ദോഹ: ഫിലിപ്പിനോ കൂട്ടായ്മയായ ഡബ്ള്യു ലീഗ് സംഘടിപ്പിച്ച വോളിബോള്‍ കപ്പ് സീസണ്‍ മൂന്നില്‍ കെ.എം.സി.സിക്ക് കിരീടം. വെള്ളിയാഴ്ച അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഫിലിപ്പിനോ സ്റ്റാര്‍സ് ടീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കിയാണ് കെ.എം.സി.സി കിരീടം ചൂടിയത്.
സ്കോര് 32-34 , 25-15, 25-16, 25-14. സെപ്തംബര്‍ അവസാന വാരം ആരംഭിച്ച ലീഗിന്‍െറ എ ഡിവിഷനിലായിരുന്നു കെ.എം.സി.സി ടീം ഉള്‍പ്പെട്ടത്. ഫറോവന്‍സ് ഈജിപ്ത്, ആസിക്സ് സ്പോര്‍ട്സ്, റെഡ് സ്പിരിറ്റ്, ദോഹ കൗഗാസ്, മീഡിയകോം എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റില്‍ ആദ്യറൗണ്ട് മത്സരങ്ങളില്‍ ഏറ്റുമുട്ടിയത്. ലീഗ് റൗണ്ടില്‍ കളിച്ച ആറ് മത്സരങ്ങളിലും പരാജയമറിയാതെയാണ് കെ.എം.സി.സി വിജയക്കുതിപ്പ് നടത്തിയത്. സെമിഫൈനലില്‍ ആസിക്സ് സ്പോര്‍ട്സ് ടീമിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്കാണ് കീഴടക്കിയത്.
ദോഹയിലെ വോളിബാള്‍ കൂട്ടായ്മയായ വോളിഖിന്‍െറ ഏറ്റവും കഴിവുള്ള 12 കളിക്കാരെയാണ് കെ.എം.സി.സി ടൂര്‍ണമെന്‍റിനിറക്കിയത്. ആക്രമണത്തിലും സര്‍വിലും ഒരു പോലെ തിളങ്ങുന്ന റെനില്‍ ക്രിസ്ത്യന്‍, മലയാളി താരങ്ങളില്‍ പുത്തന്‍ പ്രതീക്ഷയായ മുഹമ്മദ് കണ്ണോടങ്കണ്ടി, ബ്ളോക്കിങ് കരുത്ത് സിറാജ് കുന്നുമ്മല്‍ എന്നിവര്‍ ടീമിന് മുതല്‍ക്കൂട്ടായിരുന്നു. മൂവരും ടൂര്‍ണമെന്‍റിലെ മികച്ച ആറ് കളിക്കാരുടെ പട്ടികയില്‍ ഇടംനേടി. ഇവരെക്കൂടാതെ ആഷിക് അഹമദ്, അന്‍സാര്‍ അലി, ഷൈജല്‍, ശാക്കിര്‍, ഫവാസ്, സെബിന്‍ ജോസഫ്, അന്‍ഫീര്‍ മട്ടന്നൂര്‍, വി.വി. ഫസല്‍, സിയാദ് എന്നിവരാണ് കെ.എം.സി.സിക്ക് വേണ്ടി അണിനിരന്നത്.കലാശക്കളിയിലെ ആദ്യസെറ്റില്‍ സ്കോര്‍ സൂചിപ്പിക്കുന്നത് പോലെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. മലയാളി കളിക്കാരന്‍ അബ്ബാസ് സ്റ്റാര്‍സ് ഫിലിപ്പിനോക്ക് വേണ്ടി ആദ്യസെറ്റില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ചു.
റെനില്‍ ക്രിസ്ത്യന്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ജേതാക്കള്‍ക്കുള്ള ട്രോഫി ക്യാപ്റ്റന്‍ ആഷിക് അഹമദ് ഡബ്ള്യു ലീഗ് തലവന്‍ നൂര്‍ എമീരില്‍ നിന്ന് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.