മസ്കത്ത്: ഒമാനിൽ പലദിവസങ്ങളിലായി ഒരാഴ്ചയോളം വിവിധ ഗവർണറേറ്റുകളിൽ മഴയും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) മുന്നറിയിപ്പ് നൽകി. അതോറിറ്റിയുടെ കീഴിലെ നാഷനൽ മൾട്ടി-ഹസാർഡ് എർലി വാർണിങ് സെന്ററാണ് കാലാവസ്ഥ മുന്നറിയിപ്പ് പുറത്തിറക്കിയത്.ശനിയാഴ്ച മുതൽ ഡിസംബർ 20 വരെ ഇടവേളകളോടെ ശക്തമായ മഴയും വാദികളിലും താഴ്വരകളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ശക്തമായ വടക്കൻ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച വൈകീട്ട് 3.15ന് പുറത്തിറക്കിയ ആദ്യ കാലാവസ്ഥ അറിയിപ്പു പ്രകാരം, ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തീവ്രതയിൽ മഴ ലഭിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.ശനിയാഴ്ച വൈകീട്ടു മുതൽ മുസന്ദം ഗവർണറേറ്റിൽ മേഘസാന്ദ്രതയും ഇടവിട്ട മഴയും അനുഭവപ്പെടുമെന്നാണ് പ്രവചനം. ചില അവസരങ്ങളിൽ മഴ ശക്തമായേക്കാം. അഞ്ചു മുതൽ 10 മില്ലീമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. മണിക്കൂറിൽ 10 മുതൽ 25 നോട്ട്സ് വരെ വേഗതയുള്ള വടക്കുപടിഞ്ഞാറൻ കാറ്റും വീശുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഞായർ, തിങ്കൾ ദിവസങ്ങളിൽ മുസന്ദത്തിൽ മേഘസാന്ദ്രത തുടരുകയും ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുകയും ചെയ്യും. ഈ ദിവസങ്ങളിൽ 10 മുതൽ 25 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. ബുറൈമി, വടക്കൻ ബാതിന, തെക്കൻ ബാതിന ഗവർണറേറ്റുകളിലേക്കും മേഘങ്ങൾ വ്യാപിക്കും. അഞ്ചു മുതൽ 15 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കും. ഈ ദിവസങ്ങളിൽ വാദികളിലും താഴ്വരകളിലും പെട്ടെന്ന് വെള്ളം ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും മണിക്കൂറിൽ 10 മുതൽ 30 നോട്ട്സ് വരെ വേഗതയുള്ള സജീവമായ വടക്കൻ-വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മുസന്ദം, ബുറൈമി, വടക്കൻ ബാതിന, തെക്കൻ ബാതിന ഗവർണറേറ്റുകളിൽ വീണ്ടും മേഘസാന്ദ്രതയും ഇടവിട്ട മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. ചില ഘട്ടങ്ങളിൽ മഴ ശക്തമായേക്കാം. ഈ സമയങ്ങളിൽ വാദികളിലും താഴ്വരകളിലും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് അറിയിച്ചു.വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ രാജ്യത്തിന്റെ വടക്കുമേഖലയിലെ ഗവർണറേറ്റുകളുടെ ഭൂരിഭാഗത്തും മോശം കാലാവസ്ഥ തുടരാനാണ് സാധ്യത. കാർ മേഘാവൃതമായ ആകാശം, ഇടവിട്ട മഴ, ശക്തമായ വടക്കൻ കാറ്റ് എന്നിവ ഉണ്ടാകുമെന്നും വാദികളിൽ വെള്ളം ഒഴുകാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
മഴയുള്ള സമയങ്ങളിൽ പൊതുജനങ്ങളും വാഹനമോടിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും, വാദികൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും, കാഴ്ച കുറയുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് വാഹനമോടിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു. കടലിലേക്കു പോകുന്നതിന് മുമ്പ് ഔദ്യോഗിക കാലാവസ്ഥ അറിയിപ്പുകളും കടലിലെ കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകളും പരിശോധിക്കണമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.