നാലാമത് പ്രവാസി കായികമേള:  രജിസ്ട്രേഷന്‍ ആരംഭിച്ചു

ദോഹ: ഖത്തര്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച് സ്പോര്‍ട്സ് യുവജന കാര്യമന്ത്രാലയം, അല്‍ അറബി സ്പോര്‍ട്സ് ക്ളബ് എന്നിവയുമായി സഹകരിച്ച് പ്രവാസി സംഘടനകള്‍ക്ക് വേണ്ടി യൂത്ത് ഫോറം സംഘടിപ്പിക്കുന്ന നാലാമത് പ്രവാസി കായിക മേള ഫെബ്രുവരി ഒമ്പത്, 12 തിയതികളില്‍ നടക്കും. ഖത്തര്‍ കായികദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഖത്തറിലെ മലയാളി സമൂഹത്തിനിടയില്‍ ആരോഗ്യകരമായ കായിക മത്സരങ്ങള്‍ക്ക് വേദിയൊരുക്കുകയും കായിക അവബോധം സൃഷ്ടിക്കുകയുമാണ് പ്രവാസി കായികമേള കൊണ്ട് ലക്ഷ്യമിടുന്നത്. മുന്‍വര്‍ഷങ്ങളില്‍ മേള നേടിയ ജനസമ്മതിയും വന്‍ വിജയവും മുന്‍നിര്‍ത്തി ഇത്തവണ മേള കൂടുതല്‍ വിപുലമായി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മേളയില്‍ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ജനുവരി എട്ടാണ് രജിസ്ട്രേഷനുള്ള അവസാന തിയതി. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാന, ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മകളുടെ 18 ടീമുകള്‍ക്കാണ് മേളയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുക.
ദേശീയ കായിക ദിനമായ ഫെബ്രുവരി ഒമ്പതിന് മേളയുടെ ഒൗപചാരിക ഉദ്ഘാടനവും പ്രാഥമിക റൗണ്ട് മല്‍സരങ്ങളും നടക്കും. എട്ട് വ്യക്തിഗത ഇനങ്ങളിലും മൂന്ന് ടീം ഇനങ്ങളിലുമാണ് മല്‍സരങ്ങള്‍ നടക്കുക. 100 മീറ്റര്‍, 200 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈ ജംപ്, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, പഞ്ചഗുസ്തി തുടങ്ങിയവയാണ് വ്യക്തിഗത ഇനങ്ങള്‍. ടീമിനങ്ങളില്‍ 4x100 മീറ്റര്‍ റിലേ, ഷട്ടില്‍ ബാഡ്മിന്‍റണ്‍ ഡബിള്‍സ്, വടംവലി എന്നിവയുണ്ടാകും. ഓരോ ടീമില്‍ നിന്നും വ്യക്തിഗത ഇനങ്ങളില്‍ രണ്ട് പേര്‍ക്കും ടീം ഇനങ്ങളില്‍ ഒരു ടീമിനും പങ്കെടുക്കാം. 
പങ്കെടുക്കാന്‍ താല്‍പര്യമുള്ള ടീമുകള്‍ നുഐജയിലുള്ള യൂത്ത് ഫോറം ഓഫീസില്‍ നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. 
300 റിയാലാണ് രജിസ്ട്രേഷന്‍ ഫീസ്. വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 10 വരെയാണ് ഓഫീസ് സമയം. മേളയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലത്തെുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കും. 
ഓവറോള്‍ ചാമ്പ്യന്‍, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ എന്നിവര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്യും. ഫെബ്രുവരി 12 വെള്ളിയാഴ്ച ഖത്തറിലെ കായിക അധികൃതരുടെയും ഇതര മേഖലകളിലെ പ്രമുഖരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന സമാപന ചടങ്ങിലാണ് സമ്മാനങ്ങള്‍ വിതരണം ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് pravasikayikamela@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 55091659, 66612969, 33549050, 44439319 എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.