‘ക്ളോക്ക് ബാലന്‍’ അഹമ്മദ് മുഹമ്മദിന്‍െറ പഠനം ഖത്തര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തു

ദോഹ: അമേരിക്കന്‍ ‘ക്ളോക്ക് ബാലന്‍’ അഹമ്മദ് മുഹമ്മദിന് ഖത്തര്‍ ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പ് അനുവദിച്ചതിന് പിന്നാലെ തുടര്‍ സ്കൂള്‍ വിദ്യാഭ്യാസവും ബിരുദതലം വരെയുള്ള പഠനച്ചെലവുകളും തങ്ങള്‍ ഏറ്റെടുക്കുന്നതായി  ഖത്തര്‍ ഫൗണ്ടേഷന്‍ അറിയിച്ചു. ഇതിനായി വൈകാതെ അഹമ്മദും കുടുംബവും ഖത്തറിലേക്ക് തിരിക്കും. 
നവീനാശയങ്ങള്‍ വികസിപ്പിക്കുന്ന ഇളംതലമുറക്കുള്ള ഖത്തര്‍ ഫൗണ്ടേഷന്‍െറ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിലുള്‍പ്പെടുത്തിയാണ് അഹമ്മദിന് അറബ് ലോകത്തെ വിശിഷ്ടമായ പഠനാവസരം ലഭ്യമാവുക. 
അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമയുടെ ക്ഷണം സ്വീകരിച്ച് വൈറ്റ് ഹൗസ് സന്ദര്‍ശിച്ച് മടങ്ങവെയാണ് ഖത്തറിലേക്ക് മാറുന്ന വിവരം അഹമ്മദിന്‍െറ കുടുംബം പ്രഖ്യാപിച്ചത്. ഡാല്ലസിലെ മാക് അര്‍തര്‍ ഹൈസ്കൂളിലെ തന്‍െറ മക്കളുടെ പഠനം അവസാനിപ്പിച്ചതായി അഹമ്മദ് മുഹമ്മദിന്‍െറ പിതാവ് നേരത്തെ അറിയിച്ചിരുന്നു.
ഖത്തര്‍ ഫൗണ്ടേഷന്‍ ഏറെ മതിപ്പുളവാക്കിയതായും അവിടെ പഠിക്കാന്‍ അവസരം ലഭിച്ചത് ഏറെ ആഹ്ളാദകരമാണെന്നും അഹമ്മദ് പ്രതികരിച്ചു. ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും തല്‍പരരായ നിരവധി സഹപാഠികളെ അവിടം സന്ദര്‍ശിച്ചപ്പോള്‍ കണ്ടുമുട്ടിയിരുന്നു. അവിടെ നിന്ന് ധാരാളം പഠിക്കാനും നല്ല അനുഭവങ്ങള്‍ ലഭിക്കാനും ഭാഗ്യമുണ്ടാവുമെന്നാണ് കരുതുന്നതെന്നും അഹമ്മദ് പ്രതികരിച്ചതായും ഖത്തര്‍ ഫൗണ്ടേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
14കാരനായ അഹമ്മദ് മുഹമ്മദ് വീട്ടിലുണ്ടാക്കിയ ക്ളോക്ക് അധ്യാപികയെ കാണിക്കാന്‍ സ്കൂളില്‍ കൊണ്ടുവന്നപ്പോഴാണ് ബോംബാണെന്ന് തെറ്റിദ്ധരിച്ച് സ്കൂള്‍ അധികൃതര്‍ പൊലീസില്‍ ഏല്‍പിച്ചത്. താന്‍ സ്വന്തമായി ഉണ്ടാക്കിയ ക്ളോക്കാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അധ്യാപകരോ പൊലീസോ ചെവിക്കൊണ്ടില്ല. കുട്ടിയെ വിലങ്ങണിയിച്ച് നിര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ഇതേതുടര്‍ന്ന് അഹമ്മദ് മുഹമ്മദിന് ലോകത്തിന്‍െറ നാനാഭാഗത്ത് നിന്ന് പിന്തുണ അറിയിച്ച് നിരവധി പേര്‍ എത്തുകയായിരുന്നു. 
ഒക്ടോബര്‍ അഞ്ചിന് ഖത്തര്‍ ഫൗണ്ടേഷന്‍െറ ക്ഷണം സ്വീകരിച്ച് അഹമ്മദും കുടുംബവും ഖത്തറിലത്തെിയിരുന്നു. എജുക്കേഷന്‍ സിറ്റി, ഖത്തര്‍ അക്കാദമി, ടെക്സസ്, എ ആന്‍റ് എം യൂനിവേഴ്സിറ്റി, കാര്‍ണിജ് മെലന്‍ യൂനിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്തിരുന്നു. 
മാര്‍ക് സുക്കര്‍ബര്‍ഗ്, ഹിലാരി ക്ളിന്‍റണ്‍, നാസ, ഒബാമ തുടങ്ങി പ്രശസ്തരുടെ നീണ്ട നിര തന്നെ പിന്തുണക്കാനുണ്ടായെങ്കിലും അഹമ്മദിനെയും കുടുംബത്തെയും ഇപ്പോഴും സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്തുന്ന പ്രതികരണങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമാണ്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.