സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും പ്രദര്‍ശനം സമാപിച്ചു

ദോഹ: 20ാമത് അന്താരാഷ്ട്ര ഗള്‍ഫ് സ്റ്റാമ്പ് എക്സിബിഷന്‍െറ ഭാഗമായി ലാന്‍റ്മാര്‍ക്ക് ഹാളില്‍ സംഘടിപ്പിച്ച സാറ്റാമ്പുകളുടെയും നാണയങ്ങളുടെയും പ്രദര്‍ശനം കൗതുകമായി. 
പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന ലേലത്തില്‍ 190ഓളം സ്റ്റാമ്പുകളും 220 നാണയങ്ങളും ബാങ്ക് പ്രമാണങ്ങളും ലേലത്തില്‍ പോയതായി സംഘാടകര്‍ അറിയിച്ചു. ജി.സി.സി രാജ്യങ്ങളുടെയും മറ്റു വിദേശരാജ്യങ്ങളുടെയും ചരിത്രവും പൈതൃകങ്ങളും  പ്രകടമാകുന്ന 160-ഓളം സ്റ്റാമ്പുകളുടെ പ്രദര്‍ശനമേള ഇന്നലെ സമാപിച്ചു. ഖത്തര്‍ പോസ്റ്റല്‍ വകുപ്പും (ക്യു-പോസ്റ്റ്),  ഖത്തര്‍ അമേച്വര്‍ ക്ളബ് ഓഫ് കോയിന്‍സ് ആന്‍റ് സ്റ്റാമ്പ്സും ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.  കറന്‍സി, നാണയങ്ങള്‍ എന്നിവയുടെ ശേഖരണം വിനോദമാക്കിയ ഒരുപാടുപേരെ പ്രദര്‍ശനം ആകര്‍ഷിച്ചതായും അപൂര്‍വമായ അനേകം ശേഖരങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു പ്രദര്‍ശനമെന്നും ക്ളബ് എക്സിക്യൂട്ടീവ് അംഗം ഹുസൈന്‍ റാജേവ് ഇസ്മാഈല്‍ പറഞ്ഞു. പ്രദര്‍ശനത്തില്‍ ഖത്തറില്‍നിന്നുള്ള 40ഓളം സ്റ്റാമ്പുകളില്‍ രാജ്യത്തിന്‍െറ പാരമ്പര്യവും സംസ്കാരവും പഴയകാല ഖത്തരികളുടെ ജീവിതവും വെളിവാക്കുന്ന ചിത്രങ്ങളുമുണ്ടായിരുന്നു. 
അമേരിക്കയുമായുമായി 188 വര്‍ഷം പഴക്കമുള്ള കത്തിടപാടുകളുടെ തപാല്‍ മുദ്രകളും കറന്‍സികളുമായിരുന്നു ഖത്തറില്‍നിന്നുള്ള ശേഖരത്തിന്‍െറ പ്രധാന ആകര്‍ഷണം. 
അപൂര്‍വയിനം സ്റ്റാമ്പുകളുള്ള ശേഖരണത്തില്‍ തല്‍പരരായ ഖത്തരി യുവാക്കള്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതായി എക്സിക്യുട്ടീവ് അംഗം ഇസ്മാഈല്‍ പറഞ്ഞു. വാര്‍ത്താവിതരണ-വിവരസാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹെസ്സ സുല്‍ത്താന്‍ അല്‍ ജാബറായിരുന്നു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. 
ജി.സി.സിയിലെ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള പ്രതിനിധികളും സ്റ്റാമ്പുകളുടെയും നാണയങ്ങളുടെ ശേഖരത്തില്‍ തല്‍പരരായവരും  പ്രദര്‍ശനത്തില്‍ പങ്കെടുത്തു. വര്‍ഷന്തോറും അംഗരാജ്യങ്ങളിലെ പോസ്റ്റല്‍ ഡയറക്ടര്‍മാരുടെ സമ്മേളനത്തിന്‍െറ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിക്കാറുള്ളത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.