സുഹാർ: വിമാന യാത്രാനിരക്കിലെ വ്യത്യാസം മനസിലാക്കി യു.എ.ഇയിൽ നിന്നുള്ള വിമാന യാത്രികർ ഒമാൻ വിമാനത്താവളം ഉപയോഗപ്പെടുത്തി കേരളത്തിലേക്ക് മടങ്ങുന്നവരുടെ എണ്ണം വർധിക്കുന്നു. സ്കൂൾ വേനലവധി ഒമാനിൽ ജൂണിലും യു.എ.ഇയിൽ ജൂലൈയിലുമാണ് ആരംഭിക്കുന്നത്. മധ്യ വേനലവധി സമയത്ത് വിമാന യാത്ര നിരക്കിൽ സാധാരണ വലിയ കുതിച്ചു ചാട്ടം ഉണ്ടാവാറുണ്ട്. പക്ഷെ ഈ സീസണിൽ ഒമാനിൽ നിന്നുള്ളനിരക്കിൽ വലിയ വർധനവ് ഉണ്ടായിട്ടില്ല. നാട്ടിലേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞതാണ് കാരണം എന്നാണ് പറയപ്പെടുന്നത്.
പെരുന്നാൾ, സ്കൂൾ അവധി എന്നിങ്ങനെയുള്ള സീസൺ ടൈമിൽ 60 റിയാലിൽ താഴെ നിരക്കിൽ ടിക്കറ്റ് ലഭ്യമായിരുന്നു. യു.എ.ഇയിലെ ദുബൈയിൽനിന്ന് കണ്ണൂരിലേക്ക് ജൂലൈ അഞ്ചിന് ഒരാൾക്ക് മടക്ക ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ ഈടാക്കുന്നത് 1575 ദിർഹം ആണ്.
അതായത് ഏകദേശം 165 ഒമാനി റിയാൽ. എന്നാൽ, ഈ ദിവസം ഒമാനിൽനിന്ന് കണ്ണൂരിലേക്ക് 53 റിയാൽ മാത്രമാണ് ഇപ്പോൾ കാണിക്കുന്ന ടിക്കറ്റ് നിരക്ക്. വേനലവധി സീസൺ ഒമാനിൽ അവസാനിക്കുകയു യു.എ.ഇ.യിൽ ആരംഭിക്കുകയും ചെയ്യുന്നത് കൊണ്ടുള്ള വ്യത്യാസമാണിതെന്ന് സുഹാറിലെ ഇൻസ്റ്റോപ്പ് ട്രാവൽ സർവിസിലെ തലശ്ശേരി സ്വദേശി റിയാസ് പറഞ്ഞു.
അവധി ആരംഭിക്കുന്നത് മുന്നിൽ കണ്ട് നിരവധി പേരാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഒമാൻ വിമാനത്താവളം വഴി യാത്ര ചെയ്യാൻ യു.എ.ഇയിൽനിന്ന് ഒമാനിലേക്ക് മുവസലാത്ത് ബസ് ടിക്കറ്റും ബുക്ക് ചെയ്തു നൽകുന്നുണ്ടെന്നും റിയാസ് പറയുന്നു. അജ്മാൻ, ഷാർജ, അബൂദാബി, അൽ ഐൻ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന മുവാസലാത്ത് ബസ് നേരെ മസ്കത്ത് എയർപോർട്ടിൽ തന്നെയാണ് യാത്രക്കാരെ കൊണ്ട് വിടുന്നത്.
100 ദിർഹംസ് അഥവ 10 റിയാൽ മാത്രമാണ് ബസ് ടിക്കറ്റ് ചാർജ്. എമിറേറ്റ്സ് ഐഡി ഉള്ള വർക്ക് ഒമാനിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മുമ്പ് അഞ്ച് റിയാൽ ഈടാക്കിയിരുന്നെങ്കിലും ഇപ്പോൾ സൗജന്യ പ്രവേശനമാണ് ഒമാനിലേക്ക്. യു.എ.ഇ ചെക്ക് പോസ്റ്റിൽ 35 ദിർഹംസ് എക്സിറ്റ് ഫീ നൽകണം. സ്വകാര്യ ബസും യു.എ.ഇ-ഒമാൻ സർവിസ് നടത്തുന്നുണ്ട്. വിമാന മാർഗവും ദുബൈയിൽനിന്ന് ആളുകൾ ഒമാൻ വിമാനത്താവളത്തിൽ എത്തുന്നുണ്ട്. 22 റിയാലിൽ താഴെ ടികെറ്റ് ചാർജ് മാത്രമേ ഇപ്പോൾ ഈടാക്കുന്നുള്ളു. ഇത്തിഹാദ് എയർ ലൈൻസ് അബൂദബിയിൽനിന്ന് ചുരുങ്ങിയ ടിക്കറ്റിൽഒമാനിലേക് സർവിസ് നടത്തുന്നുണ്ട്. യു.എ.ഇ യിൽനിന്ന് ജലൈ ആദ്യവാരം കേരളത്തിലേക്ക് അഞ്ചു പേര് അടങ്ങുന്ന കുടുംബത്തിന് യാത്രചെയ്യാൻ 8000 ദിർഹംസിന് അടുത്ത് വേണം ടിക്കറ്റ് ചാർജായിട്ട്, അഥവാ 838 ഒമാനി റിയാൽ.
എന്നാൽ, ഒമാനിൽനിന്ന് ജൂലൈ അഞ്ചിന് കണ്ണൂരിലേക്ക് മസ്കത്ത് വഴിയാണെങ്കിൽ അഞ്ചു പേർക്ക് 265 റിയാൽ മതിയാവും, അതവാ ഏകദേശം 1575 ദിർഹംസ്. ഈ വ്യത്യാസമാണ് യു.എ.ഇയിൽനിന്ന് കേരളത്തലേക്കുള്ള യാത്രക്കാരെ ഒമാൻ വഴി യാത്രചെയ്യാൻ പ്രേരിപ്പിക്കുന്നത്.
ഫുജൈറ, റാസൽ ഖൈമ എന്നിവിടങ്ങളിൽനിന്ന് പുറപ്പെടുന്ന വിമാന ടിക്കറ്റ് നിരക്കിലും 168 റിയാലും 172 റിയാലും ആണ് കാണിക്കുന്നത് ഇവിടങ്ങളിൽനിന്ന് ദിനേന വിമാനം പറക്കുന്നുമില്ല. മുകളിൽ പറഞ്ഞ ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ പോലുള്ള ബഡ്ജറ്റ് എയർ ലൈൻസിന്റെതാണ്. മറ്റു വിമാനങ്ങൾക്ക് ഇതിന്റെ രണ്ട് ഇരട്ടിയിലും കൂടുതലാണ് കാണിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.