പായ്കപ്പല്‍ മേളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ദോഹ: നവംബര്‍ 17 മുതല്‍ 21വരെ കതാറ ബീച്ചില്‍ നടക്കുന്ന അഞ്ചാമത് പരമ്പരാഗത പായ്ക്കപ്പല്‍ മേളയുടെ ഒരുക്കങ്ങള്‍ തകൃതിയായി. പൈതൃക ഉരു മല്‍സരത്തിനുള്ള രജിസ്ട്രേഷനും ആരംഭിച്ചു. കഴിഞ്ഞ നാല് വര്‍ഷങ്ങളിലെയും പരമ്പരാഗത ഉരു ഫെസ്റ്റുകള്‍ വന്‍വിജയമായതായും ഇത്തവണ കൂടുതല്‍ പങ്കാളിത്തമുണ്ടാകുമെന്നും കതാറ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 
മുംബൈ സന്ദര്‍ശിച്ച് മടങ്ങുന്ന ഫതഹുല്‍ ഖൈര്‍-2 പരമ്പരാഗത പായ്ക്കപ്പല്‍ തിരിച്ചത്തെുന്നത് പായ്കപ്പല്‍ ഫെസ്റ്റിവലിലേക്കാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പായ്കപ്പല്‍ മേളയുടെ ഉദ്ഘാടന ദിവസം തന്നെയാണ് ഫത്ഹുല്‍ ഖൈര്‍ കതാറയിലത്തെുന്നത്. അറബിക്കടലില്‍ കാലാവസ്ഥ മാറിയത് മൂലമുണ്ടായ വെല്ലുവിളികളും ഉരുവിന് സംഭവിച്ച തകരാറുമടക്കം എല്ലാ വെല്ലുവിളികളും അതിജീവിച്ചാണ് പരമ്പരാഗത ഉരു തിരിച്ചത്തെുന്നത്. 
പേള്‍ ഡൈവിങ്, വള്ളംകളി, ഫ്രീ ഡൈവിങ്, റോവിങ്, സെയ്ലിങ്, ഏറ്റവും മികച്ച പൈതൃക ഉരു, പരമ്പരാഗത കപ്പല്‍ യാത്ര തുടങ്ങിയ മല്‍സരങ്ങളാണ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് നടക്കുക. പരമ്പരാഗത രീതിയിലുള്ള ധൗ ഫെസ്റ്റിവലില്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്ന് നൂറിലധികം പായ്കപ്പലുകള്‍ പങ്കെടുക്കും. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ഫെസ്റ്റിവല്‍ അരങ്ങേറുക. 
ബഹ്റൈന്‍, കുവൈത്ത്, സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പായ്കപ്പലുകള്‍ കഴിഞ്ഞ തവണത്തെ ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്നു. കേരളത്തില്‍ ബേപ്പൂരില്‍ നിന്നും അഴീക്കലില്‍ നിന്നുമുള്ള ഉരുനിര്‍മാതാക്കളും സ്ഥിരമായി മേളയില്‍ പങ്കെടുക്കാറുണ്ട്.
ദൗ ഫെസ്റ്റിവലില്‍ പൊതുജനങ്ങള്‍ക്കായി  പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിക്കും. ഫെസ്റ്റ് സന്ദര്‍ശിക്കാനത്തെുന്നവര്‍ക്ക്  പായ്കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ശില്‍പശാലകളിലും സാംസ്കാരിക പരിപാടികളിലും പങ്കെടുക്കാന്‍ അവസരമുണ്ടാവും. പരമ്പരാഗത പായ്കപ്പലുകളുടെ ഉടമകളും കപ്പല്‍ജീവനക്കാരും ഫെസ്റ്റിവലില്‍ പങ്കെടുക്കും. 
ഖത്തര്‍ മ്യൂസിയം അതോറിറ്റിയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ജി.സി.സ രാജ്യങ്ങളിലെയും ലോകത്തിലെ തന്നെയും മുന്‍നിര പരമ്പരാഗത പായ്കപ്പല്‍ ഫെസ്റ്റാണ് ഇവിടെ നടക്കുന്നത്. സമാപനചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. 
മുംബൈയില്‍ നിന്ന് മടങ്ങി, ഒമാനിലത്തെിയ ഫത്ഹുല്‍ ഖൈര്‍ അവിടെനിന്ന് കതാറ തീരം ലക്ഷ്യമാക്കി പുറപ്പെട്ടു. മൂന്നുദിവസം കൊണ്ട് മസ്കത്തില്‍ നിന്ന് ഖത്തറിലത്തൊമെങ്കിലും പായ്കപ്പല്‍ ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്ന ചൊവ്വാഴ്ചയാണ് പത്തേമാരിക്ക് ഒൗദ്യോഗിക സ്വീകരണം നല്‍കുന്നത്. യാത്രാസംഘത്തിന് ഊഷ്മള സ്വീകരണം നല്‍കുന്നതിനായി വിപുലമായ തയാറെടുപ്പുകളാണ് കതാറയില്‍ പുരോഗമിക്കുന്നത്. ഒക്ടോബര്‍ 31ന് ആണ് ഉരു ഇന്ത്യയില്‍ നിന്ന് മടക്കയാത്ര തുടങ്ങിയത്. നവംബര്‍ ഒമ്പതിന് മസ്കത്തിലത്തെി. 
മടക്കയാത്രക്കിടെ പാകിസ്താന്‍ കടലില്‍ വെച്ചുണ്ടായ ചെറിയ അപകടത്തില്‍ രണ്ട് നാവികര്‍ക്ക് പരിക്കേറ്റിരുന്നു. ഒക്ടോബര്‍ അഞ്ചിനാണ് 30പേരുമായി ഉരു ഖത്തറില്‍ നിന്ന് പുറപ്പെട്ടത്. കാലാവസ്ഥ അനുകൂലമായിരുന്നതിനാല്‍ കണക്ക് കൂട്ടിയതിനും മൂന്ന് ദിവസം മുമ്പേ അവര്‍ ആദ്യ ലക്ഷ്യസ്ഥാനമായ ഒമാനിലെ സുറിലത്തെി. അവിടെ നിന്ന് മൂംബൈ ലക്ഷ്യമാക്കി പുറപ്പെടാന്‍ ഒരുങ്ങിയെങ്കിലും കാലാവസ്ഥ വഴിമുടക്കി. കാറ്റും കോളും കാരണം ഒരാഴ്ചയിലധികം സംഘത്തിന് ഒമാനില്‍ തങ്ങേണ്ടി വന്നു. 
കാലാവസ്ഥ അനുകൂലമായതോടെ 18ന് പുലര്‍ച്ചെയാണ് പുറപ്പെട്ടത്. ഒക്ടോബര്‍ 24ന് പുലര്‍ച്ചെ സംഘം മുംബൈയിലത്തെുകയും ചെയ്തു. മൂംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ ഉരുവിനും സാഹസിക യാത്രക്കാര്‍ക്കും പ്രൗഡഗംഭീരമായ വരവേല്‍പ്പാണ് ലഭിച്ചത്. 
പൂര്‍വികര്‍ നടത്തിയ കടല്‍യാത്രകള്‍ എത്രമാത്രം സാഹസികമായിരുന്നുവെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതിനാണ് ഈ യാത്ര സംഘടിപ്പിച്ചത്. 60 വര്‍ഷത്തിന് ശേഷമാണ് പായ്കപ്പല്‍ ഖത്തറില്‍ നിന്ന് ഇന്ത്യന്‍ തീരത്തേക്ക് പരമ്പരാഗത സമുദ്രപാതയിലൂടെ യാത്രയായത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.