പാര്‍പ്പിട മേഖലയിലെ നിയമവിരുദ്ധ താമസങ്ങള്‍ ഒഴിപ്പിക്കണം -മുനിസിപ്പല്‍ കൗണ്‍സില്‍

ദോഹ: പാര്‍പ്പിട മേഖലയിലെ തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍. സെന്‍ട്രല്‍ മുനിസിപ്പല്‍ അംഗങ്ങളുടെ നാലാം സഭായോഗത്തിലാണ് കുടുംബങ്ങള്‍ താമസിക്കുന്നതും ബാച്ചിലര്‍ തൊഴിലാളികള്‍ക്ക് വിലക്കുള്ളതുമായ കേന്ദ്രങ്ങളില്‍ നിന്ന് തൊഴിലാളികളെ ഒഴിപ്പിക്കാനുള്ള നിയമം കര്‍ശനമാക്കണമെന്ന അഭിപ്രായം ഉയര്‍ന്നത്. 
ഗാര്‍ഹിക തൊഴിലാളികളുടെ പാര്‍പ്പിടങ്ങള്‍ക്ക് വിലക്കുള്ള തുമാമയില്‍ ഇത്തരം നിരവധി പേരുടെ താമസ കേന്ദ്രങ്ങളുണ്ടെന്നും ഇവിടെ നിയമം കര്‍ശനമായി നടപ്പാക്കണമെന്നും ഈ മേഖലയിലെ മുനിസിപ്പല്‍ അംഗമായ ഫാത്തിമ അല്‍ കുവാരി ആവശ്യപ്പെട്ടു. മുനിസിപ്പല്‍ ചട്ടപ്രകാരം ഉദ്യോഗസ്ഥര്‍ തങ്ങളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുകയും ബാച്ചിലേഴ്സ് തൊഴിലാളികളുടെ എണ്ണം ശേഖരിക്കുകയുമാണ് വേണ്ടതെന്ന് മറ്റൊരു അംഗം ശൈഖ അല്‍ ജിഫൈരി പറഞ്ഞു. തുമാമയില്‍ മാത്രമല്ല ഇത്തരം തൊഴിലാളികള്‍ താമസിക്കുന്നത്. വിവിധ മുനിസിപ്പാലിറ്റികള്‍ തങ്ങളുടെ മേഖലകളിലെ പരിശോധന കര്‍ശനമാക്കണം. 2011 നവംബര്‍ മുതല്‍ ബാച്ചിലര്‍ തൊഴിലാളികളെ വിലക്കുന്ന നിയമം ബാധകമായിട്ടുണ്ട്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, കമ്പനി എക്സിക്യൂട്ടീവുകള്‍ എന്നിവരെ നിയമത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും അതത് മുനിസിപ്പാലിറ്റി പരിധിയില്‍ ഈ വിഭാഗങ്ങള്‍ക്ക് നിയമം ബാധകമായിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
അല്‍ റയ്യാന്‍ മുനിസിപ്പല്‍ പരിധിയിലെ വിലക്കുള്ള ചില സ്ഥലങ്ങളില്‍ തൊഴിലാളികളുടെ പാര്‍പ്പിട കേന്ദ്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനത്തെുടര്‍ന്ന് സി.എം.സി ചെയര്‍മാന്‍ മഹ്മൂദ് അല്‍ ശാഫി മുനിസിപ്പാലിറ്റിയോട് പരിശോധന നടത്താന്‍ ആവശ്യപ്പെടുകയും, പരിശോധനയില്‍ 72ഓളം താമസസ്ഥലങ്ങള്‍ കണ്ടത്തെുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മാലിന്യ സംസ്കരണം, ഹരിതവല്‍കരണം, ഭൂമി കൈയേറ്റം എന്നീ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പാര്‍പ്പിട കേന്ദ്രങ്ങളോടനുബന്ധിച്ച് മരങ്ങള്‍ വെച്ചുപിടിപ്പിക്കാനുള്ള ശിപാര്‍ശകളും അംഗങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഹൈവേകളോടനുബന്ധിച്ചും നിര്‍മാണത്തിലിരിക്കുന്ന മറ്റു പദ്ധതികളുടെ സമീപത്തും ജലസേചന പദ്ധതികളുടെ വ്യാപനത്തിനുള്ള ശിപാര്‍ശകള്‍ അശ്ഗാലിന്‍െറ മുമ്പാകെ ചില അംഗങ്ങള്‍ ധരിപ്പിച്ചു. വിവിധയിനം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി തരംനിര്‍ണയിച്ചിട്ടുള്ള  കുട്ടകള്‍ നല്‍കാനുള്ള ശിപാര്‍ശകള്‍ മുനിസിപ്പല്‍ മന്ത്രാലയം അംഗീകരിക്കുകയും വിവിധ മേഖലകളിലേക്ക് ഇവ വിതരണം ചെയ്തിട്ടുണ്ടെന്നും അംഗം അറിയിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.