സൂഖ് വാഖിഫിലെ പെരുന്നാള്‍ ആഘോഷം ഇന്നവസാനിക്കും

ദോഹ: അഞ്ച് ദിവസമായി തുടരുന്ന ദോഹ സൂഖ് വാഖിഫിലെ പെരുന്നാള്‍ ആഘോഷ പരിപാടികള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. അവസാന ദിവസമായ ഇന്ന് വൈകിട്ട് സൂഖ് വാഖിഫ് കാര്‍ണിവല്‍ അന്തരീക്ഷത്തിലായിരിക്കും സൂഖും പരിസരവുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.  
അതേസമയം, റയ്യാന്‍ തീയറ്ററില്‍ നടന്നു കൊണ്ടിരിക്കുന്ന മദീനതുല്‍ ഹികായാത് എന്ന നാടകം ചൊവ്വാഴ്ച വരെ നീണ്ടു നില്‍ക്കും. വൈകുന്നേരം നാലിനും ഏഴിനും ഓരോ പ്രദര്‍ശനങ്ങളടക്കം ദിവസേന രണ്ട് പ്രദര്‍ശനങ്ങളാണ് നാടകത്തിനുണ്ടാകുക. ഖത്തറില്‍ നിന്നും പുറത്തുനിന്നുമുളള മികച്ച കലാകാരന്മാരാണ് നാടകത്തില്‍ അണിനിരന്നത്.  കലാ സാംസ്കാരിക സംഗീതപരിപാടികള്‍ക്ക് നിറഞ്ഞ പിന്തുണയോടെ നിരവധി ആളുകളാണ് എത്തിക്കൊണ്ടിരുന്നത്.
അഞ്ച് ദിവസം നീണ്ടുനിന്ന പരിപാടികള്‍ പെരുന്നാളിന്‍്റെ ഒന്നാം ദിവസം വൈകുന്നേരത്തോടെയാണ് തുടക്കമായത്. എല്ലാ ദിവസവും വൈകുന്നേരം നാലിന് തുടങ്ങിയ സംഗീത, സാംസ്കാരിക കലാ പരിപാടികള്‍ രാത്രി 10 വരെ നീണ്ടുനിന്നു. ഈ വര്‍ഷം ഏറെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയതെന്ന് സൂഖ് വാഖിഫ് ആഘോഷ പരിപാടി കോ ഓഡിനേറ്റര്‍ ആദില്‍ അല്‍ കല്‍ദി പറഞ്ഞു.  വിവിധ പ്രായക്കാരായ  കുടുംബങ്ങളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് അധികപരിപാടികളും തയാറാക്കിയിരുന്നത്. 
സൂഖ് വാഖിഫിന്‍്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികള്‍ക്കായി വിവിധ റൈഡുകള്‍ ഒരുക്കിയിരുന്നു. 
കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാ ശില്‍പശാല, പ്രഗല്‍ഭരായ കലാകാരന്മാര്‍ അണിനിരക്കുന്ന കലാപ്രകടനങ്ങള്‍ തുടങ്ങിയവയും നടന്നു. കൂടാതെ ലൈവ് സംഗീത പരിപാടിയും അരങ്ങേറി. പ്രൈവറ്റ് എഞ്ചിനീയറിങ് ഗ്രൂപ്പാണ് സുഖ് വാഖിഫിലെ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.