മസ്കത്ത്: അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ ഷവോമിയുടെ ‘പി.ബി2030എം.ഐ’ മോഡൽ പോർട്ടബിൾ ബാറ്ററി ചാർജറിനെതിരെ ഒമാനിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) അടിയന്തര സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്റഗ്രേറ്റഡ് കേബിളോടുകൂടിയ ഷവോമി 33വാട്ട് 20000എംഎ.എച്ച് പവർ ബാങ്ക് സംബന്ധിച്ചാണ് വിശദമായ ഗുണനിലവാര പരിശോധനകൾക്കുശേഷം മുന്നറിയിപ്പ് നൽകിയത്. 8001202002 ആണ് ഉൽപന്നത്തിന്റെ ഓപറേറ്റിങ് നമ്പർ.
ബാറ്ററി അതിയായി ചൂടാവാനുള്ള സാധ്യതയുള്ളതിനാൽ ഈ ചാർജറുകൾ ഉപയോക്താക്കൾക്ക് ഗുരുതര ആരോഗ്യ -സുരക്ഷ അപകടത്തിന് വഴിയൊരുക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. തീപിടിത്തത്തിനും സാധ്യതയുണ്ട്. ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, പ്രസ്തുത ഉൽപന്നം കൈവശമുള്ളവർ ഉടൻ ഉപയോഗം നിർത്തണമെന്ന് സി.പി.എ നിർദേശിച്ചു. ബന്ധപ്പെട്ട ഉൽപ്പന്നം റീകോളിന് വിധേയമാണോയെന്ന് ഉറപ്പാക്കാൻ നിർമാതാവിന്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടലിൽ സീരിയൽ നമ്പർ പരിശോധിക്കണമെന്നും ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
ഉപഭോക്താക്കൾക്ക് ചാർജർ തിരികെ നൽകാനും പൂർണ തുക തിരിച്ചുനൽകാനും സംവിധാനമൊരുക്കുന്നതിനായി കമ്പനിയുമായി സഹകരിച്ചിട്ടുണ്ടെന്നും സി.പി.എ അറിയിച്ചു. കൂടാതെ, മാനദണ്ഡങ്ങൾ പാലിക്കാത്ത ഇത്തരം ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് പൂർണമായും നീക്കുന്നതിന് സുൽത്താനേറ്റിലുടനീളം പരിശോധനകൾ തുടരുകയാണെന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.