മനാമ: ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനയിലെ 41 അംഗങ്ങളെ ബഹ്‌റൈൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇറാനിലെ 'വിലായത്ത് അൽ ഫഖീഹ്' പ്രത്യയശാസ്ത്രം പിന്തുടരുന്നതും റെവല്യൂഷണറി ഗാർഡിന്റെ (ഐ.ആർ.ജി.സി) നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതുമായ രഹസ്യ സംഘടന അംഗങ്ങളെ യാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. വിപുലമായ അന്വേഷണങ്ങൾക്കും കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങൾക്കും ശേഷമാണ് ഈ നിർണ്ണായക നീക്കം നടന്നതെന്ന് മന്ത്രാലയം അറിയിച്ചു.
വിദേശ ശക്തികളുമായുള്ള ആശയവിനിമയം, ചാരവൃത്തി, രാജ്യത്തിനെതിരെയുള്ള ഇറാനിയൻ കടന്നുകയറ്റങ്ങളെ പിന്തുണയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയാണ് പിടികൂടിയത്. പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ നടത്തിയ അന്വേഷണങ്ങളിൽ ലഭിച്ച നിർണ്ണായക തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പിടിയിലായവർക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ മറ്റ് കണ്ണികളെയും സഹായികളെയും കണ്ടെത്തുന്നതിനായി സുരക്ഷാ വിഭാഗം തിരച്ചിലും അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്. മേഖലയിലെ സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മന്ത്രാലയം അതീവ ജാഗ്രത തുടരുകയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.