അൽ ഹംറയിലെ ഈസ്റ്റേൺ മൗണ്ടൻ
മസ്കത്ത്: ഒമാനിലെ അൽ ഹംറയിലുള്ള ഈസ്റ്റേൺ മൗണ്ടനിലേക്ക് ഈ വേനൽക്കാലത്ത് സന്ദർശകരുടെ വൻ ഒഴുക്ക്. തണുപ്പുള്ള കാലാവസ്ഥ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, വൈവിധ്യമാർന്ന പരിപാടികൾ, ടൂറിസം വികസന പദ്ധതികൾ എന്നിവയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ദാഖിലിയ ഗവർണറേറ്റിലെ ഈ പ്രദേശത്തേക്ക് സ്വദേശികളും വിദേശികളുമായി നിരവധി സഞ്ചാരികളാണ് എത്തുന്നത്.
വർധിച്ചുവരുന്ന ടൂറിസം സാധ്യതകൾ മുൻനിർത്തി അടിസ്ഥാന സൗകര്യ വികസനത്തിനായി അധികൃതർ നിക്ഷേപം തുടരുകയാണ്. വർധിച്ചുവരുന്ന ടൂറിസം ആവശ്യങ്ങളും സാമ്പത്തിക വൈവിധ്യവൽകരണ ലക്ഷ്യങ്ങളും കണക്കിലെടുത്ത്, വിനോദസഞ്ചാര കേന്ദ്രങ്ങൾ നവീകരിക്കുന്നതിനും പ്രകൃതിദത്തമായ ഇടങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഗവർണറേറ്റ് നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് ദാഖിലിയ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ സുലൈമാൻ ബിൻ ഹമദ് അൽ സുനൈദി പറഞ്ഞു. സവിശേഷമായ പ്രകൃതിയും തനതായ കാലാവസ്ഥയും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായുള്ള സാമീപ്യവും കാരണം ഈസ്റ്റേൺ മൗണ്ടൻ വികസനത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു.
ആഗസ്റ്റ് 30 വരെ നീണ്ടുനിൽക്കുന്ന വേനൽക്കാല പരിപാടികളിൽ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ സാംസ്കാരിക, വിനോദങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ പരിപാടികൾ വാണിജ്യ പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും, ഉൽപാദക കുടുംബങ്ങൾക്ക് സഹായകരമാവുമെന്നും, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. കുട്ടികൾക്കുള്ള വിനോദങ്ങൾ, കുടുംബങ്ങൾക്കുള്ള ഇരിപ്പിടങ്ങൾ, പ്രാദേശിക ഉൽപന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും സ്റ്റാളുകൾ, ക്യാമ്പിംഗ് സൗകര്യങ്ങൾ, മൗണ്ടൻ ഹൈക്കിംഗ് ട്രയലുകൾ എന്നിവ ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഈസ്റ്റേൺ മൗണ്ടൻ ഒയാസിസ് പ്രോജക്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 60 ശതമാനത്തിലധികം പൂർത്തിയായതായി അൽ സുനൈദി അറിയിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ വിനോദസഞ്ചാരത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്ന പുതിയ വിനോദ, സാംസ്കാരിക, നിക്ഷേപ സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും.
നിലവിൽ ഓപൺ തിയേറ്റർ, പൊതുജനങ്ങൾക്കായുള്ള തണൽ ഇടങ്ങൾ, ലാൻഡ്‌സ്‌കേപ്പിംഗ് തുടങ്ങിയ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. പർവതപ്രദേശത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ എഞ്ചിനീയറിംഗ് മാനദണ്ഡങ്ങൾ പാലിച്ചും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയുമാണ് പദ്ധതി നടപ്പാക്കുന്നത്. ഒമാനി കമ്പനികൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും കരാറുകൾ നൽകുന്നത് വഴി പ്രാദേശിക സമ്പദ്‌വ്യവസ്ഥക്കും ഈ പദ്ധതി വലിയ ഗുണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.