ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ ആദ്യജയം റയ്യാന്

ദോഹ: ഖത്തറിലെ ഫുട്ബാള്‍ ആവേശം വാനോളമുയര്‍ത്തി ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്‍െറ പുതിയ സീസണ് തുടക്കമായി. അല്‍ സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ സൈലിയയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് കീഴടക്കി റയ്യാന്‍ സ്റ്റാര്‍സ് ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. മോശം പ്രകടനം കാരണം കഴിഞ്ഞ സീസണില്‍ സ്റ്റാര്‍സ് ലീഗില്‍ പന്തുതട്ടാന്‍ സാധിക്കാതിരുന്ന റയ്യാന്‍ ടീം, പക്ഷേ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കും വിധത്തില്‍ കളിയുടെ കെട്ടഴിച്ചാണ് ആദ്യമത്സരത്തില്‍ വരവറിയിച്ചത്. പുതുതായി അണിയിലത്തെിച്ച പരാഗ്വന്‍ താരമായ വിക്ടര്‍ കസാറസ് ആണ് ലീഗിലെ ആദ്യഗോളിനുടമ. ബ്രസീലിയന്‍ താരം തബാട്ടയില്‍ നിന്ന് പന്ത് സ്വീകരിച്ച് ഗാര്‍ഷ്യ നല്‍കിയ ഒന്നാന്തരം പാസ് ഗോളിലേക്ക് വഴിതിരിച്ചാണ് 15ാം മിനിട്ടില്‍ കസാറസ് ഗോള്‍ നേടിയത്. നേരത്തേ ഏഴാം മിനുട്ടില്‍ സൈലിയ റയ്യാനെതിരെ ഗോള്‍ നേടിയെങ്കിലും റഫറിയുടെ തെറ്റായ തീരുമാനം മൂലം ഓഫ്സൈഡ് വിളിച്ചതിനാല്‍ റയ്യാന്‍ രക്ഷപ്പെടുകയായിരുന്നു. ആദ്യഗോളിന് ശേഷം ഉണര്‍ന്നുകളിച്ച സൈലിയക്ക് പക്ഷേ അര മണിക്കൂറിന് ശേഷം ഇരുട്ടടിയായി രണ്ടാം ഗോളും പിറന്നു. തബാട്ടയുടെ ഫ്രീകിക്കില്‍ നിന്ന് തന്നെ തലകൊണ്ട് ഫ്ളിക്ക് ചെയ്ത് റയ്യാന്‍ നിരയിലെ പുതിയ അംഗമായ പരേഗ്വന്‍ താരം സെബാസ്റ്റ്യന്‍ സോറിയ ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം പകുതിയില്‍ സൈലിയ ആക്രമണവീര്യം പുറത്തെടുത്തെങ്കിലും ഗോള്‍ മടക്കാന്‍ സാധിച്ചില്ല. 62ാം മിനുട്ടില്‍ ഡ്രാഗസ് ഗ്രിഗോര്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയതും അവര്‍ക്ക് തിരിച്ചടിയായി. പത്ത് പേരായി ചുരുങ്ങിയ സൈലിയയുടെ മേല്‍ റയ്യാന്‍ തുടരത്തെുടരെ നടത്തിയ ആക്രമണത്തില്‍ ഫലവും കണ്ടു. 67ാം മിനുട്ടില്‍ ബ്രസീലിയന്‍ താരം തബാട്ടയുടെ വകയായിരുന്നു ഇത്തവണ ഗോള്‍ നേടിയത്. കളി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കേ ഇഞ്ചുറി ടൈമില്‍ മുഹമ്മദ് സലാഹ് അല്‍ നീല്‍ നാലാം ഗോളും നേടിയതോടെ സൈലിയയുടെ പതനം പൂര്‍ത്തിയായി. പുതുതായി ടീമിന്‍െറ പരിശീലകനായി സ്ഥാനമേറ്റെടുത്ത ജോര്‍ജ് ഫോസാറ്റിക്ക് ടീമിന്‍െറ വിജയം കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. താരങ്ങളെ അണിയിലത്തെിയും കണക്കുകള്‍ കൂട്ടിയും കിഴിച്ചും പുതിയ നിരയെ തന്നെയാണ് മിക്ക ക്ളബുകളും പുതിയ സീസണിലേക്കായി എത്തിച്ചിരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.