പുതിയ വ്യോമഗതാഗത സംവിധാനങ്ങളുടെ പരീക്ഷണം; നിയന്ത്രണ ചട്ടങ്ങൾ രൂപപ്പെടുത്തും

മസ്കത്ത്: ഭാവിയിലെ വ്യോമഗതാഗത സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനും അവക്കാവശ്യമായ നിയന്ത്രണ ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിനുമായി ഒമാനിൽ പ്രത്യേക പദ്ധതി ആരംഭിക്കുന്നു. ഡ്രോൺ വഴി സാധനങ്ങൾ എത്തിക്കുന്നതും എയർ ടാക്സി സർവീസുകളും ഉൾപ്പെടെയുള്ള പുതിയ വ്യോമഗതാഗത സംവിധാനങ്ങളാണ് പദ്ധതിയുടെ ഭാഗമായി പരീക്ഷിക്കുക.

ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയവും സിവിൽ ഏവിയേഷൻ അതോറിറ്റിയും സംയുക്തമായാണ് രാജ്യത്തെ ആദ്യ അന്താരാഷ്ട്ര അഡ്വാൻസ്ഡ് എയർ മൊബിലിറ്റി സാൻഡ്‌ബോക്സ് സംഘടിപ്പിക്കുന്നത്. ഡിസംബർ ആറു മുതൽ 10 വരെയാണ് പരീക്ഷണങ്ങൾ നടത്തുക.

ആരോഗ്യം, സുരക്ഷ, കൃഷി, സാധനങ്ങൾ എത്തിക്കൽ, എയർ ടാക്സി തുടങ്ങിയ വിവിധ മേഖലകളിൽ പുതിയ വ്യോമസാങ്കേതികവിദ്യകളുടെ ഉപയോഗസാധ്യത പരിശോധിക്കും. പ്രാദേശിക, അന്താരാഷ്ട്ര കമ്പനികൾ, വിമാന-ഡ്രോൺ നിർമാതാക്കൾ, സാങ്കേതിക സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവക്ക് പരീക്ഷണങ്ങളിൽ പങ്കെടുക്കാം.

പുതിയ വ്യോമഗതാഗത സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ, അനുമതി നടപടികൾ, പ്രവർത്തന മാനദണ്ഡങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിനാവശ്യമായ വിവരങ്ങൾ പരീക്ഷണങ്ങളിലൂടെ ശേഖരിക്കും. പരീക്ഷണഫലങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ ഏജൻസികളുമായും വിവിധ സേവനദാതാക്കളുമായും ചർച്ച നടത്തി ഭാവിയിലെ നിയന്ത്രണ ചട്ടങ്ങൾ തയാറാക്കും.

വിവിധ മേഖലകളിൽ പരീക്ഷണം

ഡ്രോൺ ഉപയോഗിച്ച് സാധനങ്ങൾ എത്തിക്കുക, അടിയന്തര സേവനങ്ങൾ, കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയിൽ പുതിയ സംവിധാനങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പരിശോധിക്കും. ആദ്യഘട്ടത്തിൽ സാധനങ്ങൾ എത്തിക്കുന്ന ഡ്രോൺ സേവനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. തുടർന്നുള്ള ഘട്ടങ്ങളിൽ ആളുകളെ കൊണ്ടുപോകുന്ന എയർ ടാക്സി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കും. ഇതിനായി പ്രത്യേക വ്യോമപാതകളും വിമാനങ്ങൾക്കും ഡ്രോണുകൾക്കും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന കേന്ദ്രങ്ങളും ഒരുക്കേണ്ടതുണ്ട്.

മസ്കത്ത് പ്രധാന കേന്ദ്രം

മസ്കത്ത്, സുഹാർ, സലാല തുടങ്ങിയ വിവിധ മേഖലകളിൽ പുതിയ വ്യോമഗതാഗത സംവിധാനങ്ങൾക്കായുള്ള പ്രത്യേക കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതും പദ്ധതിയിലുണ്ട്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ എയർ ടാക്സി സർവിസുകളുടെ പ്രധാന കേന്ദ്രമാക്കുകയാണ് ലക്ഷ്യം.

വിമാനത്താവളത്തിൽനിന്ന് സുൽത്താൻ ഹൈതം നഗരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ആകാശമാർഗം യാത്ര സാധ്യമാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. വിമാനത്താവളത്തിലെ നിലവിലുള്ള റോഡുകൾ, പാർക്കിങ് സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, അഗ്നിരക്ഷാ സംവിധാനങ്ങൾ, വൈദ്യുതി ചാർജിങ് സൗകര്യങ്ങൾ എന്നിവ പുതിയ വ്യോമഗതാഗത സംവിധാനങ്ങൾക്ക് പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

പുതിയ സാങ്കേതികവിദ്യകൾ സുരക്ഷിതമായി രാജ്യത്ത് നടപ്പാക്കുന്നതിനൊപ്പം ഭാവിയിലെ വ്യോമഗതാഗത മേഖലക്ക് ആവശ്യമായ ചട്ടങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Tags:    
News Summary - Regulations to be framed for new air transport trials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.