രൂപ താഴോട്ട് കുതിക്കുന്നു; കാശുണ്ടെങ്കില്‍ അയച്ചോളൂ...

ദോഹ: രൂപയുടെ മൂല്യം രണ്ടു വര്‍ഷത്തെ ഏറ്റവും വലിയ ഇടിവില്‍ താഴോട്ടുള്ള സഞ്ചാരം തുടരുന്നു. ഇതോടെ ഗള്‍ഫ് കറന്‍സി മാറാനുള്ള തിരക്കിലാണ് പ്രവാസികള്‍. ധനവിനിമയ സ്ഥാപനങ്ങളില്‍ രണ്ടു ദിവസമായി മോശമല്ലാത്ത തിരക്ക് അനുഭവപ്പെടുന്നതായി ജീവനക്കാര്‍ പറഞ്ഞു. കാശ് മിച്ചമുള്ളവര്‍ സന്തോഷിക്കുമ്പോള്‍ മാസം പകുതി പിന്നിട്ടതോടെ കാശെല്ലാം തീര്‍ന്നവര്‍ ഈ തകര്‍ച്ച അടുത്ത ശമ്പളം കിട്ടുന്നതുവരെ തുടരട്ടെ എന്ന പ്രാര്‍ഥനയിലാണ്.  ബുധനാഴ്ച ഒരു ഖത്തര്‍ റിയാലിന്  17. 75 രൂപവരെ ലഭിച്ചപ്പോള്‍ ആവേശത്തോടെ മണി എക്സ്ചേഞ്ചിലേക്ക് ഓടിയവര്‍ വ്യാഴാഴ്ച ശരിക്കും നഖംകടിച്ചു. കാരണം ഇന്നലെ 17.87 വരെ പോയി വിനിമയ നിലവാരം. വ്യാഴാഴ്ചയിലെ ക്ളോസിങ് ഒരു റിയാലിന് 17.82 എന്ന നിലയിലായിരുന്നു. 
ചൈനീസ് കറന്‍സിയായ യുവാന്‍െറ മൂല്യം 1.9 ശതമാനം കുറച്ചതിന്‍െറ പ്രതിഫലനമാണ് ഇപ്പോള്‍ ഇന്ത്യന്‍ കറന്‍സിയുടെ ഇടിവിന് കാരണമെന്നാണ് വിലയിരുത്തല്‍.  ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് കഴിഞ്ഞ മാസത്തെ ശമ്പളം പല കമ്പനികളും നേരത്തെ നല്‍കിയതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. രാജ്യത്ത് വേതന സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിന്‍െറ ഭാഗമായും കമ്പനികള്‍ നേരത്തെ തന്നെ ശമ്പളം നല്‍കിയിരുന്നു. അതിനാല്‍ സാധാരണ പ്രവാസികളുടെ കയ്യില്‍ പണമില്ലാത്ത അവസ്ഥയാണെന്നാണ് വിലയിരുത്തല്‍.
ഡോളറിനെതിരെ രൂപയുടെ മൂല്യം  ഇന്നലെ 65 വരെ താഴ്ന്നു. 2013 സെപ്റ്റംബറിന് ശേഷം ഇത്രയും ഇടിവുണ്ടാകുന്നത് ആദ്യമായാണ്. 
അന്ന് ഡോളറിനെതിരെ 68.85 രൂപവരെ താഴ്ന്നിരുന്നു. അന്ന് ഒരു റിയാലിന് 18.42 രൂപ ലഭിച്ചിരുന്നു. ഈയാഴ്ച തുടക്കത്തില്‍ റിയാലിനെതിരെ 17.48ല്‍ തുടങ്ങിയ ഇടിവാണ് ഇന്നലെ 17.70 കടന്നത്.  കഴിഞ്ഞ വര്‍ഷം മേയ് മാസത്തിന് ശേഷം ഇന്നലെ വരെ 11.4 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായിരിക്കുന്നത്.  മറ്റു ഗള്‍ഫ് കറന്‍സികളുടെ ഇന്നലത്തെ വിനിമയ നിലവാരം ഇങ്ങനെയാണ്: യു.എ.ഇ ദിര്‍ഹം 17.66 രൂപ, സൗദി റിയാല്‍ 17.31 രൂപ, കുവൈത്ത് ദിനാര്‍- 229.81 രൂപ, ഒമാന്‍ റിയാല്‍-168.33 രൂപ, ബഹ്റൈന്‍ ദിനാര്‍-170.97 രൂപ. രൂപയുടെ ഇടിവ് എത്രവരെ പോകുമെന്ന് പറയാന്‍ വിദഗ്ധര്‍ തയ്യാറല്ളെങ്കിലും നേരത്തെ പ്രവചിച്ച തോതിലുള്ള ഇടിവ് സംഭവിച്ചുകഴിഞ്ഞതായി അവര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇനിയൊരു വലിയ താഴ്ചക്ക് ഉടനെ സാധ്യതയില്ളെന്നാണ് വിലയിരുത്തല്‍. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.