സ്വദേശിവല്‍കരണം ഊര്‍ജിതമാക്കാന്‍ ബജറ്റ് നിര്‍ദേശം

ദോഹ: 2016 സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റ് തയാറാക്കുന്നതിന്‍െറ ഭാഗമായി സ്വദേശിവല്‍കരണം ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്ന മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, കമ്പനികള്‍ എന്നിവക്ക് ശമ്പളവിതരണം, ദൈനംദിന ചെലവുകള്‍ തുടങ്ങിയവ നിയന്ത്രിക്കുന്നത് സംബന്ധിച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. നിലവിലെ വിദേശ ജീവനക്കാരെ ഒഴിവാക്കി പകരം യോഗ്യരായ ഖത്തരികളെ വിവിധ പോസ്റ്റുകളില്‍ നിയമിക്കണമെന്നാണ് പ്രധാന നിര്‍ദേശമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. സ്വദേശിവല്‍കരണം സര്‍ക്കാറിന്‍െറ ദീര്‍ഘകാല ലക്ഷ്യങ്ങളിലൊന്നാണ്. എന്നാല്‍, ആവശ്യത്തിന് യോഗ്യരായ സ്വദേശികളെ ലഭിക്കുന്നില്ളെന്നതാണ് പ്രതിസന്ധി. പ്രത്യേകിച്ച് സ്വകാര്യ മേഖലയിലെ സര്‍ക്കാര്‍ ക്വാട്ടയിലാണ് സ്വദേശികളെ ലഭിക്കാത്തത്.
എണ്ണ വിലയിലുണ്ടായ ഇടിവ് കാരണം അടുത്ത വര്‍ഷം, ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ഖത്തര്‍ ബജറ്റില്‍ സാമ്പത്തിക കമ്മി ഉണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് നേരിടാനുളള ഒരുക്കങ്ങളുടെ ഭാഗമാണ് ബജറ്റ് മാര്‍ഗനിര്‍ശേങ്ങള്‍. കൂടാതെ ആദ്യമായാണ് ഖത്തറിന്‍െറ സാമ്പത്തിക വര്‍ഷം ഏപ്രിലിന് പകരം ജനുവരിയില്‍ ആരംഭിക്കുന്നത്. ഇതു കാരണം ഏജന്‍സികള്‍ 2015ല്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇത് പരിഗണിച്ച് മിനിസ്ട്രി ഓഫ് അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്‍റ് 2015ലേക്കും 2016ലേക്കുമുളള പ്രത്യേക കരട് ചെലവ് പദ്ധതി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളോട് നിര്‍ദേശിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഏജന്‍സികളുടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതും ഫണ്ട് മാനേജ്മെന്‍റ് നല്ല നിലയിലാക്കുന്നതും രാജ്യത്തിന്‍െറ സുസ്ഥിര സാമ്പത്തിക വികസനത്തിന് അനിവാര്യമാണെന്ന് നിര്‍ദേശങ്ങളില്‍ പറയുന്നു. ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസ് മാര്‍ഗനിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലുളള വിവരങ്ങള്‍ കൃത്യസമയത്ത് നല്‍കിയില്ളെങ്കില്‍ ബന്ധപ്പെട്ട മന്ത്രാലയം അത്തരം ഏജന്‍സികള്‍ക്ക് വേണ്ടി ബജറ്റ് സമര്‍പ്പിക്കും. 
ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി രാജ്യഭരണം ഏറ്റെടുത്ത ശേഷം എണ്ണവിലയിടിയുന്നതിന് മുമ്പ് തന്നെ സര്‍ക്കാറിന്‍െറ അമിതച്ചെലവുകള്‍ കുറക്കാന്‍ ഖത്തര്‍ തീരുമാനിച്ചിരുന്നു. ദുര്‍വ്യയം, അമിതോപയോഗം, സര്‍ക്കാര്‍ പണത്തിന്‍െറ ദുരുപയോഗം, ബജറ്റ് പരിഗണിക്കാതിരിക്കല്‍ തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കണമെന്ന് അമീര്‍ ശൂറ കൗണ്‍സിലില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ തന്നെ സൂചിപ്പിച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷം അമിതചെലവുകള്‍ ചുരുക്കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് മേല്‍ രാജ്യത്തെ സാമ്പത്തിക മന്ത്രാലയത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന നിയമത്തിനും അമീര്‍ അംഗീകാരം നല്‍കി. ഇത്തരം നടപടികള്‍ പൊതു സ്വത്ത് സംരക്ഷിക്കുന്നതിനാണെന്ന് ഖത്തര്‍ സാമ്പത്തിക മന്ത്രി അലി ശരീഫ് അല്‍ ഇമാദി അറിയിച്ചിരുന്നു. സ്ഥിരമായും കൃത്യമായും വരവ് ചെലവ് കണക്കുകള്‍ കണക്കാക്കി പൊതു ചെലവുകള്‍ കൂടുതല്‍ യുക്തിസഹമാക്കുന്നതിന് നിയമങ്ങള്‍ക്ക് കഴിയുമെന്നും അല്‍ ഇമാദി അഭിപ്രായപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.