ദോഹ: വെസ്റ്റേണ്‍ യൂനിയന്‍ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്കായുള്ള ഖിഫ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ കെ.എം.സി.സി കാസര്‍കോട് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കെ.പി.എ.ക്യു കോഴിക്കോടിനെ പരാജയപ്പെടുത്തി. കളിയുടെ തുടക്കത്തില്‍ ഇരുടീമുകളും ഒപ്പതിനൊപ്പം മുന്നേറിയെങ്കിലും താമസിയാതെ കെ.എം.സി.സി മേല്‍കൈ നേടുകയായിരുന്നു. ചടുലമായ നീക്കങ്ങള്‍ക്കൊടുവില്‍ കളിയുടെ 16ാം മിനുട്ടില്‍ ടീം ലക്ഷ്യംകണ്ടു. എതിര്‍ ടീമിന്‍െറ പെനാല്‍ട്ടി കോര്‍ട്ടിന് പുറത്തുനിന്ന് കെ.എം.സി.സി സ്ട്രൈക്കര്‍ തൊടുത്ത ഉഗ്രന്‍ ഗ്രൗണ്ട്ഷോട്ട് കെ.പി.എ.ക്യു ഗോളിയെ കബളിപ്പിച്ച് ഗോള്‍വലയത്തിന്‍െറ ഇടതുമൂലയില്‍ പതിച്ചു. കെ.എം.സി.സി ആധിപത്യം തുടരുന്നതിനിടെ കെ.പി.എ.ക്യു ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോളായില്ല. 50ാം മിനുട്ടില്‍ പരുക്കന്‍ കളിക്ക് ഏഴാംനമ്പര്‍ താരം കെ.പി.എ.ക്യു സ്റ്റോപ്പര്‍ ബാക്ക് മഞ്ഞകാര്‍ഡ് കണ്ടു. 54ലാം മിനുട്ടില്‍ മൈതാനത്തിന്‍െറ വലതുവിങിലൂടെ പന്തുമായി മുന്നേറിയ 14ാം നമ്പര്‍ താരം ശുഐബ് പ്രതിരോധനിരയിലെ രണ്ടുപേരെ കബളിപ്പിച്ച് വെച്ചുനീട്ടിയ പന്ത് മനോഹരമായി തൊടുത്തുവിട്ട് ഗോള്‍വലകുലുക്കി കെ.എം.സി.സിയുടെ അല്‍ഫാസ് താരമായി. തൃശൂര്‍ ടീമുകളായ കെ.എം.സി.സി.യും ടി.വൈ.സിയും തമ്മില്‍ നടന്ന മത്സരം ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയുടെ ആദ്യ നിമിഷങ്ങളില്‍ കെ.എം.സി.സി കളിയുടെ നിയന്ത്രണമേറ്റെടുക്കുകയും ടി.വൈ.സി. ഗോള്‍ മുഖത്ത് നിരന്തരം ആക്രമങ്ങളഴിച്ചുവിടുകയും ചെയ്തു. പ്രതിരോധിക്കുന്നതില്‍ ടി.വൈ.സിയുടെ നാലാം നമ്പര്‍ കളിക്കാരന്‍ ജാഫര്‍ മഞ്ഞക്കാര്‍ഡ് കണ്ടു. എട്ടാം മിനുട്ടില്‍ കെ.എം.സി.സി നടത്തിയ മുന്നേറ്റം ഭീതിജനകമായ ഷോട്ടായി രൂപപ്പെടുകയും ടി.വൈ.സി. ഗോള്‍കീപ്പര്‍ തട്ടിയകറ്റുകയും ചെയ്തെങ്കിലും കൂട്ടപ്പൊരിച്ചിലിനിടയില്‍ സെല്‍ഫ് ഗോളായി പരിണമിച്ചു.
ടി.വൈ.സിയുടെ എട്ടാം നമ്പര്‍ താരം ഇസ്മാഈലാണ് സെല്‍ഫ് ഗോളിന് കാരണക്കാരനായത്. ഗോള്‍ വീണതോടെ ടി.വൈ.സി. ഉണര്‍ന്നു കളിച്ചു. 31ാം മിനുട്ടില്‍ ടി.വൈ.സി സ്ട്രൈക്കര്‍ പെനാല്‍ട്ടി കോര്‍ട്ടിനകത്ത് ഫൗള്‍ ചെയ്യപ്പെട്ടതിന്‍െറ ഫലമായി ലഭിച്ച ഷൂട്ടൗട്ട് ഗോളാക്കുന്നതില്‍ പതിനൊന്നാം നമ്പര്‍ താരം ഷമീര്‍ മനോഹരമായ വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.