ദോഹ: ഇന്ത്യന്‍ എംബസിക്ക് സമീപമുള്ള പാര്‍ക്കില്‍ അഭയം തേടിയ മലയാളി അടക്കമുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ദുരിതജീവിതം. തിരൂര്‍ സ്വദേശി ശശിധരന് പുറമെ രണ്ട് ആന്ധ്ര സ്വദേശികള്‍, രണ്ട് തമിഴ്നാട്ടുകാര്‍, ഒരു ഉത്തര്‍പ്രദേശ് സ്വദേശി എന്നിവരാണ് എംബസിക്ക് സമീപം ഇപ്പോള്‍ കഴിയുന്നത്. ആഴ്ചകളായി ഭക്ഷണത്തിന് പ്രയാസപ്പെട്ട് കഴിഞ്ഞിരുന്ന ഇവരെ സഹായിക്കാന്‍ കഴിഞ്ഞ ദിവസമാണ് കള്‍ചറല്‍ ഫോറം സേവനവിങ് പ്രവര്‍ത്തകരും നന്‍മ ഫേസ്ബുക് കൂട്ടായ്മയും എത്തിയത്. അതുവരെ എംബസിയില്‍ നിന്ന് രണ്ടാഴ്ചയോ 20 ദിവസമോ കൂടുമ്പോള്‍ 100 റിയാല്‍ ആണ് ഭക്ഷണത്തിന് വേണ്ടി കൊടുത്തിരുന്നത്. ഇവര്‍ക്ക് ഭക്ഷണം നല്‍കാമെന്ന് ഡെസര്‍ട്ട്ലൈന്‍ ഇന്‍റര്‍നാഷണല്‍ കമ്പനി അധികൃതര്‍ ഏറ്റതായി കള്‍ചറല്‍ ഫോറം സേവന വിഭാഗം കണ്‍വീനര്‍ മുഹമ്മദ്കുഞ്ഞി തായലക്കണ്ടി അറിയിച്ചു.
വീട്ടുജോലിക്കാരായിരുന്ന ഇവര്‍ ജോലിഭാരം സഹിക്കാതെ എംബസിയെ സമീപിച്ച ശേഷം തിരിച്ചുപോകാനിടമില്ലാതെ പാര്‍ക്കില്‍ അഭയം തേടുകയായിരുന്നു. ഹിലാലില്‍ സ്വദേശിയുടെ വീട്ടില്‍ പാചകക്കാരനായിരുന്ന ശശി വീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് എംബസിയില്‍ അഭയം തേടിയത്. 11 മാസം മുമ്പേ എത്തിയ ശശി നാട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടിട്ടും അനുവദിക്കാതിരുന്നതിനാലാണ് എംബസിയില്‍ അഭയം തേടിയത്. എംബസി അധികൃതര്‍ക്കൊപ്പം സി.ഐ.ഡി ഡിപ്പാര്‍ട്ട്മെന്‍റില്‍ എത്തിയെങ്കിലും സ്പോണ്‍സര്‍ ഇതുവരെ പാസ്പോസ്പോര്‍ട്ട് സി.ഐ.ഡിയില്‍ എത്തിച്ചിട്ടില്ല. പാസ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഡീപോര്‍ട്ടേഷന്‍ സെന്‍ററിലേക്കും അവിടെനിന്ന് നാട്ടിലേക്കും അയക്കുകയുള്ളൂ.
ഒരു മാസത്തിലേറെയായി പാര്‍ക്കിലെ തുറന്ന ഷെഡിലാണ് താമസം. കൂട്ടത്തില്‍ പാര്‍ക്കിലെ താമസം രണ്ടര മാസം മുതല്‍ ഒരാഴ്ച വരെ പിന്നിട്ടവരുണ്ട്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും കാറ്റിലും ഏറെ ദുരിതമനുഭവിച്ചത് ഇവരാണ്.
മഴ പെയ്തതൊഴിച്ചാല്‍ ഇതുവരെ നല്ല കാലാവസ്ഥയായിരുന്നുവെങ്കിലം ചൂട് കൂടി വരുന്നതോടെ എന്തുചെയ്യുമെന്ന് ഇവര്‍ക്ക് ഒരുപിടിയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.