സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി

വിവിധ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി സയ്യിദ് ബദർ

മസ്കത്ത്: മൗറിത്താനിയ,ഈജിപ്ത്, സൗദി വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി. മൗറിത്താനിയൻ വിദേശകാര്യ, ആഫ്രിക്കൻ സഹകരണ മന്ത്രി മുഹമ്മദ് സലേം ഔൽദ് മർസൂഖുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ഒമാൻ സ്വീകരിക്കുന്ന നയങ്ങളെയും ഭരണാധികാരികളുടെ ജ്ഞാനപൂർവ്വമായ നേതൃത്വത്തെയും മൗറിത്താനിയൻ വിദേശകാര്യ മന്ത്രി പ്രശംസിച്ചു. ലോകരാജ്യങ്ങൾക്കിടയിൽ സമാധാനവും സൗഹാർദവും വളർത്തുന്നതിൽ ഒമാൻ നൽകുന്ന സംഭാവനകളെയും അദ്ദേഹം എടുത്തുപറഞ്ഞു. ഒമാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കാനും രാജ്യം ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മൗറിത്താനിയൻ നേതൃത്വത്തോടും ജനങ്ങളോടുമുള്ള ഒമാന്റെ ആദരവ് സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി പങ്കുവെച്ചു.

ഈജിപ്ത് വിദേശകാര്യ, കുടിയേറ്റ മന്ത്രി ബദ്ർ അബ്ദുൽ ആത്തിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ മേഖലയിലെ പുതിയ സംഭവവികാസങ്ങളും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായുള്ള നയതന്ത്ര നീക്കങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനും രാഷ്ട്രീയ ധാരണകളിൽ എത്തുന്നതിനും അനുകൂലമായ അന്തരീക്ഷം ഒരുക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രിമാർ ഊന്നിപ്പറഞ്ഞു. ഹുർമൂസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള തടസ്സമില്ലാത്ത വ്യാപാര-ഊർജ ഗതാഗതം ഉറപ്പാക്കലും സമുദ്രപാതകളുടെ സുരക്ഷയും ചർച്ചയിൽ പ്രധാനവിഷയങ്ങളായി. സമാധാനപരമായ രാഷ്ട്രീയ പരിഹാരങ്ങളെ പിന്തുണക്കാനും മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനവും കൂടിയാലോചനകളും തുടരാനും ധാരണയായി.

സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ മേഖലയിലെ പുതിയ സംഭവവികാസങ്ങളും പ്രത്യേകിച്ച് ഹുർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുമന്ത്രിമാരും ചർച്ച ചെയ്തു.

മേഖലയിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കാൻ കൈക്കൊണ്ടിട്ടുള്ള നയതന്ത്ര ധാരണകൾ വിജയകരമായി നടപ്പാക്കുന്നതിന് ഇരുരാജ്യങ്ങളുടെയും പൂർണ പിന്തുണ മന്ത്രിമാർ ആവർത്തിച്ചു വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായും രാജ്യങ്ങളുടെ പരമാധികാരത്തെ മാനിച്ചുകൊണ്ടും മാത്രമേ ഇത്തരം നീക്കങ്ങൾ മുന്നോട്ട് കൊണ്ടുപോകാവൂ എന്നും ചർച്ചയിൽ ഊന്നിപ്പറഞ്ഞു.

Tags:    
News Summary - Syed Badr held discussions with various foreign ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.