ആഗോളതലത്തിൽ 55ാം സ്ഥാനം
മനാമ: ആഗോളതലത്തിൽ രാജ്യങ്ങളുടെ സന്തോഷവും ക്ഷേമവും അളക്കുന്ന 'ലോക സന്തോഷ സൂചിക'യിൽ ബഹ്‌റൈന് മികച്ച മുന്നേറ്റം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബഹ്‌റൈൻ ലോകത്ത് 55ാം സ്ഥാനത്തെത്തി. ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ നാലാം സ്ഥാനത്താണ്.
മാർച്ച് 20ലെ അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ച് ഗാലപ്, ഓക്സ്ഫോർഡ് വെൽബീയിംഗ് റിസർച്ച് സെന്റർ, യു.എൻ എസ്ഡി.എസ്.എൻ എന്നിവ സംയുക്തമായാണ് റിപ്പോർട്ട് പുറത്തുവിട്ടത്. രാജ്യത്ത് പ്രയാസഘട്ടങ്ങളിൽ സഹായിക്കാൻ ഏതെങ്കിലും ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടാവുമെന്നാണ് സർവേയിൽ പങ്കെടുത്ത 84.4 ശതമാനം പേരും അഭിപ്രായപ്പെട്ടത്. കൂടാതെ സ്വന്തം ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യത്തിൽ 94.1 ശതമാനം പേരും സംതൃപ്തി രേഖപ്പെടുത്തി. 56.6 ശതമാനം പേരും തങ്ങൾ ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളികളാകാറുണ്ടെന്നും വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ (21) ഒന്നാമതും സൗദി അറേബ്യ (22) രണ്ടാമതുമാണ്. കുവൈത്ത് (40), ബഹ്‌റൈൻ (55), ഒമാൻ (58) എന്നിങ്ങനെയാണ് മറ്റ് സ്ഥാനങ്ങൾ. ഖത്തറിനെ ഈ വർഷത്തെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
തുടർച്ചയായ ഒൻപതാം വർഷവും ഫിൻലാൻഡ് ആണ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം. ഐസ്‌ലാൻഡ്, ഡെൻമാർക്ക് എന്നിവയാണ് തൊട്ടുപിന്നിൽ. എന്നാൽ അഫ്ഗാനിസ്ഥാൻ പട്ടികയിൽ ഏറ്റവും പിന്നിലാണ്. അമേരിക്ക (23), ബ്രിട്ടൻ (29) തുടങ്ങിയ വികസിത രാജ്യങ്ങളുടെ റാങ്കിംഗിൽ ഇടിവുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ സോഷ്യൽ മീഡിയ ഉപയോഗം വർധിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ദിവസം അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരിൽ മാനസിക സമ്മർദ്ദവും വിഷാദരോഗ ലക്ഷണങ്ങളും കൂടുതലായി കാണപ്പെടുന്നുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് വാർത്തകൾക്കായി സോഷ്യൽ മീഡിയയെ മാത്രം ആശ്രയിക്കുന്നവരിലും ഇൻഫ്ലുവൻസർമാരെ പിന്തുടരുന്നവരിലും നെഗറ്റീവ് ചിന്താഗതികൾ കൂടുന്നതായി റിപ്പോർട്ട് നിരീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.