അജ്യാല്‍ ചലചിത്രമേള സമാപിച്ചു; ‘പേപ്പര്‍ പ്ളെയിന്‍’, ‘സ്കെയര്‍ ക്രൗ’, ‘വാള്‍സ്’ മികച്ച സിനിമകള്‍

ദോഹ: ലോകത്തെ വ്യത്യസ്ത രാഷ്ട്രങ്ങളില്‍ നിന്നുള്ള സംഗീത കലാ പ്രകടനങ്ങളോടെ കതാറയില്‍ നടന്നുവന്ന മൂന്നാമത് അജ്യാല്‍ യൂത്ത് ചലചിത്രോത്സവം സമാപിച്ചു. ആസ്ട്രേലിയയില്‍ നിന്നുള്ള പതിനൊന്നുകാരന്‍െറ ജീവിതം പറയുന്ന റോബര്‍ട്ട് കൊണോലി സംവിധാനം ചെയ്ത ‘പേപ്പര്‍ പ്ളെയിന്‍’ മൊഹഖ് വിഭാഗത്തില്‍ മികച്ച ഫീച്ചര്‍ സിനിമയായി തെരെഞ്ഞെടുക്കപ്പെട്ടു.  ഫിലിപ്പീന്‍സില്‍ നിന്നുള്ള നിരക്ഷരയായ വിധവയുടെ കദന കഥ വിവരിച്ച സിഗ് മഡാംബാ ഡുലേയുടെ ‘സ്കെയര്‍ ക്രൗ’ ആണ് ഹിലാല്‍ വിഭാഗത്തിലെ മികച്ച ഫീച്ചര്‍ സിനിമ. ബദര്‍ എന്ന വിഭാഗത്തില്‍ മുതിര്‍ന്ന ജൂറിമാര്‍ മികച്ച ചിത്രമായി തെരെഞ്ഞെടുത്തത് പാബ്ളോ ഇറാബുറുവും മിഗ്വല്‍ ടെക്സോ മൊലീനയും ഒരുക്കിയ സ്പാനിഷ് സിനിമയായ ‘വാള്‍സ്’ ആണ്. 
ഫീച്ചര്‍ വിഭാഗത്തില്‍ മൊഹഖില്‍നിന്ന് റഷ്യന്‍ സിനിമയായ ‘ക്ളെസ്റ്റല്‍ കെയ്മല്‍’ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. യുറി ഫെറ്റിങ് ആണ് സംവിധാനം ചെയ്തത്. അലാവ്രോ റോണ്‍ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രമായ ‘ദി റെഡ് തണ്ടര്‍’ ആണ് മൊഹഖിലെ മികച്ച ഹ്രസ്വചിത്രം. 
ഗ്രഹാം ടോണ്‍സ്ലിയുടെ അമേരിക്കന്‍ ചിത്രമായ ‘ലാന്‍ഡ്ഫില്‍ ഹാര്‍മോണിക്’ ഹിലാല്‍ ഫീച്ചര്‍ സിനിമയില്‍ പ്രത്യേക പരാമര്‍ശം നേടി. ജര്‍മനിയില്‍ നിന്നുള്ള റോബര്‍ട്ട് ബാനിങിന്‍െറയും വെരീന ക്ളിംഗറുടേയും ‘വോള്‍’ ആണ് മികച്ച ഹ്രസ്വചിത്രം. ഹിലാല്‍ ഹ്രസ്വചിത്രങ്ങളില്‍ ലെബനാനിലെ കരീം ജാഫറിന്‍െറ ‘ദാറ്റ് ഡേ ഇന്‍ സെപ്തംബര്‍’ പ്രത്യേക പരാമര്‍ശത്തിന് വിധേയമായി. ബദര്‍ വിഭാഗത്തില്‍ മികച്ച ഹ്രസ്വചിത്രമായി  ഫ്രാന്‍സില്‍ നിന്നുള്ള ‘മ്യൂച്ച്വല്‍ എഗ്രിമെന്‍റ്’ ആണ് തെരെഞ്ഞെടുക്കപ്പെട്ടത്. റെമി സെയേലയാണ് സംവിധാനം. ബദര്‍ ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ ബ്രസീലില്‍ നിന്നുള്ള അന്നാ മുയ്ലാര്‍ട്ടിന്‍െറ ‘ദി സെക്കന്‍റ് മദര്‍’ പ്രത്യേക പരാമര്‍ശം നേടി. രക്ഷിതാക്കളുടെ ചോയ്സ് അവാര്‍ഡിന് പാസ്കല്‍ ഹെക്വിറ്റ് സംവിധാനം ചെയ്ത ‘ദി ലോ ഓഫ് ദി ജംഗിള്‍’ എന്ന ബെല്‍ജിയം ചിത്രം തെരെഞ്ഞെടുക്കപ്പെട്ടു. 
കതാറ സാംസ്കാരിക ഗ്രാമത്തില്‍ പ്രത്യേകം തയ്യാറാക്കിയ ജൂറി ഹബ്ബില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒയും അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറുമായ ഫാത്തിമ അല്‍റുമൈഹി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ റീം സാലിഹ് എന്നിവര്‍ സംബന്ധിച്ചു. എട്ടിനും 21നും ഇടയില്‍ പ്രായമുള്ള  520 കുട്ടി ജൂറിമാരാണ് മൊഹഖ്, ഹിലാല്‍, ബദര്‍ വിഭാഗങ്ങളിലായി സിനിമകള്‍ വിലയിരുത്തിയത്. ആസ്ട്രേലിയ, ബഹ്റൈന്‍, ബോസ്നിയ, ഇറാഖ്, ഇറ്റലി, കുവൈത്ത്, ലെബനാന്‍, ഒമാന്‍, സെര്‍ബിയ, തുര്‍ക്കി, യു.എ.ഇ എന്നീ രാഷ്ട്രങ്ങളില്‍ നിന്ന് ദോഹയിലത്തെിയ 24 ജൂറിമാരും ഇവരിലുള്‍പ്പെടും. 
ലോകത്തെ 36 രാജ്യങ്ങളില്‍ നിന്നുള്ള എണ്‍പതിലേറെ സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. അയ്മന്‍ ജമാല്‍, ഖുര്‍റം എച്ച്. അലവി എന്നിവര്‍ സംവിധാനം ചെയ്ത യു.എ.ഇ ചിത്രമായ ‘ബിലാല്‍’ സമാപന ചിത്രമായി പ്രദര്‍ശിപ്പിച്ചു. 
കുതിരയോട്ടക്കാരനായ ബിലാലിന്‍െറ കഥ പറഞ്ഞ സിനിമയുടെ സംവിധായര്‍ക്ക് പുറമെ അഭിനേതാക്കളായ ആന്‍ഡ്രി റോബിന്‍സണ്‍, ജേക്കബ് ലാറ്റിമോര്‍, കംപോസറായ അദില്‍ ഉര്‍വാസന്‍ എന്നിവര്‍ സമാപന ചടങ്ങിനത്തെി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.