നരേന്ദ്ര മോദി ജൂണില്‍ ഖത്തര്‍ സന്ദര്‍ശിക്കും

ദോഹ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ ആദ്യവാരം ഖത്തര്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. എണ്ണയുല്‍പാദക രാജ്യങ്ങളുമായി പുതിയ വ്യപാര കരാറുകളുടെ സാധ്യതകള്‍ തേടി പ്രധാനമന്ത്രി വിവിധ അറബ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നതായി ‘ഇക്കണോമിക്സ് ടൈംസ്’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത മാസം ഇറാനിലും തൊട്ടുപിന്നാലെ ഖത്തറിലും മോദിയുടെ സന്ദര്‍ശനമുണ്ടാകുമെന്നാണ് കരുതുന്നത്. 
എണ്ണ-വാതക വ്യാപാര ചര്‍ച്ചകള്‍ക്ക് പുറമെ ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമവിഷയങ്ങളും ചര്‍ച്ചയാകും. യു.എസിലും യു.എ.ഇയിലും നടത്തിയതു പോലെ പൊതുപരിപാടി സംഘടിപ്പിച്ച് ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരെ മോദി അഭിസംബോധന ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഷിങ്ടണിലേക്കുള്ള യാത്രാമധ്യേ ജൂണ്‍ നാലു മുതല്‍ ആറ് വരെയുള്ള ഏതെങ്കിലും തിയതികളിലാവും മോദി ഖത്തറിലത്തെുകയെന്നാണ് കരുതുന്നത്. സന്ദര്‍ശനത്തിന്‍െറ തിയതിയും മറ്റു വിശദാംശങ്ങളും ഇന്ത്യാ ഗവണ്‍മെന്‍റ് വക്താവ് പിന്നീട് അറിയിക്കുമെന്ന് അംബാസഡര്‍ സഞ്ജീവ് അറോറ മാധ്യമവാര്‍ത്തകളോട് പ്രതികരിച്ചുകൊണ്ട് അറിയിച്ചു. ഇന്ത്യയും ഖത്തറുമായുള്ള ബഹുമുഖ സൗഹൃദ ബന്ധത്തിന് പ്രധാനമന്ത്രി അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.
യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം മോദി സന്ദര്‍ശിക്കുന്ന ജി.സി.സിയിലെ മൂന്നാമത്തെ രാഷ്ട്രമാണ് ഖത്തര്‍. നേരത്തെ സന്ദര്‍ശിച്ച രാജ്യങ്ങളില്‍ തീവ്രവാദത്തിനെതിരായ ഉടമ്പടികളിലും വിവിധ നിക്ഷേപങ്ങള്‍ സംബന്ധിച്ച ഉടമ്പടികളിലും പ്രധാനമന്ത്രി ഒപ്പുവെച്ചിരുന്നു. മോദി അധികാരമേറ്റെടുത്ത ശേഷം ഇന്ത്യ സന്ദര്‍ശിച്ച ആദ്യതെത അറബ് ഭരണകര്‍ത്താവാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. 
ഇന്ത്യന്‍ പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയുടെ ക്ഷണം സ്വീകരിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24, 25 തിയതികളിലാണ് അമീര്‍ ഇന്ത്യ സന്ദര്‍ശിച്ചത്.  ഇന്ത്യ സന്ദര്‍ശിച്ച ഖത്തര്‍ അമീര്‍ മോദിയെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിന് അമീര്‍ മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രിക്ക് ഖത്തറിലേക്കുള്ള ക്ഷണം ആവര്‍ത്തിക്കുകയും ചെയ്തു. 
രാജ്യത്ത് ആവശ്യമായ ദ്രവീകൃത പ്രകൃതിവാതകത്തിന്‍െറ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ഖത്തറില്‍ നിന്നാണ്. മോദിയുടെ സന്ദര്‍ശനം ഇന്ത്യയിലെ വിവിധ മേഖലകളിലേക്ക് നിക്ഷേപം കൊണ്ടുവരാന്‍ സഹായകമാകുമെന്നാണ് കരുതുന്നത്. 
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ നിക്ഷേപമിറക്കാനുള്ള സാഹചര്യങ്ങള്‍ ഉറ്റുനോക്കുകയാണ് ഖത്തറിലെ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും. ഹൈവേകള്‍, റെയില്‍വേ, വ്യോമ ഗതാഗതം, എല്‍.എന്‍.ജി, പെട്രോ കെമിക്കല്‍, ടൂറിസം എന്നിവയിലും നിക്ഷേപ സാധ്യതകള്‍ ഏറെയാണ്. പ്രതിരോധരംഗത്തും പരസ്പരം സഹകരണമുണ്ടാവുമെന്നാണ് കരുതുന്നത്. ഇന്ത്യ പോലുള്ള മഹത്തായ രാജ്യത്ത് വലിയ നിക്ഷേപ പദ്ധതികള്‍ക്ക് ഖത്തര്‍ തയാറാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സന്ദര്‍ശനസമയത്ത് വ്യക്തമാക്കിയിരുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍െറയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറയും  തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് അടുത്തമാസം മോദി തെഹ്റാനിലത്തെുന്നത്. ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധം നീക്കിയ സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് വലിയ രാഷ്ട്രീയ പ്രധാന്യം കല്‍പിക്കപ്പെടുന്നുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.