സൗദി വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ഒമാൻ; ആത്മസംയമനം പാലിക്കാൻ ആഹ്വാനം

മസ്കത്ത്: സൗദി അറേബ്യയിലെ അബഹ, കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളെ ഒമാൻ ശക്തമായി അപലപിച്ചു. ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ വിഭാഗങ്ങളും ആത്മസംയമനം പാലിക്കണമെന്ന് ഒമാൻ ആവശ്യപ്പെട്ടു. മരണങ്ങൾക്കും പരിക്കുകൾക്കും പുറമെ വലിയ തോതിലുള്ള വസ്തുവകകളുടെ നാശനഷ്ടത്തിനും കാരണമായ ഈ ആക്രമണങ്ങളെ ഒമാൻ ഔദ്യോഗികമായി തള്ളിക്കളയുന്നതായി ഒമാൻ വാർത്താ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. സിവിലിയൻ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നതും സൗദി അറേബ്യയുടെ സുരക്ഷക്കും ജനങ്ങളുടെ ജീവനും ഭീഷണിയുയർത്തുന്നതുമായ ഇത്തരം നടപടികൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് ഒമാൻ വ്യക്തമാക്കി.

പ്രാദേശിക സുരക്ഷയും സ്ഥിരതയും നിലനിർത്തേണ്ടത് അനിവാര്യമാണ്. യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്ന തരത്തിലുള്ള നടപടികളിൽ നിന്ന് പിന്തിരിയണമെന്നും ഒമാൻ ഓർമിപ്പിച്ചു. ആക്രമണത്തിൽ സൗദി അറേബ്യക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച സുൽത്താനേറ്റ്, മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്തു.

Tags:    
News Summary - Oman condemns attacks on Saudi airports; calls for restraint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.