ദോഹ: ഈജിപ്ഷ്യന്‍ ജയിലില്‍ നിന്നും മോചിതനായ അല്‍ ജസീറ ഇംഗ്ളീഷ് ചാനല്‍ റിപ്പോര്‍ട്ടര്‍ ബാഹിര്‍ മുഹമ്മദ് ദോഹയിലത്തെി. അല്‍ ജസീറ ആസ്ഥാനം സന്ദര്‍ശിക്കുന്നതിനത്തെിയ ബാഹിറിനും കുടുംബത്തിനും അല്‍ ജസീറ മേധാവികള്‍ ഹമദ് വിമാനത്താവളത്തില്‍ ഉജ്വല വരവേല്‍പ് നല്‍കി. അല്‍ ജസീറ നെറ്റ്വര്‍ക്ക് ആക്ടിങ് ജനറല്‍ ഡയറക്ടര്‍ ഡോ. മുസ്തഫ സവാഖ്, അല്‍ ജസീറ ഇംഗ്ളീഷ് ഡയറക്ടര്‍ ജെയ്ല്‍സ് തുടങ്ങിയവര്‍ വിമാനത്താവളത്തിലത്തെിയിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന സന്ദര്‍ഭമാണിതെന്നും എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണെന്നും ബാഹിര്‍ പറഞ്ഞു. ബാഹിറും കുടുംബവും അല്‍ ജസീറ കുടുംബത്തില്‍ എത്തിയതില്‍ ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നതായി ഡോ. മുസ്തഫാ സവാഖ് പറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ ധീരതയോടെയാണ് ബാഹിര്‍ മുന്നേറിയത്. ജോലിയുടെ കാര്യത്തിലും വ്യക്തിപരമായും ബാഹിര്‍ മഹത്തായ ത്യാഗമാണ് ചെയ്തത്. ബാഹിറിന് ലഭിച്ച സ്വാതന്ത്ര്യം മാധ്യമ സ്വാതന്ത്ര്യത്തിന്‍െറ കൂടി സ്വാതന്ത്ര്യമാണെന്നും അല്‍ ജസീറ ഡയറക്ടര്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ബലിപെരുന്നാളിനോടനുബന്ധിച്ച് ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ പൊതുമാപ്പിലാണ് ബാഹിര്‍ മുഹമ്മദും മുഹമ്മദ് ഫഹ്മിയും ജയില്‍ മോചിതരായത്. അല്‍ ജസീറയുടെ ഏഴോളം ജീവനക്കാര്‍ ഇപ്പോഴും ഈജിപ്ഷ്യന്‍ തടങ്കലില്‍ കഴിയുകയാണ്.
2013ലാണ് ബാഹിര്‍ മുഹമ്മദ്, മുഹമ്മദ് ഫഹ്മി, പീറ്റര്‍ ഗ്രേസ്റ്റ് എന്നിവരെ ഈജിപ്ഷ്യന്‍ പട്ടാളം അറസ്റ്റ് ചെയ്യുന്നതും തടവിലിടുന്നതും.
2014ല്‍ ഭരണം അട്ടിമറിക്കന്നതിന് മുസ്ലിം ബ്രദര്‍ഹുഡിനെ സഹായിച്ചെന്ന ആരോപണത്തില്‍ ഇവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ‘ഫ്രീ എജെ സ്റ്റാഫ്’ എന്ന പേരില്‍ അല്‍ ജസീറ ആരംഭിച്ച അന്താരാഷ്ട്ര കാമ്പയിന്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റുകയും അതിനെ തുടര്‍ന്ന് നിരവധി മനുഷ്യാവകാശ സംഘടനകളും പ്രശസ്ത മാധ്യമപ്രവര്‍ത്തകരും രംഗത്ത് വരികയും ചെയ്തിരുന്നു.
ജയിലില്‍ ബാക്കിയുള്ള ജീവനക്കാരെ കൂടി മോചിപ്പിക്കുന്നത് വരെ കാമ്പയിന്‍ ശക്തമായി തന്നെ മുമ്പോട്ട് കൊണ്ടുപോകുമെന്നും അവരുടെ കേസ് നിരുപാധികം പിന്‍വലിക്കണമെന്നാണ് ഈജിപ്ഷ്യന്‍ ഭരണകൂടത്തോട് തങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളതെന്നും ഡോ. സവാഖ് പറഞ്ഞു. എവിടെയെല്ലാം മാധ്യമ പ്രവര്‍ത്തകര്‍ അതിക്രമം നേരിടുന്നുണ്ടോ അവര്‍ക്ക് വേണ്ടിയെല്ലാം തങ്ങള്‍ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് അല്‍ ജസീറ ഇംഗ്ളീഷ് ന്യൂസ് റൂമില്‍ ബാഹിറിനും കുടുംബത്തിനും സ്വീകരണം നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.