ഖത്തറില്‍ നിക്ഷേപകസാന്നിധ്യം വര്‍ധിക്കും: അടുത്ത വര്‍ഷം 30 ബില്യന്‍ ഡോളറിന്‍െറ പുതിയ കരാറുകള്‍

ദോഹ: 2022 ഫുട്ബാള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് അടുത്ത വര്‍ഷത്തോടെ ഖത്തറില്‍ നിക്ഷേപകരുടെ സാന്നിധ്യം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. 30 ബില്യന്‍ യു.എസ് ഡോളറിന്‍െറ പുതിയ കരാറുകള്‍ക്ക് 2016ഓടെ നടപടികളുണ്ടാകുമെന്ന് പ്രമുഖ സൗദി-അമേരിക്കന്‍ ബാങ്കിങ് സ്ഥാപനമായ സാമ്പയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 
ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നിര്‍മാണ സംരംഭങ്ങളുടെ വിപണിയാണ് ഖത്തര്‍. 30 ബില്യന്‍ റിയാലിന്‍െറ നിര്‍മാണ കരാറുകളിലൂടെ തുടര്‍ന്നും ഈ സ്ഥാനം നിലനിര്‍ത്തുമെന്നും  പ്രമുഖ ബിസിനസ് മാധ്യമമായ മീദിനെ ഉദ്ധരിച്ച് സാമ്പ റിപ്പോര്‍ട്ട് ചെയ്തു.
2015-2020 കാലയളവില്‍ ഉദ്ദേശം 135 ബില്യന്‍ റിയാലിന്‍െറ നിര്‍മാണ കരാറുകളാണ് നല്‍കുകയെന്നും ഇത് വ്യാപകമായ അവസരങ്ങളാണ് സൃഷ്ടിക്കുകയെന്നും റിപ്പോര്‍ട്ടിലുണ്ട്. വിവിധ ബാങ്കുകള്‍ക്കും ഇത് മികച്ച അവസരമായിരിക്കും. എന്നാല്‍, പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തിലുള്ള നിയന്ത്രണങ്ങളും വിഭവ സമാഹരണവും നിര്‍മാണ പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണത്തില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഗവണ്‍മെന്‍റിന്‍െറ നിക്ഷേപ പദ്ധതികളായിരിക്കും ഈ രംഗത്ത് ഗതിനിര്‍ണയിക്കുക. എണ്ണവിലയിലെ ചാഞ്ചാട്ടം പദ്ധതികളെ ബാധിക്കുന്നത് ഖത്തര്‍ വിലയിരുത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം വമ്പന്‍ പദ്ധതികളുമായി രാജ്യം മുന്നോട്ടുപോകുന്നുണ്ട്. 2022 ലോകകപ്പിനുള്ള സമയപരിധി വെല്ലുവിളി നിറഞ്ഞതാണ്. എങ്കിലും പദ്ധതികളിന്മേല്‍ വേണ്ട മുന്‍കരുതലുകളും നിയന്ത്രണങ്ങളും വരുത്തി നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും സാമ്പ റിപ്പോര്‍ട്ട് പറയുന്നു. 
ഡോളറുമായുള്ള ഖത്തര്‍ റിയാലിന്‍െറ വിനിമയനിരക്ക് സ്ഥിരത പാലിക്കുന്നുണ്ട്. എന്നാല്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തും വീട്ടുവാടക, വെള്ളം, കറന്‍റ് എന്നിവയിലും വിലക്കയറ്റം പ്രകടമാകുന്നുണ്ട്. ഇതാവാം പണപ്പെരുപ്പത്തിന്‍െറ നിരക്ക് കൂടാന്‍ കാരണം. കഴിഞ്ഞ ജൂലൈയില്‍ പണപ്പെരുപ്പ നിരക്ക് 1.6 ശതമാനമായി കൂടി. ജൂണില്‍ ഇത് 1.4 ശതമാനമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. ജനസംഖ്യ വര്‍ധനയും ഭീമമായ വീട്ടുവാടകയും വിലക്കയറ്റം രണ്ട് ശതമാനം വരെ ഉയര്‍ത്തിയേക്കുമെന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.