അര്‍ബുദരോഗികള്‍ക്ക് ആശ്രയമായി ആദ്യനോവലിന്‍െറ റോയല്‍റ്റി

ദോഹ: പ്രവാസ ജീവിതം സര്‍ഗാത്കാത്മക രചനക്ക് നീക്കിവെച്ചുവെന്നത് മാത്രമല്ല ഷാജി മഠത്തിലിന്‍െറ പ്രഥമ നോവലിന്‍െറ പ്രത്യേകത. പുസ്തകം വിറ്റുകിട്ടുന്ന തുക സഹജീവികളുടെ ആതുര ശുശ്രൂഷക്ക് വേണ്ടി ചെലവഴിക്കുകയാണ് ഈ യുവാവ്. ഷാജിയുടെ ആത്മാവിനെ കേന്ദ്ര കഥാപാത്രമാക്കി എഴുതിയ ‘പാതിരാപാട്ടിലെ തേന്‍നിലാ പക്ഷികള്‍’ നോവല്‍ ദോഹയില്‍ പ്രകാശനത്തിനൊരുങ്ങുകയാണ്. പുസ്തകത്തിന്‍െറ റോയല്‍റ്റി ആലുവ അന്‍വര്‍ ആശുപത്രിയിലെ ക്യാന്‍സര്‍ രോഗികളുടെ ചികില്‍സക്ക് നല്‍കാമെന്ന സമ്മതപത്രത്തില്‍ അദ്ദേഹം ഒപ്പുവെച്ചിട്ടുണ്ട്.
ഖത്തര്‍ എയര്‍വെയ്സിലെ സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഷാജി ജോലി കഴിഞ്ഞ് ലഭിക്കുന്ന വിശ്രമവേളകളിലാണ് നോവല്‍ പൂര്‍ത്തിയാക്കിയത്. നാലുവര്‍ഷമെടുത്താണ് രചന പൂര്‍ത്തിയാക്കിയത്. പഠനകാലത്ത് മാഗസിനുകളിലും മറ്റും എഴുതിയിരുന്ന ഷാജി പ്രവാസിയായതിന് ശേഷം ഒന്നും എഴുതിയിരുന്നില്ല. ഉറ്റ സുഹൃത്തിന്‍െറ ആകസ്മിക മരണവും മനുഷ്യന്‍െറ നിസ്സഹായതയും കണ്ടുണ്ടായ നൊമ്പരമാണ് വീണ്ടും എഴുത്തിന്‍െറ ലോകത്തത്തെിച്ചത്. 
അര്‍ബുദ ബാധിതനായി മരിച്ച സുഹൃത്തിന്‍െറ ഓര്‍മ തന്നെയാണ് പുസ്തകത്തിന്‍െറ റോയല്‍റ്റി രോഗികള്‍ക്ക് സഹായമാവുന്ന തരത്തില്‍ നല്‍കാനും പ്രചോദനം. ഒന്നര പതിറ്റാണ്ട് നീണ്ട പ്രവാസത്തിന്‍െറ നിസാരതയും ഒറ്റപ്പെടലുകളും നോവലില്‍ പ്രതിപാദിക്കുന്നുണ്ട്.
സാധാരണ രചന രീതികളില്‍ നിന്ന് മാറി പുതുമയുള്ള ഇതിവൃത്തമാണ് നോവലില്‍ കൊണ്ടുവരുന്നത്. ഒരാള്‍ മരിച്ച അന്ന് മുതല്‍ 41 ദിവസം വരെയുള്ള ആത്മാവിന്‍െറ അനുഭവമാണ് കഥ പറയുന്ന രീതിയില്‍ അവതരിപ്പിക്കുന്നത്. 
ജീവിച്ചിരിക്കുമ്പോള്‍ കാണാതിരുന്ന കാഴ്ചകളും പുതിയ ലോകവും ആത്മാവ് ഒരോ ദിവസവും വയനക്കാരുമായി പങ്കുവെക്കുകയാണ്. പ്രണയവും പ്രവാസവും മിത്തും യാഥാര്‍ഥ്യങ്ങളുമെല്ലാം കൂടിക്കലര്‍ന്നതാണ് ഈ നോവല്‍. ആര്‍ട്ടിസ്റ്റ് എം.വി. ദേവന്‍െറ ജ്യേഷ്ഠന്‍െറ മകനായ ഷാജി നല്ളൊരു ചിത്രകാരനാണ്. 
പുസ്തകത്തിന്‍െറ കവര്‍ ത്രിഡി ആയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം ആലുവയില്‍ നടന്ന ചടങ്ങില്‍ പ്രഫ. എം.കെ. സാനു പുസ്തകം നാട്ടില്‍ പ്രകാശനം ചെയ്തിരുന്നു. നവംബറില്‍ ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍ററിന്‍െറ സഹകരണത്തോടെ ഖത്തറിലും പ്രകാശനം സംഘടിപ്പിക്കുമെന്ന് അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കറന്‍റ് ബുക്സാണ് നോവലിന്‍െറ പ്രസാധകര്‍. തലശ്ശേരി, ചൊക്ളി സ്വദേശി മഠത്തില്‍ നാരായണന്‍െറയും ഭാര്‍ഗ്ഗവിയുടെയും മകനായ ഷാജി കേമേഴ്സിലും ബസിനസ് മാനേജ് മെന്‍റിലും കമ്പ്യൂട്ടര്‍ സയന്‍സിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 
ഭാര്യ സന്ധ്യ മകന്‍ ആകാശ് എന്നിവര്‍ക്കൊപ്പം ആലുവയിലാണ് ഇപ്പോള്‍ താമസം. 448 പേജുള്ള പുസ്തകത്തിന്‍െറ വില 325 രൂപയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.