കര്‍വ ബസുകളില്‍ സ്ത്രീകള്‍ക്ക് സീറ്റ്  സംവരണം വരുന്നു

ദോഹ: രാജ്യത്ത് സര്‍വീസ് നടത്തുന്ന ബസുകളില്‍ നിശ്ചിത എണ്ണം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യാന്‍ ഗതാഗതമന്ത്രാലയം തീരുമാനിച്ചു. ഗതാഗത മന്ത്രി ജാസിം സെയിഫ് അഹ്മദ് അല്‍സുലൈത്തിയുടെ നിര്‍ദേശാനുസരണം സീറ്റ് സംവരണം ചെയ്യാന്‍ തീരുമാനിച്ചതായി കര്‍വ ബസുകളുടെ സര്‍വീസ് നടത്തുന്ന പൊതുമേഖല ഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു. വിദേശ തൊഴിലാളികള്‍ ധാരാളമായി ബസ് സര്‍വീസ് ആശ്രയിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ബസുകളില്‍ യാത്ര ചെയ്യുന്ന കുടുംബങ്ങളുടെയും സ്ത്രീകളുടെയും എണ്ണം വളരെ കുറവാണ്. രാജ്യത്ത് സര്‍വീസ് നടത്തുന്ന എല്ലാ ബസുകള്‍ക്കുമായി ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. മുവാസലാത്തിന്‍െറ 200 ബസുകളിലായി ദിവസേന 30,000ത്തോളം പേര്‍ യാത്ര ചെയ്യുന്നുണ്ട്. കുടുംബങ്ങളെ കൂടി പൊതുഗതാഗത സംവിധാനങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ് മുവാസലാത്ത് ലക്ഷ്യമിടുന്നത്. മുന്‍നിരയിലെ സീറ്റുകളാണ് സ്ത്രീകള്‍ക്ക് സംവരണം ചെയ്യുക. 
ഈ സംവിധാനത്തെ കുറിച്ച് പൊതുജനങ്ങളെ അറിയിക്കാന്‍ വ്യാപക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. പത്ര പരസ്യങ്ങള്‍ക്ക് പുറമെ ബസുകളില്‍ സ്റ്റിക്കറുകളും പോസ്റ്ററുകളും പതിക്കും. യാത്രക്കാര്‍ക്ക് സംവരണ സീറ്റുകള്‍ എളുപ്പം തിരിച്ചറിയുന്നതിനായി ബസിനകത്ത് പ്രത്യേകം സ്റ്റിക്കറുകള്‍ പതിക്കും. ഭിന്നശേഷിയുളളവര്‍ക്ക് പ്രയാസരഹിതമായി കയറാനും ഇരിക്കാനും ഇറങ്ങാനും കഴിയും വിധം 55 ലോഫ്ളോര്‍ ബസുകള്‍ മുവാസലാത്ത് അടുത്തിടെ പുറത്തിറക്കിയിരുന്നു. പൊതുഗതാഗതത്തിനുളള ബസുകള്‍ക്ക് പുറമെ 2,500 സ്കൂള്‍ ബസ് സര്‍വീസുകളും മുവാസലാത്ത് നടത്തുന്നുണ്ട്. ഇവയില്‍ കൂടുതലും ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളുകള്‍ക്ക് വേണ്ടിയാണ്. ഈ ബസുകളില്‍ സുപ്രീം വിദ്യാഭ്യാസ കൗണ്‍സില്‍ ട്രാക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
മുവാസലാത്തിന് ബസുകള്‍ നിര്‍മിക്കാനായി ഒമാനും ഖത്തറും ചേര്‍ന്ന് ഒമാനില്‍ സ്ഥാപിക്കാനിരിക്കുന്ന കര്‍വ ഓട്ടോമോട്ടീവ് എന്ന ബസ് അസംബ്ളിങ് യൂനിറ്റിന്‍െറ അവസാനരൂപരേഖ തയാറായിട്ടുണ്ട്. ഈ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകും. മുദൈബി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ 100,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുളള പ്രദേശത്ത് നിര്‍മിക്കുന്ന യൂനിറ്റില്‍ ഒരു വര്‍ഷം ജി.സി.സി നിരത്തുകളിലേക്കുളള 2,000 ബസുകള്‍ നിര്‍മിക്കാനാകും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.