ഖത്തര്‍ ക്ളാസിക് സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പ്: ജോഷ്ന ചിന്നപ്പക്ക് അട്ടിമറി ജയം; ദീപിക പുറത്തായി

ദോഹ: ലോക ഒന്നാംനമ്പര്‍ താരം ഈജിപ്തിന്‍െറ റനീം എല്‍ വെലിലിയെ അട്ടിമറിച്ച് ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ ഖത്തര്‍ ക്ളാസിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടില്‍ കടന്നു. എന്നാല്‍, മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ മലയാളി താരം ദീപിക പള്ളിക്കല്‍ ആദ്യറൗണ്ടില്‍ പുറത്തായി. ഖലീഫ ഇന്‍റര്‍നാഷണല്‍ ടെന്നീസ് ആന്‍റ് സ്ക്വാഷ് കോംപ്ളക്സില്‍ നടന്ന മത്സരത്തില്‍ റാങ്കിങ്ങില്‍ തന്നേക്കാള്‍ താഴെയുള്ള ഈജിപ്തിന്‍െറ യെദ്രിബ് ആദെലാണ് ദീപികയെ വീഴ്ത്തിയത്. രണ്ടാം റൗണ്ടില്‍ ജോഷ്ന ചിന്നപ്പയുടെ എതിരാളി യെദ്രിബാണ്. 
സ്ക്വഷില്‍ സമീപകാലം കണ്ട ഏറ്റവും വലിയ അട്ടിമറിയാണ് ലോക റാങ്കിങില്‍ 20ാം സ്ഥാനത്തുള്ള ജോഷ്ന ചിന്നപ്പയുടേത്. മികച്ച ഫോമിലാണ് കളിച്ച അവര്‍ നാല് സെറ്റുകളില്‍ മൂന്നും നേടിയാണ് റനീം എല്‍ വെലിലിയെ പരാജയപ്പെടുത്തിയത്. പോരാട്ടം നാല് സെറ്റ് നീണ്ടെങ്കിലും 37മിനിറ്റിനുള്ളില്‍ ജോഷ്ന മത്സരം പൂര്‍ത്തിയാക്കി. ആദ്യ രണ്ടു സെറ്റുകള്‍ 11-9, 11-6 എന്ന നിലയില്‍ ജോഷ്ന സ്വന്തമാക്കിയപ്പോള്‍ മൂന്നാം സെറ്റ് 4-11ന് റനീം അല്‍ വെലിലി നേടി. നിര്‍ണായകമായ നാലാം സെറ്റില്‍ പോരാട്ടത്തിന് കടുപ്പമേറി. ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ശക്തമായി തിരിച്ചടിച്ച ജോഷ്ന 11-9ന് സെറ്റും മത്സരവും സ്വന്തമാക്കി. രണ്ടാഴ്ച മുമ്പ് യു.എസില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ലോക പത്താംനമ്പര്‍ താരമായ ആനി ഒൗവിനെ പരാജയപ്പെടുത്തിയ തിളക്കത്തിലാണ് ജോഷ്ന ചിന്നപ്പ ഖത്തര്‍ ടൂര്‍ണമെന്‍റില്‍ എത്തിയത്. മത്സരത്തില്‍ എല്ലാം തന്‍െറ പദ്ധതിക്കനുസരിച്ച് വന്നുവെന്നും ഈ വിജയത്തില്‍ എന്താണ് പറയേണ്ടതെന്ന് അറിയില്ളെന്നും മത്സരശേഷം ജോഷ്ന പ്രതികരിച്ചു.  അതേസമയം ദീപിക പള്ളിക്കല്‍ ഇന്നലെ നിരാശപ്പെടുത്തി. 36 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ദീപികയുടെ തോല്‍വി. സ്കോര്‍ 11-5, 11-7, 11-7. അനായാസ വിജയം പ്രതീക്ഷിച്ച് പോരിനിറങ്ങിയ ദീപികയുടെ പരാജയം ഇന്ത്യന്‍ ടീമിന് ആഘാതമായി. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സൗരവ് ഘോഷാല്‍ ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. ഈജിപ്തിന്‍െറ ഫരേസ് ദെസ്സൗഖിയാണ് എതിരാളി. 
പുരുഷ വിഭാഗത്തില്‍ ഖത്തറിന്‍െറ അബ്ദുല്ല മുഹമ്മദ് അല്‍ തമീമി ഒന്നാം റൗണ്ടില്‍ പുറത്തായി. ലോക ഒന്നാംനമ്പര്‍ താരം ഈജിപ്തിന്‍െറ മുഹമ്മദ് എല്‍ശര്‍ബാഗിയോടാണ് ഖത്തര്‍ താരം പരാജയപ്പെട്ടത്. അല്‍ തമീമി മികച്ച പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും ലോക ഒന്നാം നമ്പര്‍ താരത്തെ മറികടക്കാന്‍ അതുമാത്രം മതിയാകുമായിരുന്നില്ല. എതിരില്ലാത്ത മൂന്നു സെറ്റുകള്‍ക്കായിരുന്നു ഖത്തര്‍ താരത്തിന്‍െറ പരാജയം. സ്കോര്‍ 11-9, 11-4, 11-9. ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ മത്സരിക്കാന്‍ കിട്ടിയത് വലിയ അവസരമായിരുന്നുവെന്ന് മത്സരശേഷം അല്‍ തമീമി പ്രതികരിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.