംബര്‍ 15 വരെ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍  അറിയിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് 33571882 എന്ന നമ്പറില്‍ നജ്മയിലുള്ള ഓഫീസുമായി ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.