സ്ഹൈൽ രാജ്യാന്തര വേട്ട–ഫാൽക്കൺ പ്രദർശനം -(ഫയൽ ചിത്രം)

സ്ഹൈൽ 2020 പ്രദർശനത്തിൽ 13 രാജ്യങ്ങളിൽ നിന്നായി 140 കമ്പനികൾ

ദോഹ: നാലാമത് രാജ്യാന്തര വേട്ട–ഫാൽക്കൺ പ്രദർശനത്തിൽ 13 രാജ്യങ്ങളിൽ നിന്നായി 140 കമ്പനികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഒക്ടോബർ 20 മുതൽ 24 വരെ കതാറ ഹാൾ, വിസ്ഡം ഏരിയ എന്നിവിടങ്ങളിൽ വെച്ചാണ് സ് ഹൈൽ–2020 പ്രദർശനം നടക്കുക.

കതാറ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ വാർഷിക പരിപാടിയാണ്​ രാജ്യാന്തര വേട്ട–ഫാൽക്കൺ പ്രദർശനം. ഖത്തറിന് പുറമേ, കുവൈത്ത്, പാക്കിസ്​താൻ, അമേരിക്ക, ബ്രിട്ടൻ, തുർക്കി, സ്പെയിൻ, ബെൽജിയം, ലബനാൻ, പോർച്ചുഗൽ, റുമാനിയ, ഫ്രാൻസ്, ഹംഗറി എന്നീ രാജ്യങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. കോവിഡ്–19 പ്രതിസന്ധികൾക്കിടയിലും ആയിരക്കണക്കിന് സന്ദർശകരെയാണ് ഈ വർഷത്തെ സ്ഹൈൽ പ്രദർശനത്തിലേക്ക് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം അഞ്ച് ദിവസം നീണ്ടുനിന്ന വേട്ട, ഫാൽക്കൺ മേള 128,000 പേരാണ് സന്ദർശിച്ചത്. 20 രാജ്യങ്ങളിൽ നിന്നായി 140 പവലിയനുകളും സ്റ്റാളുകളുമായിരുന്നു മേളയിലുണ്ടായിരുന്നത്. 42 മില്യൻ റിയാലിെൻറ കച്ചവടമാണ് കഴിഞ്ഞ വർഷം നടന്നതെന്ന് സ്ഹൈൽ ഔദ്യോഗിക വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മേഖലയിലെ തന്നെ ഏറ്റവും വലിയ ഫാൽക്കൺ, വേട്ട പ്രദർശനമായ സ്ഹൈലിൽ വേട്ടക്കുള്ള ആയുധങ്ങളും ഉപകരണങ്ങളും, ഫാൽക്കൺ ലേലം, ഫാൽക്കണുമായി ബന്ധപ്പെട്ട വസ്തുക്കൾ, സഫാരിക്കുള്ള വാഹനങ്ങളും അത്യാധുനിക ഉപകരണങ്ങളും, കരകൗശല വസ്തുക്കൾ, ഭക്ഷ്യ സ്റ്റാളുകൾ എന്നിവയാണ് വിൽപനക്കും പ്രദർശനത്തിനുമായെത്തുന്നത്. 2017ലാണ് പ്രഥമ സ്ഹൈൽ ഫാൽക്കൺ, വേട്ട പ്രദർശനത്തിനും മേളക്കും തുടക്കം കുറിച്ചത്.

ഫാൽക്കണുകളും വേട്ടയുമായി ബന്ധപ്പെട്ട് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പ്രദർശനവും ഹബ്ബുമായി സ്ഹൈൽ ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. സാംസ്കാരിക, ബോധവൽകരണ പരിപാടികളും പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഫാൽക്കണുകളാണ് മേളയിൽ ലേലത്തിനായി എത്തുന്നത്.

വേട്ടക്കാലം ആഗതമായി എന്നറിയിക്കുന്നതിനായുള്ള സ്ഹൈൽ എന്ന നക്ഷത്രത്തിൽ നിന്നാണ് മേളക്ക് ആ പേര് ലഭിക്കുന്നത്. ആകാശത്ത് സ്ഹൈൽ നക്ഷത്രമുദിക്കുന്നതോടെ ആ വർഷത്തെ വേട്ടക്കാലം തുടങ്ങുകയായി.

കോവിഡ്–19 പശ്ചാത്തലത്തിൽ കർശന സുരക്ഷാ മുൻകരുതലുകളോടെയായിരിക്കും മേളയുടെ നടത്തിപ്പ്. സുരക്ഷിതമായ ഷോപ്പിംഗ് മാനദണ്ഡങ്ങൾ ഇത്തവണ മേളയിൽ നടപ്പാക്കുമെന്ന് സ്ഹെൽ 2020 വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അബ്ദുല്ലതീഫ് അൽ മിസ്നദ് പറഞ്ഞു. ഈ വർഷത്തെ മേളയുടെ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്നും വിശാലമായ പ്രദർശന ഏരിയയാണ് ഒരുക്കുന്നതെന്നും അൽ മിസ്നദ് വ്യക്തമാക്കി.

ഈ വർഷത്തെ മേളയിൽ പ്രധാനമായും രണ്ട് മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഏറ്റവും മികച്ച പവലിയൻ, ഏറ്റവും മികച്ച ഫാൽക്കൺ ഹുഡ് (ബുർഖ) എന്നിവയാണ് മത്സരങ്ങൾ. ഏറ്റവും മികച്ച പവലിയന് 20,000 റിയാലാണ് സമ്മാനമായി ലഭിക്കുക.ഏറ്റവും മികച്ച ഫാൽക്കൺ ഹുഡുകൾക്ക് യഥാക്രമം 3000, 2000, 1000 ഡോളർ വീതം ൈപ്രസ്മണിയും വിതരണം ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.