ഖത്തറില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സമൂഹം ഇന്ത്യയുടെ 69ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഇന്ത്യന്‍ എംബസി, സ്കൂളുകള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ആഘോഷ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. 
മഅ്മൂറയിലെ വഹബ് ബിന്‍ ഉമൈര്‍ സ്ട്രീറ്റിലുള്ള ഇന്ത്യന്‍ കള്‍ചറല്‍ സെന്‍ററില്‍ രാവിലെ ഏഴ് മണിക്ക് നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ ദേശീയപതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ ജനതയെയും ഭരണകൂടത്തെയും ഖത്തര്‍ ഭരണാധികാരികള്‍ അഭിനന്ദിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി എന്നിവര്‍ ഇന്ത്യന്‍ പ്രസിഡന്‍റ് പ്രണാബ് കുമാര്‍ മുഖര്‍ജിക്ക് അഭിനന്ദന സന്ദേശമയച്ചു. 
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയും സ്വാതന്ത്ര്യദിനം പ്രമാണിച്ച്  ഇന്ത്യന്‍ പ്രസിഡന്‍റിന് അഭിനന്ദന സന്ദേശമയച്ചു.
വിവിധ സ്കൂളുകള്‍ നടത്തിയ ദേശഭക്തി ഗാനത്തോടെയാണ് എംബസിയുടെ പരിപാടികള്‍ ആരംഭിച്ചത്. 
ഇന്ത്യന്‍ പ്രസിഡന്‍റ് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം അംബാസഡര്‍ വായിച്ചു. വര്‍ത്തമാന ഇന്ത്യന്‍ ജനാപിപത്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അതിനെതിരെ തിരുത്തല്‍ നടപടിളുണ്ടാകണമെന്നും പ്രസിഡന്‍റിന്‍െറ സന്ദേശത്തില്‍ വ്യക്തമാക്കി. എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, എംബസിയിലെ മറ്റ് ഉദ്യോഗസ്ഥര്‍, ഐ.സി.സി  പ്രസിഡന്‍റ് ഗിരീഷ് കുമാര്‍,  ഐ.ബി.പി.എന്‍ പ്രസിഡന്‍റ് കെ.എം. വര്‍ഗീസ്, വിവിധ പ്രവാസി സംഘടന പ്രതിനിധികള്‍, സമൂഹ്യ, സാംസ്കാരിക,  മാധ്യമ, വ്യാപാര രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പരിപാടിയില്‍ സംബന്ധിച്ചു. വിവിധ സ്കൂളുകിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ദേശീയ ഗാനാലാപനവും നടത്തി. 
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യന്‍ സ്കൂളുകളിലെ പ്രതിനിധികള്‍ക്കും പുറമെ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്ന വിവിധ സംഘടനകളുടെ നേതാക്കളും പ്രതിനിധികളും ആഘോഷ ചടങ്ങില്‍ പങ്കെടുത്തു. 
എംബസിയുടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ പങ്കുകൊള്ളുന്നതിന് നിരവധി പേരാണ് ഐ.സി.സിയിലത്തെിയത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.