ദോഹ: പണമിടപാടുകള്‍ക്കായി തിരക്കേറിയ ദിവസങ്ങളില്‍ മണി എക്സ്ചേഞ്ച് സെന്‍ററുകളില്‍ എത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ധനകാര്യസ്ഥാപനങ്ങളുടെ മുന്നറിയിപ്പ്. നഗരങ്ങളിലെ തിരക്കുള്ള ഭാഗങ്ങളിലുള്ള എക്സ്ചേഞ്ചുകള്‍ കേന്ദ്രീകരിച്ച് പണം കവരാനായി തട്ടിപ്പ് സംഘം വ്യാപകമാകുന്നതായി വ്യക്തമായതിനാലാണ് എക്സ്ചേഞ്ചുകള്‍ മുന്നറിയിപ്പ് നല്‍കിയത്. ശമ്പളം ലഭിച്ചയുടനെ, മാസത്തിലെ ആദ്യദിനങ്ങളിലാണ് ഇത്തരം കവര്‍ച്ചകള്‍ കൂടുതലും അരങ്ങേറുന്നത്. വാരാന്ത്യഅവധി ദിനങ്ങളിലാണ് കവര്‍ച്ചക്കാരുടെ വിളയാട്ടം കൂടുതല്‍. തിരക്കേറിയ സ്ഥലങ്ങളിലുള്ള എക്സ്ചേഞ്ച് പരിസരങ്ങളില്‍ നിന്ന് പണം കവര്‍ന്ന് ആളുകള്‍ക്കിടയിലൂടെ പെട്ടെന്ന് രക്ഷപ്പെടുകയാണ് ഇവരുടെ രീതി. ഇങ്ങനെ കവര്‍ച്ചക്കിരയായി ഭീമമായ സംഖ്യ നഷ്ടമായവരുടെ ദുരനുഭവങ്ങള്‍ നിരവധി തവണ വാര്‍ത്തയായിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് പ്രവാസി വ്യാപാരി തന്‍െറ ദുബൈ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച് എക്സ്ചേഞ്ച് സെന്‍ററില്‍ നിന്ന് ബാക്കി സംഖ്യയുമായി മടങ്ങുമ്പോഴാണ് കവര്‍ച്ചക്ക് ഇരയായത്. സമീപത്തുനിന്ന് ഒരാള്‍ പൊടുന്നനെ അടുത്തേക്ക് വരികയും ദേഹത്ത് തുപ്പുകയും ചെയ്തു. തന്‍െറ പ്രവര്‍ത്തിയില്‍ ക്ഷമചോദിച്ച ശേഷം ദേഹത്ത് പുരണ്ട തുപ്പല്‍ തുടക്കാനൊരുങ്ങിയ അപരിചിതന്‍ അദ്ദേഹത്തിന്‍െറ പക്കലുണ്ടായിരുന്ന 22,500 റിയാല്‍ കൈക്കലാക്കുകയായിരുന്നു.
കാര്‍ഗോ പാന്‍റ്സിന്‍െറ താഴ്ഭാഗത്തെ കീശയിലായിരുന്നു ഇയാള്‍ പണം സൂക്ഷിച്ചിരുന്നത്. താന്‍ ചെയ്തത് തെറ്റായിപ്പോയെന്നും അങ്ങേയറ്റം ഖേദിക്കുന്നുവെന്നും പറഞ്ഞ്, കുനിഞ്ഞുനിന്ന് തുപ്പല്‍ തുടക്കുന്ന സമയത്ത് ഇയാള്‍ തന്ത്രപൂര്‍വം പണം മോഷ്ടിക്കുകയായിരുന്നു.
മറ്റൊരു സംഭവത്തില്‍ ഖത്തര്‍ നിവാസിയുടെ മുഖത്തേക്ക് അപരിചിതന്‍ മിനുസമുള്ള എന്തോ വസ്തു എറിയുകയും ഒപ്പം തന്നെ കാലിലേക്ക് തുപ്പുകയും ചെയ്തു. കുനിഞ്ഞുനിന്ന് തുപ്പല്‍ തുടക്കാന്‍ തുനിയുകയും ഈ തക്കത്തില്‍ കീശയിലുണ്ടായിരുന്ന 3,500ഓളം റിയാല്‍ കൈക്കലാക്കുകയുമായിരുന്നു. ഏറെ നേരത്തിന് ശേഷം പാന്‍റ്സിന്‍െറ കീശ കീറിയത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഇയാള്‍ പണം നഷ്ടമായ വിവരം അറിഞ്ഞത്.
ദോഹ വാള്‍ സിഗ്നലിനടുത്ത എക്സ്ചേഞ്ചിലേക്ക് പണം നിക്ഷേപിക്കാന്‍ പോകുന്ന സമയത്താണ് ഇയാള്‍ക്ക് ദുരനുഭവമുണ്ടായത്. ദിവസങ്ങള്‍ക്ക് മുമ്പേ നജ്മയിലും സമാന സംഭവമുണ്ടായി. എക്സ്ചേഞ്ചിലേക്ക് പോകുന്നയാളുടെ 3,000 റിയാല്‍ കവര്‍ന്ന മോഷ്ടാവ് സൂഖ് ഹറാജ് ഭാഗത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്ന് അനുഭവസ്ഥര്‍ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.