ദോഹ: സ്ത്രീകള്‍ക്ക് മാത്രമായി സ്ത്രീകള്‍ ഓടിക്കുന്ന പുതിയ ടാക്സി സര്‍വീസ് രാജ്യത്ത് ആരംഭിക്കുന്നതിനുളള സാധ്യതകളെ കുറിച്ച് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച നടന്നു. കൗണ്‍സിലില്‍ അല്‍ഖോറിനെ പ്രതിനിധീകരിക്കുന്ന നാസര്‍ ബിന്‍ ഇബ്രാഹിം അല്‍ മുഹന്നദിയാണ് നിര്‍ദേശം ഉന്നയിച്ചത്. പുതുതായി ആരംഭിക്കുന്ന ടാക്സികള്‍ക്ക് പ്രത്യേക നിറം നല്‍കാനും ആലോചിക്കുന്നതായി മുതിര്‍ന്ന കൗണ്‍സിലര്‍ ശൈഖ അല്‍ ജിഫൈരി പറഞ്ഞു. ഇപ്പോള്‍ സ്ത്രീകള്‍ ലൈസന്‍സ് കരസ്ഥമാക്കുകയും സ്വന്തമായി വാഹനം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതിയില്ലാതിരുന്ന കാലത്തായിരുന്നു ഇതിന്‍െറ ആവശ്യം കൂടുതലായുണ്ടായിരുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
സ്വന്തമായി വാഹനങ്ങളുളളത് കൊണ്ടാണ് ഖത്തരികള്‍ ടാക്സികളെ കൂടുതലായി ആശ്രയിക്കാത്തത്. പരീക്ഷണാടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായുളള ടാക്സി സര്‍വീസ് ആരംഭിക്കുകയും വിജയകരമെന്ന് കണ്ടാല്‍ കൂടുതല്‍ വിപുലമായ രീതിയില്‍ സേവനം തുടങ്ങുകയും ചെയ്യാമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് പ്രത്യേകം ടാക്സി സര്‍വീസ് ആരംഭിക്കുന്നത്. ഇക്കാര്യം കൗണ്‍സില്‍ വിശദമായി പരിശോധിച്ച് നഗരാസൂത്രണ മന്ത്രാലയത്തിന് നിര്‍ദേശങ്ങള്‍ നല്‍കും. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനായി മുനിസിപ്പല്‍ കൗണ്‍സില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം കൈമാറുമെന്നും അവര്‍ പറഞ്ഞു. 7, 8, 9, 10, 11, 13, 21, 22 എന്നീ മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ വക വിവാഹ വേദികള്‍ പണിയുന്ന കാര്യവും കൗണ്‍സിലിന്‍െറ ഇന്നലെ നടന്ന ഒമ്പതാമത് യോഗത്തില്‍ ചര്‍ച്ച ചെയ്തു. മറ്റു വകുപ്പുകളിലേക്ക് നിര്‍ദേശം പരിഗണനക്കായി അയക്കും മുമ്പ് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇതു സംബന്ധിച്ച നിര്‍ദേശം സി.എം.സിയുടെ സേവന, സൗകര്യ വികസന കമ്മിറ്റിയുടെ പരിഗണനക്കായി നേരത്തെ സമര്‍പ്പിച്ചിരുന്നു. കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിലുളള ബാച്ചിലര്‍ തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ഫാത്തിമ അല്‍ കുവാരിയുടെ നിര്‍ദേശത്തെക്കുറിച്ചും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.
കുടുംബങ്ങള്‍ താമസിക്കുന്നിടങ്ങളില്‍ ലേബര്‍ ക്യാമ്പുകള്‍ നിരോധിച്ചത് പോലെ ബാച്ചിലര്‍ താമസ കേന്ദ്രങ്ങളും നിരോധിക്കുന്ന കാര്യം കമ്മിറ്റിയുടെ നിയമ സമിതിയുടെ പരിഗണനക്കയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.