രാജ്യത്തെ ആരോഗ്യ പരിരക്ഷാ സംവിധാനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ
ഡബ്ല്യു.എച്ച്.ഒ-ഒമാൻ ആരോഗ്യമന്ത്രാലയം പ്രതിനിധികൾ
മസ്കത്ത്: രാജ്യത്തെ ആരോഗ്യ പരിരക്ഷാ സംവിധാനം അവലോകനം ചെയ്യുന്നതിനായി ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ ഒമാനിലെത്തി. ഡബ്ല്യൂ.എച്ച്. ഒയുടെ കിഴക്കൻ മെഡിറ്ററേനിയനിലെ റീജിയണൽ ഓഫിസിൽനിന്നും ജനീവയിലെ ആസ്ഥാനത്തു നിന്നുമുള്ള വിദഗ്ധ സംഘത്തെ ഒമാൻ ആരോഗ്യ മന്ത്രാലയം വരവേറ്റു.
മേഖലയിലെ ഏറ്റവും നൂതനമായ സുൽത്താനേറ്റിന്റെ ആരോഗ്യ സംവിധാനത്തെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ നടത്താനുള്ള ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമാണിത്.
ആരോഗ്യ ആസൂത്രണ, നിയന്ത്രണ കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് ബിൻ സലേം അൽ മന്ധാരി, ആരോഗ്യകാര്യ അണ്ടർ സെക്രട്ടറി ഡോ. സഈദ് ബിൻ ഹരേബ് അൽ ലംകി, ഒമാൻ മെഡിക്കൽ സ്പെഷാലിറ്റി ബോർഡ് ചെയർപേഴ്സൺ ഡോ. ഫാത്തിമ ബിൻത് മുഹമ്മദ് അൽ അജ്മി, ആരരോഗ്യ മന്ത്രാലയത്തിലെ ഹ്യൂമൻ റിസോഴ്സസ് ഡയറക്ടർ ജനറൽ ഡോ. നാസർ ബിൻ ഹമ്മദ് അൽ അസ്രി, മറ്റു മന്ത്രാലയ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഒമാന്റെ ദൗർബല്യങ്ങൾ തിരിച്ചറിയുക, ദൗർബല്യങ്ങൾ പരിഹരിക്കുക, ആരോഗ്യ നയങ്ങൾ വിലയിരുത്തുക, ആരോഗ്യ സംവിധാനത്തിന്റെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകൾ നിർദേശിക്കുക, ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം നൽകുക തുടങ്ങിയവയാണ് വിലയിരുത്തലിലൂടെ ലക്ഷ്യമിടുന്നത്.
ദേശീയവും പ്രാദേശികവുമായ ആവശ്യങ്ങളോട് ആരോഗ്യസംവിധാനം ഫലപ്രദമായി പ്രതികരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്, വിവിധ അധികാരികളുമായി സഹകരിച്ച് ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.