മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ വാദികബീർ വെടിവെപ്പിന് പിന്നിൽ മൂന്ന് ഒമാനി സഹോദരങ്ങളാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മൂവരും സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. തെറ്റായ ആശയങ്ങളായിരുന്നു ഇവരെ സ്വാധീനിച്ചിരുന്നതെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ മാതൃരാജ്യത്തിന്‍റെ സുരക്ഷക്ക് വേണ്ടിയുള്ള നിരന്തര താൽപര്യത്തിനും ജാഗ്രതക്കും സമർപ്പണത്തിനും എല്ലാവരോടും നന്ദി പറയുകയാണ്. റോയൽ ഒമാൻ പൊലീസും സൈന്യവും സുരക്ഷാ സേനയും ചേർന്നാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കൂടുതൽ കാര്യങ്ങൾ അറിയാനായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രി പത്തോടെയാണ് അലി ബിന്‍ അബി താലിബ് മസ്ജിദ് പരിസരത്ത് വെടിവെപ്പ് നടക്കുന്നത്. സംഭവത്തിൽ ഇന്ത്യക്കാരനുൾപ്പെടെ ഒമ്പതുപേരാണ് മരിച്ചത്. വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് അക്രമികളും അഞ്ച് സാധാരണക്കാരുമാണ് മരണപ്പെട്ടത്. മരിച്ചവരിൽ നാലുപേർ പാകിസ്താനികളാണ്. പരിക്കേറ്റവരിൽ പൊലീസ് ഓഫിസർമാർ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ജീവനക്കാർ എന്നിവരും ഉൾപ്പെടുന്നു. ഇവർ മസ്കത്തിലെയും പരിസരങ്ങളിലെയും ആശുപ്രതികളിൽ സുഖം പ്രാപിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.