പുരുഷന്‍മാരേക്കാള്‍ പ്രവാസം ആസ്വദിക്കുന്നത് സ്ത്രീകള്‍

ദോഹ: ഖത്തറില്‍ പ്രവാസ ജീവിതം പുരുഷന്മാരെക്കാള്‍ ആസ്വദിക്കുന്നത് സ്ത്രീകളാണെന്ന് സര്‍വേ ഫലം. 195 രാജ്യങ്ങളിലെ 14,000 പ്രവാസികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇന്‍റര്‍നാഷന്‍സ് എന്ന നെറ്റ്വര്‍ക്കിങ്് വെബ്സൈറ്റ് നടത്തിയ ‘എക്സ്പാറ്റ് ഇന്‍സൈഡര്‍  2015’ സര്‍വേയില്‍ പ്രവാസ ജീവിതം പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ആസ്വദിക്കുന്ന രാജ്യങ്ങളില്‍ ഒമ്പതാം സ്ഥാനത്താണ് ഖത്തര്‍. പുരുഷന്‍മാര്‍ കൂടുതല്‍ സംതൃപ്തി പ്രകടിപ്പിക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ 54ാം സ്ഥാനത്തും. മൊത്തം പ്രവാസി സമൂഹത്തിന്‍െറ സംതൃപ്തി പരിഗണിക്കുമ്പോള്‍ 45ാം സ്ഥാനത്തുമാണ് ഖത്തര്‍. പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാള്‍ സംതൃപ്തി കുറയുന്നതിന്‍െറ കാരണം സര്‍വേ പറയുന്നില്ളെങ്കിലും ജീവിതച്ചെലവുകള്‍ പുരുഷന്മാരെ അസംതൃപ്തരാക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. 
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നില മെച്ചപ്പെടുത്തിയെങ്കിലും ആഗോള തലത്തില്‍ പ്രവാസികള്‍ക്കിടയില്‍ അത്ര തൃപ്തിയുള്ള രാജ്യമല്ല ഖത്തര്‍.
ഇക്വഡോര്‍, മെക്സിക്കോ, മാള്‍ട്ട എന്നീ രാജ്യങ്ങളാണ് ജീവിത സുഖമേറിയ മൂന്നു മികച്ച രാജ്യങ്ങള്‍. പട്ടികയില്‍ മോശം പ്രകടനം കാഴ്ച വെക്കുന്നത് നൈജീരിയ, ഗ്രീസ്, കുവൈത്ത് എന്നീ രാജ്യങ്ങളാണ്. ജീവിത ഗുണനിലവാരം, സ്ഥിര താമസമാക്കുന്നതിനുളള എളുപ്പം, കുടുംബ ജീവിതത്തിനുളള സൗകര്യം, ജീവിതച്ചെലവ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേ ഫലം. ഇന്ത്യ, ഫിലിപ്പീന്‍സ്, യു.കെ എന്നീ രാജ്യങ്ങളില്‍ നിന്നുളള പ്രവാസികളാണ് ഖത്തറില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്തത്. നിര്‍മാണ മേഖല, വിദ്യാഭ്യാസരംഗം, ബിസിനസ് എന്നീ മേഖലകളില്‍ വ്യാപരിക്കുന്നവര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. യു.എ.ഇയിലെ പ്രവാസി സ്ത്രീകളാണ് തൊഴിലെടുക്കാനുളള സൗകര്യത്തില്‍ ഖത്തറിലുളളവരേക്കാള്‍ സംതൃപ്തര്‍. അമേരിക്കയെയും മറ്റ് സ്കാന്‍റിനേവിയന്‍ രാജ്യങ്ങളേയും പിന്നിലാക്കി 13ാം സ്ഥാനത്താണ് യു.എ.ഇ. 
ഖത്തറിലെ ജീവിതം സമാധാനപരമാണെങ്കിലും വിരസമാണെന്ന് എക്സ്പാറ്റ് ഇന്‍സൈഡര്‍ കണ്‍ട്രി റിപ്പോര്‍ട്ട് പറയുന്നു. വിനോദ സാധ്യത കുറവായതാണ് ജീവിത ഗുണമേന്മ സൂചികയില്‍ ഖത്തര്‍ പിന്നിലാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തുളള പ്രവാസികളില്‍ 46 ശതമാനം മാത്രമാണ് നിലവിലെ വിനോദ സാധ്യകള്‍ പര്യാപ്തമാണെന്ന് അഭിപ്രായപ്പെട്ടിട്ടുളളു. രാജ്യത്തെ ഗതാഗത സംവിധാനത്തെ കുറിച്ചും ജനങ്ങള്‍ അസംതൃപ്തരാണ്. 
തൊഴില്‍ സമയം മറ്റു രാജ്യങ്ങളിലുളളതിനേക്കാള്‍ കൂടുതലാണ്. ഖത്തറില്‍ ഒരാഴ്ചയിലെ ശരാശരി പ്രവൃത്തി സമയം 46.3 മണിക്കൂറാണ്. 
ഇത് ആഗോള ശരാശരിയായ 42 മണിക്കൂറിനേക്കാള്‍ വളരെ കൂടുതലാണ്്. ഇണകളില്‍ നിന്നും അകന്നു കഴിയുന്നവര്‍ ഇവിടെ 30 ശതമാനമാണ്. ആഗോളാടിസ്ഥാനത്തില്‍ ഇത് 14 ശതമാനം മാത്രമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.