മസ്കത്ത്: വീണ്ടും കുതിച്ചുയർന്ന് ഒമാൻ റിയാലിന്റെ വിനിമയ നിരക്ക്. ഒരു റിയാലിന് 229.10 രൂപ എന്ന നിരക്കാണ് ഒമാനിലെ പണമിടപാട് സ്ഥാപനങ്ങൾ കഴിഞ്ഞദിവസം നൽകിയത്. കറൻസികളുടെ നിരക്കുകൾ കാണിക്കുന്ന അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കറൻസി കൺവെർട്ടർ ഒരു റിയാലിന്റെ വിനിമയ നിരക്ക് 230 രൂപയിലധികമാണ് കാണിച്ചത്. വിനിമയ നിരക്ക് പുതിയ ഉയരത്തിൽ എത്തിയത് മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷം പകരുന്നതാണ്. അതേസമയം, പണമിടപാട് സ്ഥാപനങ്ങളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. വിനിമയനിരക്ക് 227ന് മുകളിൽ എത്തിയ സമയത്തുതന്നെ ഭൂരിഭാഗംപേരും നാട്ടിലേക്ക് കാശ് അയച്ചിരുന്നു.
അതേസമയം, വിനിമയനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തികരംഗത്തുള്ളവർ പറയുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ ഉയർന്ന നിരക്കിനായി കാത്തിരിക്കുന്നവരുമുണ്ട്. എതാനും ദിവസങ്ങളായി റിയാൽ രൂപക്കെതിരെ കുതിപ്പുനടത്തിയിരുന്നെങ്കിലും അടുത്തിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്.ഇന്ത്യൻ കയറ്റുമതിയിൽ യു.എസ് ഉയർന്ന താരിഫ് നിരക്ക് ഏർപ്പെടുത്തിയതിനുപിറകെ ഇന്ത്യൻ രൂപ ദുർബലാവസ്ഥയിൽ തുടരുകയായിരുന്നു. ഇതിനുപിറകെ ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര ചർച്ചകൾ സംബന്ധിച്ച സൂചനയും വിപണിയെ ബാധിച്ചു.വ്യാഴാഴ്ച യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസയോളം ഇടിഞ്ഞു. രൂപയുടെ അടുത്തിടെയുള്ള ഏറ്റവും വലിയ ഇടിവാണിത്. ഇതിനുപിറകെ രൂപയുമായുള്ള വിനിമയ നിരക്കിൽ ജി.സി.സി രാജ്യങ്ങളിലെ കറൻസികൾ ഉയർച്ച കൈവരിച്ചു.
കുവൈത്ത്, യു.എ.ഇ, സൗദി, ഖത്തർ, ബഹ്റൈൻ കറൻസികൾ ഉയർന്ന വിനിമയ നിരക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. അമേരിക്ക നടപ്പാക്കിയ അധിക തീരുവ, ഖത്തർ ആക്രമണം തുടങ്ങി ഒട്ടനവധി കാരണങ്ങൾ ഇന്ത്യൻ രൂപയുടെ ഇടിവിനുപിന്നിലുണ്ടെന്ന് സാമ്പത്തിക വിദഗ്ധൻ ആർ. മധുസൂദനൻ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ കൂടിയ ഇറക്കുമതി തീരുവ ഇന്ത്യൻ ഉൽപന്നങ്ങളെ പ്രത്യേകിച്ച് മത്സ്യം, തുണിത്തരങ്ങൾ, കാർഷിക ഉൽപന്നങ്ങൾ തുകൽ എന്നീ മേഖലകളെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യവും ക്രൂഡിന്റെ വിലക്കയറ്റവും ഇന്ത്യയുടെ വ്യാപാര കമ്മി കൂട്ടും.രൂപയുടെ ഈ അനിശ്ചിതാവസ്ഥ കുറച്ചുനാൾ കൂടി തുടരാനാണ് സാധ്യത. പ്രത്യേകിച്ച്, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിൽ. ഇന്ത്യയും അമേരിക്കയും ചർച്ചകൾ പുനരാരംഭിക്കുമെന്ന വാർത്ത ആശ്വാസം നൽകുന്നതാണ്. രൂപയുടെ മൂല്യത്തിലുള്ള ഈ ഇടിവിൽ ആശങ്കപ്പെടേണ്ടെന്ന് ആർ. മധുസൂദനൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.