കുവൈത്തിൽനിന്ന് മസ്കത്തിൽ തിരിച്ചെത്തിയ സുൽത്താന് റോയൽ എയർപോർട്ടിൽ നൽകിയ സ്വീകരണം
മസ്കത്ത്: ബന്ധങ്ങൾ വിപുലപ്പെടുത്തിയും സഹകരണങ്ങൾ ശക്തിപ്പെടുത്തിയും രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ബിൻ താരിഖ് മസ്കത്തിൽ തിരിച്ചെത്തി.
സുൽത്താനും പ്രതിനിധി സംഘത്തിനും കുവൈത്ത് വിമാനത്താവളത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് യാത്രയയപ്പു നൽകി.
പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ അബ്ദുല്ല അസ്സബാഹ്, പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ്, കാബിനറ്റ് കാര്യ സഹമന്ത്രി ഷെരീദ അൽ മുഅഷർജി, ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ.ഇമാദ് അൽ അത്തിഖിയും മറ്റ് നിരവധി ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തി.
ഒമാൻ സുൽത്താന്റെ സന്ദർശനത്തോടനുബന്ധിച്ച് വ്യാവസായിക, നിക്ഷേപ, സാമ്പത്തിക, നയതന്ത്ര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നാല് ധാരണാപത്രങ്ങൾ കുവൈത്തും ഒമാനും കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു. കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും ഒമാൻ സുൽത്താൻ സുൽത്താനുമായി ഔദ്യോഗിക ചർച്ചയും നടത്തി.
കുവൈത്തും ഒമാനും തമ്മിലുള്ള ചരിത്രപരമായ അടുപ്പവും വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധവും ഇരുവരും വിലയിരുത്തി.
ജി.സി.സി രാജ്യങ്ങളുടെ പുരോഗതിയെ പിന്തുണക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിനുള്ള വഴികൾ, പൊതുവായ താൽപര്യമുള്ള മറ്റു പ്രധാന വിഷയങ്ങൾ, പ്രാദേശികമായും ആഗോളതലത്തിലും നടക്കുന്ന പുതിയ സംഭവങ്ങൾ എന്നിവയും വിലയിരുത്തി. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ അബ്ദുല്ല അസ്സബാഹും ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കാളികളായിരുന്നു. ഒമാൻ സുൽത്താനും പ്രതിനിധി സംഘത്തിനും അമീർ തിങ്കളാഴ്ച രാത്രി അത്താഴ വിരുന്നും സംഘടിപ്പിച്ചു.
ചൊവ്വാഴ്ച ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും സംഘവും കുവൈത്തിന്റെ ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട വസ്തുക്കളും രേഖകളും ഉൾകൊള്ളുന്ന അൽ സലാം പാലസ് മ്യൂസിയം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.